അന്ന് കൊണ്ടും കൊടുത്തും പിരിഞ്ഞു, ഹസ്തദാനം പോലും ചെയ്തില്ല! ഇന്ന് തോളില്‍ കയ്യിട്ട് ബെക്കാമും സ്‌കലോണിയും
മത്സരത്തിന് മുമ്പ് സ്‌കലോണി, ഇന്റര്‍ മയാമി സഹഉടമ ഡേവിഡ് ബെക്കാമുമൊത്ത് ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
മയാമി: ഇന്റര്‍ മയാമിക്കായി ഗോളടി തുടരുകയാണ് ലിയോണല്‍ മെസി. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ നേടാന്‍ മെസിക്കായി. അഞ്ച് മത്സരങ്ങളില്‍ എട്ട് ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ഇന്ന് ലീഗ്‌സ് കപ്പില്‍ ചാര്‍ലോട്ടിനെതിരെ ഗോള്‍ നേടാനും മെസിക്കായി. എതിരില്ലാത്ത നാല് ഗോളിന് ചാര്‍ലോട്ടിനെ തോല്‍പ്പിച്ച് ഇന്റര്‍ മയാമി സെമി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. മെസിയുടെ പ്രകടനം നേരിട്ട് കാണാന്‍ അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണിയും ഗ്യാലറിയിലുണ്ടായിരുന്നു.
മത്സരത്തിന് മുമ്പ് സ്‌കലോണി, ഇന്റര്‍ മയാമി സഹഉടമ ഡേവിഡ് ബെക്കാമുമൊത്ത് ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടൊപ്പം മറ്റൊരു ദൃശ്യം കൂടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മുമ്പ് ലാ ലിഗയില്‍ ബെക്കാമും സ്‌കലോണിയും നേര്‍ക്കുനേര്‍ വന്നതാണത്. ബെക്കാം അന്ന് റയല്‍ മാഡ്രിഡിനും സ്‌കലോണി ഡിപ്പോര്‍ട്ടിവോ ലാ കറൂണയ്ക്കും വേണ്ടി കളിക്കുന്നു.
ഒരു ഫൗളിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തും തള്ളുംമാവുകയും ചെയ്തു. ബെക്കാമില്‍ നിന്ന് സ്‌കലോണി പന്ത് റാഞ്ചിയെങ്കിലും റയല്‍ താരം പിറകില്‍ നിന്ന് സ്‌കലോണിയെ വീഴ്ത്തുകയായിരുന്നു. പിന്നാലെ സ്‌കലോണി, ബെക്കാമിനെ കടന്നാക്രമിച്ചു. പിടിച്ചുമാറ്റാന്‍ വന്ന റോബര്‍ട്ടോ കാര്‍ലോസിനേയും സ്‌കലോണി വീഴ്ത്തി. പിന്നീട് ഡിപ്പോര്‍ട്ടിവോ താരങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഹസ്തദാനത്തിലൂടെ ബെക്കാം പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും സ്‌കലോണി നിരസിക്കുകയായിരുന്നു. വീഡിയോ കാണാം...
കാലം മാറി. ഇപ്പോള്‍ ഇന്റര്‍ മയാമിയുടെ സഹഉടമകളില്‍ ഒരാളാണ് ബെക്കാം. അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ ക്ലബിലെത്തിച്ചതും ബെക്കാമാണ്. സ്‌കലോണി, അര്‍ജന്റീനയുടെ കോച്ചും. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് സ്‌കലോണിയുടെ തന്ത്രങ്ങളാണ്. പക മറന്ന് ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെ ആരാധകര്‍ക്കും സന്തോഷം.