ഗ്രൗണ്ട് വലംവച്ച് സഞ്ജു സാംസണ്‍! ആര്‍പ്പുവിളിയോടെ സ്വീകരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍- വീഡിയോ
മത്സരത്തിന് മുമ്പ് ഗ്രൗണ്ടിലെത്തിയ സഞ്ജു കാണികളെ അഭിവാദ്യം ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയാണിഞ്ഞാണ് സഞ്ജുവെത്തിയത്. കാണികള്‍ താരത്തിനായി ആര്‍പ്പുവിളിച്ചു.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണും കലൂര്‍ സ്റ്റേഡിയത്തിലെത്തി. ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി അടുത്തിടെയാണ് സഞ്ജുവിനെ തെരഞ്ഞെടുത്തിരുന്നു. ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലയിംഗ് ഇലവന്‍ പുറത്തുവിട്ടതും സഞ്ജുവായിരുന്നു. എന്നാല്‍ ഹോംഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാംപ്യന്മാരായ ഹൈദരബാദിന്റെ ജയം.
മത്സരത്തിന് മുമ്പ് ഗ്രൗണ്ടിലെത്തിയ സഞ്ജു കാണികളെ അഭിവാദ്യം ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയാണിഞ്ഞാണ് സഞ്ജുവെത്തിയത്. കാണികള്‍ താരത്തിനായി ആര്‍പ്പുവിളിച്ചു. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വീഡിയോ കാണാം...
സഞ്ജു അടുത്തതായി കളിക്കുന്ന ടൂര്‍ണമെന്റും ഐപിഎല്ലാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
സ്‌റ്റേഡിയത്തില്‍ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല എന്ന് സഞ്ജു മത്സരത്തിന് മുമ്പ് പ്രതികരിച്ചിരുന്നു. സീസണിലെ അവസാന ഹോം മത്സരത്തിന് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 'നമ്മുടെ കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാന്‍ ഞാനുണ്ടാവും, എന്റെ കൂടെ നിങ്ങള്‍ എല്ലാവരുമുണ്ടാകണം. വരൂ, ഒന്നായി പോരാടാം' എന്നാണ് ആരാധകര്‍ക്ക് സഞ്ജുവിന്റെ സ്വാഗതം. 'അപ്പോള്‍ നാളെ കാണാം' എന്ന തലക്കെട്ടിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആദ്യ പാതിയില്‍ ബോര്‍ജ ഹെരേയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്. പ്രാഥമിക ലീഗിലെ അവസാന മത്സരമായിരുന്നിത്. അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നു. 20 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. ഇത്രയും മത്സരങ്ങളില്‍ 42 പോയിന്റുള്ള ഹൈദാബാദ് രണ്ടാം സ്ഥാനത്താണ്.
വനിതാ ടി20 ലോകകപ്പ് ആറാം തവണയും ഓസ്‌ട്രേലിയയിലേക്ക്; ദക്ഷിണാഫ്രിക്കയുടെ തോല്‍വി 19 റണ്‍സിന്