യൂറോയില്‍ ജര്‍മനിക്കെതിരായ ജയം; ആഘോഷം പങ്കുവച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളും- വീഡിയോ
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ശേഷമാണ് ഇംഗ്ലണ്ട് താരങ്ങള്‍ മത്സരം കാണാനിരുന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇംഗ്ലണ്ട് വീഡിയോ പങ്കുവച്ചത്.
ലണ്ടന്‍: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ ഇംഗ്ലണ്ടിന്റെ വിജയം ആഘോഷിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളും. വെംബ്ലിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ശേഷമാണ് ഇംഗ്ലണ്ട് താരങ്ങള്‍ മത്സരം കാണാനിരുന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇംഗ്ലണ്ട് വീഡിയോ പങ്കുവച്ചത്. ഇറ്റ്‌സ് കമിംഗ് ഹോം, യൂറോ 2020 എന്നീ ഹാഷ് ടാഗുകളും വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
സ്വന്തം ഗ്രൗണ്ടില്‍ മത്സരം നടന്നിട്ടും ഇംഗ്ലീഷ് താരങ്ങള്‍ക്ക് നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം കളിക്കേണ്ടതിനാലാണ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് മത്സരം നേരില്‍ കാണാന്‍ കഴിയാതിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇരട്ടി സന്തോഷമാണിത്. ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്നതിനോടൊപ്പം യൂറോയില്‍ ജര്‍മനിയെ മറികടന്ന് ക്വാര്‍ട്ടറിലെത്താനും സാധിച്ചു. ഇംഗ്ലീഷ് താരങ്ങള്‍ ആഘോഷിക്കുന്ന വീഡിയോ കാണാം...
റഹീം സ്റ്റര്‍ലിംഗ്, ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ക്വാര്‍ട്ടറില്‍ യുക്രൈനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.