പിഎസ്ജിയില്‍ അവസാന മത്സരത്തിനിറങ്ങിയ ലിയോണല്‍ മെസിക്ക് കൂവല്‍! കടപ്പെട്ടിരിക്കുന്നുവെന്ന് ഇതിഹാസം- വീഡിയോ
പാരിസ് നഗരത്തോടും ക്ലബിനോടും കടപ്പെട്ടിരിക്കുന്നുവെന്ന് മെസി പറഞ്ഞു. എല്ലാവിധ ആശംസകളും മെസി നേരുന്നുണ്ട്. പാരിസ് ക്ലബിനായ 47 മത്സരത്തില്‍ ബൂട്ടുകെട്ടിയ മെസ്സി 32 ഗോളും 34 അസിസ്റ്റും നേടിയിട്ടുണ്ട്.
പാരീസ്: പിഎസ്ജി ജഴ്‌സിയില്‍ അവസാന മത്സരം കളിച്ച ലിയോണല്‍ മെസിക്ക് കൂവല്‍. ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മെസിക്ക് ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. കിലിയന്‍ എംബാപ്പെ, മെസിക്കൊപ്പം അവസാന മത്സരം കളിച്ച സെര്‍ജിയോ റാമോസ് എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
2021ല്‍ രണ്ടുവര്‍ഷ കരാറിലാണ് ബാഴ്‌സലോണയില്‍ നിന്ന് മെസി പിഎസ്ജിയില്‍ എത്തിയത്. ഒരുവര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാമെന്ന ഉപാധി ഉണ്ടായിരുന്നെങ്കിലും ക്ലബില്‍ തുടരുന്നില്ലെന്ന് മെസി തീരുമാനിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് അര്‍ജന്റീന കിരീടം നേടിയതോടെ പിഎസ്ജി ആരാധകരില്‍ ഒരുവിഭാഗം മെസിക്കെതിരെ തിരിഞ്ഞു. താരം ക്ലബ് വിടാനുള്ള പ്രധാന കാരണവും അതുതന്നെ.
ക്ലെര്‍മോണ്ടിനെതിരായ മത്സരത്തിന് മുമ്പ് മെസിയുടെ പേര് വിളിക്കുന്ന സമയത്ത് തന്നെ കൂവല്‍ തുടങ്ങി. പിന്നീട് മത്സരം പുരോഗമിക്കവെ എംബാപ്പെ നല്‍കിയ സുവര്‍ണാവസരം പാഴാക്കിയപ്പോഴും പിഎസ്ജി ആരാധകര്‍ കൂവികൊണ്ടിരുന്നു. വീഡിയോ കാണാം...
പാരിസ് നഗരത്തോടും ക്ലബിനോടും കടപ്പെട്ടിരിക്കുന്നുവെന്ന് മെസി പറഞ്ഞു. എല്ലാവിധ ആശംസകളും മെസി നേരുന്നുണ്ട്. പാരിസ് ക്ലബിനായ 47 മത്സരത്തില്‍ ബൂട്ടുകെട്ടിയ മെസ്സി 32 ഗോളും 34 അസിസ്റ്റും നേടിയിട്ടുണ്ട്. ആദ്യ സീസണില്‍ പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ലെങ്കിലും ഇക്കുറി 20 ഗോളും 21 അസിസ്റ്റും സ്വന്തമാക്കാന്‍ മെസിക്ക് കഴിഞ്ഞു. പിഎസ്ജി കാലത്താണ് മെസി തന്റെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് വിജയം സാക്ഷാത്കരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കി.
പിഎസ്ജിയുടെ രണ്ട് ലീഗ് വണ്‍ കിരീടനേട്ടത്തില്‍ പങ്കാളിയായ മെസി അടുത്ത സീസണില്‍ ഏത് ക്ലബില്‍ കളിക്കുമെന്നാണിപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് മെസിക്ക് താല്‍പര്യമെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി തടസ്സമായി തുടരുന്നു. സൗദി ക്ലബ് അല്‍ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയും പ്രീമിയര്‍ ലീഗ് ക്ലബുകളും മെസിക്കായി രംഗത്തുണ്ട്.