വിലക്കുമായി ഖത്തര്‍; ലോകകപ്പിനായി ഒരുക്കിയ ബിയര്‍ എന്തു ചെയ്യും? അടിപൊളി പ്രഖ്യാപനവുമായി ബഡ്‌വെയ്‌സർ
ലോകകപ്പ് നേടുന്ന രാജ്യത്തിന് ശേഷിക്കുന്ന ബിയര്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ബഡ്വെയ്സര്‍ നടത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്‍റെ പ്രധാന സ്പോണ്‍സര്‍ ആയിട്ട കൂടിയും സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പന വിലക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ വ്യക്തമാക്കിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബഡ്‌വെയ്‌സർ. ലോകകപ്പ് നേടുന്ന രാജ്യത്തിന് ശേഷിക്കുന്ന ബിയര്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ബഡ്വെയ്സര്‍ നടത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്‍റെ പ്രധാന സ്പോണ്‍സര്‍ ആയിട്ട കൂടിയും സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പന വിലക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. പരിധിക്ക് അപ്പുറത്ത് നിന്നുള്ള നിയന്ത്രണമെന്നാണ് നേരത്തെ തീരുമാനത്തേക്കുറിച്ച് ബഡവെയ്സര്‍ പ്രതികരിച്ചത്.
ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്താനുള്ള അനുമതിയുള്ളത്. എ ബി ഇൻബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്പോൺസറായ ബഡ്‌വെയ്‌സർക്ക്, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂർ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആൽക്കഹോൾ ബിയർ വിൽക്കാനാണ് അനുമതി ലഭിച്ചത്.
ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ബഡ്‌വെയ്‌സറും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഫിഫ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ കിക്കോഫ് മത്സരത്തില്‍ ഗാലറിയില്‍ ബിയര്‍ വേണമെന്ന ചാന്‍റ് ഉയര്‍ത്തുന്ന ഇക്വഡോര്‍ ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
2010-ൽ ഖത്തറിന് ലോകകപ്പ് നടത്താനുള്ള അനുമതി ലഭിച്ചത് മുതല്‍ ലോകകപ്പിൽ മദ്യം വില്‍ക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. സംസ്കാരത്തിൽ മദ്യം അത്ര വലിയ പങ്ക് വഹിക്കാത്ത മിഡിൽ ഈസ്റ്റിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നും ധാരാളം ആരാധകർ പങ്കെടുക്കുന്നുണ്ട്, പല ആരാധകർക്കും, മദ്യത്തിന്റെ സാന്നിധ്യം ആസ്വാദ്യകരമായ അനുഭവം സൃഷ്ടിക്കില്ല എന്ന ചിന്ത ശക്തമാണെന്നാണ് ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.