'വീ വാണ്ട് ബിയര്‍, വീ വാണ്ട് ബിയര്‍'; അല്‍ ബെയ്ത്തിലെ മഞ്ഞക്കടല്‍ ഉയര്‍ത്തിയ ചാന്‍റ്, വീഡിയോ
'വീ വാണ്ട് ബിയര്‍, വീ വാണ്ട് ബിയര്‍' എന്ന് ഇക്വഡോര്‍ ആരാധകര്‍ ചാന്‍റ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു
ദോഹ: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ നേരിടുന്നതിനിടെ ഗാലറിയില്‍ ബിയര്‍ വേണമെന്ന ചാന്‍റ് ഉയര്‍ത്തി ഇക്വഡോര്‍ ആരാധകര്‍. 'വീ വാണ്ട് ബിയര്‍, വീ വാണ്ട് ബിയര്‍' എന്ന് ഇക്വഡോര്‍ ആരാധകര്‍ ചാന്‍റ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല.
ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക. എ ബി ഇൻബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്പോൺസറായ ബഡ്‌വെയ്‌സർ, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂർ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആൽക്കഹോൾ ബിയർ വിൽക്കും.
ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ബഡ്‌വെയ്‌സറും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നയമെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. അതേസമയം, ഖത്തര്‍ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനിടെ ഗ്യാലറിയിൽ ആരാധകര്‍ തമ്മില്‍ നേരിയ വാക്പോര് നടന്നതിന്‍റെ വീഡിയോയും പുറത്ത് വന്നിരുന്നു. ഖത്തറിന്‍റെയും ഇക്വഡോറിന്‍റേയും ആരാധകരാണ് തര്‍ക്കിച്ചത്.
എന്നാൽ പിന്നീട് പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് ഇരുവരും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഫുട്ബോള്‍ ലോകകപ്പിലെ മനോഹര കാഴ്‌ചയായി ഈ ദൃശ്യങ്ങള്‍ വാഴ്‌ത്തപ്പെടുകയാണ്. ഫിഫ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ കിക്കോഫ് മത്സരത്തിന്‍റെ ആദ്യപകുതിയിലായിരുന്നു നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ ഇക്വഡോര്‍ ഗോള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടതിലാവണം മഞ്ഞ ജേഴ്‌സി അണിഞ്ഞ ഒരു ആരാധകന്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.
റഫറിയെ വിലക്കെടുത്തു എന്ന മട്ടിലായിരുന്നു പ്രതിഷേധം. തൊട്ടുപിന്നിലുണ്ടായിരുന്ന ഖത്തര്‍ ആരാധകന്‍ ഇത് ചോദ്യം ചെയ്തതോടെ വാക്‌പോരായി. ദൃശ്യങ്ങള്‍ മത്സരത്തിനിടെ തന്നെ വൈറലായി. മത്സര ശേഷം ഇരുവരും ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിടുന്ന പുതിയ വീഡിയോയും പുറത്തുവന്നു. ഇക്വഡോര്‍ ആരാധകന്‍ ഖത്തറിന് ആശംസ നേരുന്നതും ദൃശ്യത്തിലുണ്ട്.