എന്തൊരു സേവായിരുന്നത്! വല്ല്യേട്ടനോളം പോന്ന 'ലിച്ച ദ ബുച്ചര്‍'; ലിസാന്‍ഡ്രോയെ മഷ്‌ചെരാനോയോട് ഉപമിച്ച് ഫാന്‍സ്
ഗോളെന്നുറച്ച ഷോട്ട്, ലിസാന്‍ഡ്രോ തട്ടിയകറ്റിയത് രണ്ട് പതിറ്റാണ്ട് പിന്നിട്ട കൊളംബിയയുടെ കോപ്പ മോഹങ്ങള്‍.
മയാമി: കോപ്പയില്‍ വീണ്ടും മുത്തമിട്ട അര്‍ജന്റീന കടപ്പെട്ടിരിക്കുന്നത് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്ന പ്രതിരോധ നിര താരത്തോടു കൂടിയായിരിക്കും. കലാശപോരാട്ടത്തിന്റെ എക്‌സ്ട്രാ ടൈമില്‍ ലിസാന്‍ഡ്രോയുടെ ടാക്കിള്‍ ചരിത്രത്തിലേക്ക് കൂടിയായിരുന്നു. 2014 ലോകകപ്പ് സെമി ഫൈനലില്‍ ഓറഞ്ചു പടയുടെ നെഞ്ചുതകര്‍ത്തൊരു ടാക്കിള്‍, അര്‍ജന്റീനയുടെ പെനാള്‍റ്റി ബോക്‌സിനകത്തേക്ക് കുതിച്ചെത്തിയ ആര്യന്‍ റോബനെ തടയിട്ട മഷറാനോ ടച്ച്. പത്തു വര്‍ഷത്തിനിപ്പുറം മഷറാനോയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, കോപ്പ ഫൈനലിന്റെ ഗതി മാറ്റിയ ക്ലീന്‍ ടാക്കിളിലൂടെ.
അധിക സമയത്തേക്ക് കടന്ന ഫൈനലില്‍ അര്‍ജന്റീനിയന്‍ ഗോള്‍മുഖത്ത് നിരന്തരം കൊളംബിയന്‍ ആക്രമണം, പകരക്കാരനായെത്തിയ മിഖേല്‍ ബോര്‍ഹയുടെ മുന്നില്‍ എമി മാര്‍ട്ടിനസ് മാത്രം. ഗോളെന്നുറച്ച ഷോട്ട്, ലിസാന്‍ഡ്രോ തട്ടിയകറ്റിയത് രണ്ട് പതിറ്റാണ്ട് പിന്നിട്ട കൊളംബിയയുടെ കോപ്പ മോഹങ്ങള്‍. കോപ്പയ്ക്ക് മുന്‍പേ പരിക്കിന്റെ പിടിയിലായിരുന്ന താരത്തില്‍ അത്രയേറെ വിശ്വാസമുണ്ടായിരുന്നു പരിശീലകന്‍ ലയണല്‍ സ്‌കലോണിയ്ക്ക്, ലിച്ച മൈതാനത്തുളളപ്പോഴൊന്നും ടീം ഗോള്‍ വഴങ്ങിയില്ലെന്നതു മാത്രം മതി ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്ന സെന്റര്‍ ബാക്കിനോട് അര്‍ജന്റീന എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നറിയാന്‍.
അതേസമയം, കിരീടനേട്ടത്തിന് ശേഷം നാട്ടിലെത്തിയ ടീമിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അല്‍പം മുമ്പാണ് ടീം നാട്ടിലെത്തിയത്. കിരീടത്തിന് ശേഷം വലിയ ആഘോഷമായിരുന്നു അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍. ഇന്നലെ ആഘോഷത്തിനിടെ നിയന്ത്രണം വിട്ട ആരാധകര്‍ക്ക് നേരെ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇതിനിടെ, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തുടരുമെന്ന് ലിയോണല്‍ സ്‌കലോണി. തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരന്നു അര്‍ജന്റൈന്‍ പരിശീലകന്‍.
സ്‌കലോണിസം അവസാനിക്കുന്നില്ല! അര്‍ജന്‍റൈന്‍ പരിശീലകനായി 15 വര്‍ഷം തുടരാന്‍ തയ്യാറാണെന്ന് സ്‌കലോണി
2026ലെ ലോകകപ്പ് വരെ കരാറുണ്ടെങ്കിലും കോപ്പയ്ക്ക് ശേഷം സ്‌കലോണി സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ഭിന്നതയെ തുടര്‍ന്ന് സ്ഥാനം ഒഴിയുകയാണെന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ സ്‌കലോണി പറഞ്ഞിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ പരിശീലകനായി തുടരുമെന്നും അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അനുവദിക്കുകയാണെങ്കില്‍ പതിനഞ്ചുവര്‍ഷത്തേക്കുളള കരാര്‍ ഒപ്പുവയ്ക്കാന്‍ തയ്യാറാണെന്നും സ്‌കലോണി പറഞ്ഞു. സ്‌കലോണിക്ക് കീഴിലാണ് അര്‍ജന്റീന രണ്ട് കോപ്പയും ഒരു ലോകകപ്പും ഫൈനലിസിമയും സ്വന്തമാക്കിയത്.