ഗോളും അസിസ്റ്റുമില്ലാതെ ക്രിസ്റ്റ്യാനോ! അനാവശ്യമായി പന്ത് തട്ടിതെറിപ്പിച്ചതിന് മഞ്ഞക്കാര്‍ഡ്- വീഡിയോ
മത്സരത്തില്‍ ഒരു അസിസ്റ്റ് പോലും നല്‍കാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചില്ല. ആദ്യ പകുതിയില്‍ അല്‍ നസ്ര്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു.
റിയാദ്: അല്‍ നസ്ര്‍ ജേഴ്‌സിയില്‍ നിറംമങ്ങിയ മറ്റൊരു പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. കിംഗ് ക്ലപ്പില്‍ അബ്ബയ്‌ക്കെതിരായ മത്സരത്തില്‍ ടീം 3-1ന് ജയിച്ചെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. മാത്രമല്ല, മഞ്ഞ കാര്‍ഡ് ലഭിക്കുകയും ചെയ്തു. പിന്നാലെ 87-ാം മിനിറ്റില്‍ താരത്തെ പിന്‍വലിക്കുകയായിരുന്നു കോച്ച്. സമി അല്‍-നജേല്‍, അബ്ദുള്ള അല്‍ ഖൈബാറി, മുഹമ്മദ് മറാന്‍ എന്നിവരാണ് അല്‍ നസ്‌റിന്റെ ഗോളുകള്‍ നേടിയത്. അബ്ദുള്‍ഫത്താ ആദമിന്റെ വകയായിരുന്നു അബ്ബയുടെ ആശ്വാസഗോള്‍.
മത്സരത്തില്‍ ഒരു അസിസ്റ്റ് പോലും നല്‍കാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചില്ല. ആദ്യ പകുതിയില്‍ അല്‍ നസ്ര്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. റഫറി ഹാഫ് ടൈം വിസിലടിച്ചിട്ടും പന്ത് അനാവശ്യമായി തട്ടികളഞ്ഞതിനായിരുന്നു പോര്‍ച്ചുഗീസ് വെറ്ററന്‍ താരത്തിന് മഞ്ഞകാര്‍ഡ് ലഭിച്ചത്. ക്രിസ്റ്റിയാനോ തന്റെ അമര്‍ഷം പ്രകടമാക്കുകയും ചെയ്തു. വീഡിയോ കാണാം...
സൗദി പ്രൊ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ അല്‍ നസ്‌റിന് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയിരുന്നു. അല്‍ എത്തിഹാദാണ് അല്‍ നസ്‌റിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റൊമാരീഞ്ഞോ ആണ് അല്‍ എത്തിഹാദിന്റെ വിജയ ഗോള്‍ നേടിയത്.
പന്തടക്കത്തിലും പാസിംഗിലും അല്‍ നസ്റിനെ നിഷ്ടപ്രഭമാക്കിയാണ് അല്‍ എത്തിഹാദ് വിജയം നേടിയത്. ജയത്തോടെ സൗദി പ്രോ ലീഗില്‍ അള്‍ നസ്‌റിനെ പിന്തള്ളി 20 കളികളില്‍ 47 പോയന്റുമായി അല്‍ എത്തിഹാദ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തിരുന്നു. 20 കളികളില്‍ 46 പോയന്റുള്ള അല്‍ നസ്ര് രണ്ടാം സ്ഥാനത്താണ്. 43 പോയന്റുള്ള അല്‍ ഷബാബ് ആണ് മൂൂന്നാമത്.
തോല്‍വിയില്‍ അസ്വസ്ഥനായ റൊണാള്‍ഡോയെ സഹതാരങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിച്ചങ്കിലും ഫലവത്തായില്ല. മത്സരത്തിനുശേഷം ഗ്രൗണ്ട് വിടുമ്പോള്‍ സഹതാരങ്ങളോട് രോഷമടക്കാനാവാതെ റൊണാള്‍ഡോ ടച്ച് ലൈനിന് പുറത്തു കിടന്ന വെള്ളക്കുപ്പികള്‍ ചവിട്ടിത്തെറിപ്പിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. മത്സരത്തില്‍ തന്റെ സഹതാരങ്ങളുടെ പ്രകടനത്തില്‍ റൊണാള്‍ഡോ തീര്‍ത്തും അസ്വസ്ഥനായിരുന്നു.