മെസിക്ക് ഗോള്‍, സ്‌പെഡര്‍മാന്‍ ആഘോഷം! ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് സെമിയില്‍ - വീഡിയോ
ചാര്‍ലോട്ടിനെതിരെ സര്‍വാധിപത്യമായിരുന്നു മയാമിക്ക്. 12 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാര്‍ട്ടിനെസ് മയാമിയെ മുന്നിലെത്തിച്ചു. മെസി എടുക്കേണ്ട പെനാല്‍റ്റി മാര്‍ട്ടിനെസിനെ ഏല്‍പ്പിക്കുകയായിരുന്നു.
മയാമി: ലീഗ്‌സ് കപ്പില്‍ ചാര്‍ലോട്ടിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഇന്റര്‍ മയാമി സെമിയില്‍. ലിയോണല്‍ മെസി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ കണ്ടെത്തി. ജോസഫ് മാര്‍ട്ടിനെസ്, റോബര്‍ട്ട് ടെയ്‌ലര്‍ എന്നിവരുടെ വകയായിരുന്നു മറ്റു രണ്ട് ഗോളുകള്‍. അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോളും മയാമിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ചാര്‍ലോട്ടിനെതിരെ സര്‍വാധിപത്യമായിരുന്നു മയാമിക്ക്. 12 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാര്‍ട്ടിനെസ് മയാമിയെ മുന്നിലെത്തിച്ചു. മെസി എടുക്കേണ്ട പെനാല്‍റ്റി മാര്‍ട്ടിനെസിനെ ഏല്‍പ്പിക്കുകയായിരുന്നു. മാര്‍ട്ടിനെസ് പിഴവൊന്നും കൂടാതെ ലക്ഷ്യം കാണുകയും ചെയ്തു. 32-ാം മിനിറ്റില്‍ ടെയ്‌ലര്‍ ഒരിക്കല്‍ കൂടി മിയാമിക്ക് ലീഡ് സമ്മാനിച്ചു. ഡി ആന്‍ന്ദ്രേ യെഡിന്റെ അസിസ്റ്റിലായിരുന്നു ടെയ്‌ലറുടെ ഗോള്‍.
78-ാം മിനിറ്റില്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോളിലൂടെ ഇന്റര്‍ മയാമി ലീഡ് മൂന്നാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ മെസിയും ഗോള്‍ പട്ടികയില്‍ ഇടം നേടി. ലിയോണാര്‍ഡോ കംപാനയുടെ സഹായത്തിലാണ് ഗോള്‍.
മറഡോണയെ മറികടന്ന് മെസി
ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങുടെ പട്ടികയില്‍ ഡിയേഗോ മറഡോണയെ പിന്തള്ളാന്‍ മെസിക്കായിരുന്നു. ലീഗ്സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ്സി ഡല്ലാസിനെതിരെ ഇന്റര്‍ മയാമിക്ക് വേണ്ടി ഫ്രീകിക്ക് ഗോള്‍ നേടിയതോടെയാണ് മെസി ഇതിഹാസത്തെ പിന്നിട്ടത്. നിലവില്‍ മെസിക്ക് 63 ഫ്രീകിക്ക് ഗോളുകളാണുള്ളത്, ഇന്റര്‍ മയാമിയില്‍ ഇതിനോടകം രണ്ട് ഫ്രീക്ക് ഗോളുകള്‍ മെസി നേടി.
മറഡോണ (62), സീക്കോ (62), റൊണാള്‍ഡ് കോമാന്‍ (60), റൊഗേരിയോ സെനി (60) എന്നിവരെല്ലാം മെസിക്ക് പിന്നിലായി. മൂന്ന് ഫ്രീകിക്ക് ഗോളുകള്‍ കൂടി നേടിയാല്‍ ഇന്റര്‍ മയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാന്‍ മെസിക്ക് സാധിക്കും. റൊണാള്‍ഡീഞ്ഞോ (66), ലെഗ്രോടാഗ്ലി (66) എന്നിവരും മെസിക്ക് മുന്നില്‍ മൂന്നും നാലും സ്ഥാനത്താണ്.