ഷോക്കിംഗ് വീഡിയോ! വെന്റിലേറ്റര്‍ സിസ്റ്റത്തിലൂടെ സ്‌റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച് കൊളംബിയ ആരാധകര്‍
ടിക്കറ്റ് എടുക്കാതെ എത്തിയ ആയിരക്കണക്കിന് കൊളംബിയന്‍ ആരാധകരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.
മയാമി: കോപ്പ അമേരിക്കയില്‍ അര്‍ജന്റീന-കൊളംബിയ ഫൈനലിന് മുമ്പ് മയാമിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയിരുന്നു. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ സുരക്ഷാപ്രശ്നമായതോടെ മത്സരം ഒരു മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. താരങ്ങള്‍ കൃത്യസമയത്ത് വാംഅപ്പിനായി ഇറങ്ങിയെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഇവരെ ഡ്രസിംഗ് റൂമിലേക്ക് മടക്കിയയച്ചു. ഇതിനൊടുവില്‍ വീണ്ടും വാംഅപ്പിനെത്തിയാണ് കലാശപ്പോരിന് അര്‍ജന്റീനയും കൊളംബിയയും തയ്യാറെടുത്തത്.
ടിക്കറ്റ് എടുക്കാതെ എത്തിയ ആയിരക്കണക്കിന് കൊളംബിയന്‍ ആരാധകരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. ടിക്കറ്റെടുക്കാതെ ഇരച്ചെത്തിയ ആരാധകര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മറ്റ് ആരാധകര്‍ക്കും പിടിപ്പത് പണിയായി എന്ന് സ്റ്റേഡിയം അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു വിഡീയോ. കൊളംബിയന്‍ ആരാധകര്‍ വെന്റിലേഷന്‍ സിസ്റ്റത്തിലൂടെ സ്‌റ്റേഡിയത്തിനകത്ത് കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. എക്‌സില്‍ പ്രചരിക്കുന്ന വീഡിയോ കാണാം...
ഇതിനിടെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലെ സൗത്ത്വെസ്റ്റ് ഗേറ്റ് ആരാധകര്‍ തകര്‍ത്തതോടെ പൊലീസ് ലാത്തിവീശേണ്ടിവന്നു. ആരാധകരെ ഓടിച്ചിട്ട് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായി. പിന്നാലെ സൗത്ത്വെസ്റ്റ് ഗേറ്റിന് പൊലീസ് പൂട്ടിട്ടു. ഒടുവില്‍ കുറച്ച് നേരത്തേക്ക് സ്റ്റേഡിയത്തിലെ എല്ലാ ഗേറ്റുകളും അടച്ച് ലോക്ക്ഡൗണിന് സമാന സുരക്ഷ പൊലീസ് ഒരുക്കി. സ്റ്റേഡിയത്തിന്റെ പുറത്ത് സാഹചര്യങ്ങള്‍ വഷളായതോടെ ടീമുകളും വാംഅപ് മതിയാക്കി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.
ടിക്കറ്റ് എടുത്ത് എത്തിയ ആരാധകരില്‍ നിരവധി പേരെ പാടുപെട്ടാണ് സ്റ്റേഡിയത്തിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കടത്തിവിടാനായത്. ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിന് പുറത്തെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്റ്റേഡിയത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് ഉള്ളിലേക്ക് നിയമവിരുദ്ധമായി കടക്കുന്ന ആരാധകരുടെ വീഡിയോയും പുറത്തുവന്നവയിലുണ്ട്. അടുത്ത ഫിഫ ലോകകപ്പിന് വേദിയാവാനുള്ള സൗകര്യം അമേരിക്കയ്ക്ക് ഇല്ലെന്ന് ഇന്നത്തെ സംഭവത്തോടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.