ഇന്ത്യയെ ലോകകപ്പിന് സജ്ജമാക്കേണ്ട ചുമതലയാര്‍ക്ക്? പാര്‍ലമെന്‍റില്‍ കേരള എംപിയുടെ ചോദ്യം, മന്ത്രിയുടെ മറുപടി

ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമായിട്ടും ഇന്ത്യക്ക് എന്തുകൊണ്ട് ലോകകപ്പിൽ യോഗ്യത നേടാൻ സാധിക്കാത്തത് എന്ന് എല്ലാ ഇന്ത്യൻ കാല്‍പ്പന്തു കളി പ്രേമികളുടെയും ചോദ്യമാണ്.

Who is responsible for preparing India for the World Cup Kerala MP question in Parliament Minister reply

ദില്ലി: ഇന്ത്യൻ ഫുട്ബോൾ ടീമിനെ ലോകകപ്പിൽ പങ്കെടുപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഖത്തറിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ കണ്ട ഏതൊരാൾക്കും ഇന്ത്യൻ ടീം ലോകകപ്പിൽ എന്ന് കളിക്കുമെന്ന് തോന്നലുണ്ടായിക്കാണും. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമായിട്ടും ഇന്ത്യക്ക് എന്തുകൊണ്ട് ലോകകപ്പിൽ യോഗ്യത നേടാൻ സാധിക്കാത്തത് എന്ന് എല്ലാ ഇന്ത്യൻ കാല്‍പ്പന്തു കളി പ്രേമികളുടെയും ചോദ്യമാണ്.

ആരാണ് ഇതിന് മുൻകൈയെടുക്കേണ്ടത് എന്ന ചോദ്യം ഇത് സംബന്ധിച്ച ചർച്ചകളിലൊക്കെ ഉയരാറുണ്ട്. ഏറ്റവും ഒടുവിലായി കേന്ദ്ര സർക്കാർ അക്കാര്യത്തിലൊരു വ്യക്തത വരുത്തിയിരിക്കുകയാണ്. ഫിഫ ലോകകപ്പിന് ഇന്ത്യൻ ടീമിനെ പ്രാപ്തരാക്കേണ്ട പൂർണ ഉത്തരവാദിത്വം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണെന്നാണ് വി കെ ശ്രീകണ്ഠൻ എംപിയുടെ ചോദ്യത്തിന് കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ നൽകിയിരിക്കുന്ന മറുപടി. നാഷണൽ ഫുട്ബോൾ ഫെഡറേഷൻ സ്കീം മുഖേന ഫുട്ബോൾ ഫെഡറേഷന് എല്ലാ പിന്തുണയും സാമ്പത്തിക സഹായങ്ങളും മന്ത്രാലയം നൽകിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നൽകിവരുന്ന സാമ്പത്തിക സഹായം 30 കോടിയിൽ നിന്ന് അഞ്ചു കോടിയാക്കി വെട്ടിക്കുറച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കാമോ എന്ന എംപിയുടെ ചോദ്യത്തിന് മന്ത്രി ഉത്തരം നൽകിയില്ല. മുൻ ഫുട്ബോൾ താരമായ കല്യാൺ ചൗബേയാണ് നിലവിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്രസിഡന്‍റ്. ഇതിനിടെ 2027 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് വേദിയാവാനില്ലെന്ന് ഇന്ത്യ അറിയിച്ചതിന്‍റെ നിരാശയും ആരാധകര്‍ക്കുണ്ട്. 2017 അണ്ടര്‍ 17 ലോകകപ്പിന് ഉള്‍പ്പെടെ വേദിയായിട്ടുള്ള ഇന്ത്യക്കൊപ്പം സൗദി അറേബ്യയാണ് ഏഷ്യന്‍ കപ്പിന് വേദിയൊരുക്കാന്‍ രംഗത്ത് ഉണ്ടായിരുന്നത്. ഇന്ത്യ ഒരിക്കല്‍ പോലും ഏഷ്യന്‍ കപ്പിന് വേദിയായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ബിഗ് - ടിക്കറ്റ് ഇവന്‍റുകള്‍ക്ക് വേദിയൊരുക്കുന്നതിന് ഈ ഘട്ടത്തിൽ മുന്‍ഗണന നല്‍കുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ ഫെഡറേഷന്‍ നിലപാട് വ്യക്തമാക്കിയത്.  

പകരം, രാജ്യത്തെ ഫുട്ബോള്‍ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ഗ്രാസ് റൂട്ട് ലെവലിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നുള്ളതുമാണ് ലക്ഷ്യം. ഏഷ്യൻ കപ്പ് പോലുള്ള വലിയ ഇവന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ശരിയായ ഫുട്ബോൾ ഘടനയുടെ അടിത്തറ കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്ന് കല്യാണ്‍ ചൗബേ പറഞ്ഞിരുന്നു. എന്തായാലും, അടുത്ത തവണ മുതല്‍ ലോകകപ്പില്‍ പങ്കെടുക്കാനാകുന്ന രാജ്യങ്ങളുടെ എണ്ണം 48 ആക്കി ഫിഫ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഈ തീരുമാനം. 

'ഇതിനേക്കാള്‍ മോശമായി ഒന്നും ചെയ്യാനാവില്ല, ഇനി...'; ഹാഫ് ടൈമില്‍ ആവേശം പകരുന്ന എംബാപ്പെ, വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios