സ്‌പെയ്‌നിനെതിരായ ചരിത്ര വിജയം; പലസ്തീന്‍ പതാകയേന്തി ആഘോഷിച്ച് മൊറോക്കന്‍ ടീം- വീഡിയോ
വിജയാഘോഷത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പലസ്തീന്‍ പതാകയുമേന്തിയാണ് മൊറോക്കന്‍ താരങ്ങള്‍ എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. മൊറോക്കന്‍ പതാകകള്‍ക്കൊപ്പമായിരുന്നിത്.
ദോഹ: സ്‌പെയ്‌നിനെ അട്ടമറിച്ചാണ് മൊറോക്കോ, ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. നിശ്ചിത- അധിക സമയങ്ങളില്‍ മത്സരം ഗോള്‍രഹിതമായിരുന്നു. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോയുടെ പ്രകടനമാണ് മൊറോക്കോയെ ഷൂട്ടൗട്ടില്‍ തുണയായത്. സ്പാനിഷ് താരങ്ങളായ കാര്‍ലോസ് സോളര്‍, ബുസ്‌ക്വെറ്റ്‌സ് എന്നിവരുടെ കിക്ക് ബോനോ തടഞ്ഞിട്ടു. പാബ്ലോ സറാബിയയുടെ ആദ്യ കിക്ക് പോസ്റ്റില്‍ തട്ടിതെറിച്ചിരുന്നു.
ഇതോടെ മൊറോക്കോ ചരിത്രവിജയം ആഘോഷിച്ചു. വിജയാഘോഷത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പലസ്തീന്‍ പതാകയുമേന്തിയാണ് മൊറോക്കന്‍ താരങ്ങള്‍ എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. മൊറോക്കന്‍ പതാകകള്‍ക്കൊപ്പമായിരുന്നിത്. പലസ്തീന്‍ പതാക പിടിച്ചു നില്‍ക്കുന്ന മൊറോക്കന്‍ താരങ്ങളായ ജവാദ് അല്‍ യാമിഖിന്റെയും സലീം അമല്ലായുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.
കാനഡയ്‌ക്കെതിരായ വിജയത്തിന് ശേഷവും മൊറോക്കോ ഇത്തരത്തിലാണ് ആഘോഷിച്ചത്. മൊറോക്കന്‍ കാണികള്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയ കൂറ്റന്‍ പതാകയും ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചു. ഡെന്‍മാര്‍ക്ക്- ടുണീഷ്യ മത്സരത്തിലും കാണികള്‍ പലസ്തീന് പിന്തുണ അറിയിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ഏക ആഫ്രിക്കന്‍ രാജ്യം കൂടിയാണ് മൊറോക്കോ. ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം കൂടിയാണ് മൊറോക്കോ.
990ല്‍ കാമറൂണ്‍ ആണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ചാംപ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ച് ടൂര്‍ണമെന്റ് തുടങ്ങിയ കാമറൂണ്‍, പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ വീഴ്ത്തി. 2002ല്‍ സെനഗല്‍ ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ രാജ്യമായി.
ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെ ആണ് തോല്‍പ്പിച്ചത്. 2010ല്‍ അവസാന പതിനാറില്‍ അമേരിക്കയെ തോല്‍പ്പിച്ച ഘാന, ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായി. പക്ഷേ മൂന്ന് ടീമുകളും ക്വാര്‍ട്ടറില്‍ പുറത്തായി. മൊറോക്കോയ്ക്ക് ഈ ചരിത്രം തിരുത്താന്‍ കഴിയുമോയെന്ന് ശനിയാഴ്ച അറിയാം.