പറങ്കികളെ തകര്‍ത്തത് ക്രിസ്റ്റ്യാനോ ഹരിശ്രീ കുറിച്ചുകൊടുത്ത പയ്യന്‍! വികാര്‍നിര്‍ഭരനായി ജോര്‍ജിയന്‍ യുവതാരം
കളിയില്‍ പോര്‍ച്ചുഗലിന് ഏറ്റവും തലവേദനയുണ്ടാക്കിയത് ജോര്‍ജിയയുടെ ഏഴാം നമ്പര്‍ ജഴ്‌സിക്കാരനായ ക്വാരസ്‌കേലിയ തന്നെ.
മ്യൂണിക്ക്: യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെതിരെ, ജോര്‍ജിയയുടെ അട്ടിമറി വിജയത്തിന് നേതൃത്വം നല്‍കിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകന്‍. ഇരുപത്തിമൂന്നുകാരനായ ഖ്വിച്ച ക്വാരസ്‌കേലിയയാണ് റോണോയെ റോള്‍മോഡലായി കാണുന്ന ജോര്‍ജിയന്‍ താരം. യൂറോ കപ്പിലെ മാത്രമല്ല, ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു അട്ടിമറി വിജയത്തിന്റെ തുടക്കം ഈ ഗോളില്‍ നിന്നായിരുന്നു. ക്വാരസ്‌കേലിയ ജോര്‍ജിയക്കായി 33 കളിയില്‍ 16 ഗോള്‍ നേടിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്റില്‍ യുവതാരത്തിന്റെ ആദ്യഗോളായിരുന്നു ഇന്നലത്തേത്.
ഇതാവട്ടെ തന്‍റെ റോള്‍മോഡലായ സാക്ഷാല്‍ റൊണാള്‍ഡോയെ സാക്ഷിയാക്കിയും. കളിയില്‍ പോര്‍ച്ചുഗലിന് ഏറ്റവും തലവേദനയുണ്ടാക്കിയത് ജോര്‍ജിയയുടെ ഏഴാം നമ്പര്‍ ജഴ്‌സിക്കാരനായ ക്വാരസ്‌കേലിയ തന്നെ. റൊണാള്‍ഡോയുടെ വെറും ആരാധകനല്ല ക്വാരസ്‌കേലിയ. പോര്‍ച്ചുഗല്‍ ഇതിഹാസവുമായി ബന്ധമുണ്ട് ജോര്‍ജിയന്‍ സൂപ്പര്‍താരത്തിന്റെ കരിയറിന്. 2013ല്‍ ജോര്‍ജിയന്‍ തലസ്ഥാനമായ തബ്ലിസിയില്‍ റൊണാള്‍ഡോ അതിഥിയായി എത്തിയിരുന്നു. ഡൈനമോ തബ്ലിസി ക്ലബിന്റെ ഫുട്‌ബോള്‍ അക്കാഡമിയുടെ ഉദ്ഘാടനത്തിന്.
അന്ന് ആരാധനോയോടെ റൊണാള്‍ഡോയ്‌ക്കൊപ്പം ചിത്രമെടുത്ത കുട്ടിത്താരങ്ങളില്‍ ക്വിച്ച ക്വാരസ്‌കേലിയയും ഉണ്ടായിരുന്നു. ക്വാരസ്‌കേലിയ മാത്രമല്ല, പോര്‍ച്ചുഗലിനെ അട്ടിമറിച്ച ജോര്‍ജിയന്‍ ടീമിലെ പതിനൊന്നുപേരും റൊണാള്‍ഡോ ഉദ്ഘാടനം ചെയ്ത അക്കാഡമിയില്‍ നിന്നുള്ളവര്‍. മത്സരശേഷം സഹതാരങ്ങള്‍ വിജയാരവത്തിന്റെ ഏഴാംസ്വര്‍ഗത്തില്‍ ആഹ്ലാദിക്കുമ്പോള്‍ ക്വാരസ്‌കേലിയ, റൊണാള്‍ഡോയുടെ അടുത്തേക്കാണ് ഓടിയെത്തിയത്. പ്രിയതാരത്തെ ആലിംഗനം ചെയ്തു.
ഏറെ ആഗ്രഹിച്ച റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സി സ്വന്തമാക്കി. ഈ ജഴ്‌സി ധരിച്ചാണ് ക്വാരസ്‌കേലിയ ജോര്‍ജിയന്‍ ഡ്രസ്സിംഗ് റൂമില്‍ എത്തിയത്. മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ക്വാരസ്‌കേലിയ ട്രോഫിക്കൊപ്പം റൊണാള്‍ഡോയുടെ ജേഴ്‌സിയുടെ ചിത്രം ഡ്രീംസ് എന്ന അടിക്കുറിപ്പോടെ സാമുഹീക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയുടെ താരമാണ് ക്വിച്ച ക്വാരസ്‌കേലിയ.