ആശ്വാസം; വന്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ട് ലിയോണല്‍ മെസിയുടെ കാർ- വീഡിയോ
പൊലീസ് അകമ്പടിയോടെ സഞ്ചരിച്ചിട്ടും അപകടത്തിന് തൊട്ടരികെ എത്തുകയായിരുന്നു ലിയോണല്‍ മെസി
ഫ്ലോറിഡ: അർജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ഒരു വീഡിയോ പുറത്തുവന്നതിന്‍റെ ഞെട്ടലില്‍ കായികലോകം. അമേരിക്കന്‍ മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മയാമിയില്‍ ചേരാന്‍ ഫ്ലോറിഡയിലെത്തിയ അർജന്‍റൈന്‍ സൂപ്പർ താരം ലിയോണല്‍ മെസി കാർ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സിഗ്നലില്‍ റെഡ് ലൈറ്റ് തെളിഞ്ഞത് ശ്രദ്ധിക്കാതെ മെസിയുടെ കാർ മുന്നോട്ട് പോയതാണ് അപകട സാധ്യതയുണ്ടാക്കിയത്.
പൊലീസ് അകമ്പടിയോടെ സഞ്ചരിച്ചിട്ടും അപകടത്തിന് തൊട്ടരികെ എത്തുകയായിരുന്നു ലിയോണല്‍ മെസി എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ റിപ്പോർട്ട്. ഇക്കാര്യം പുറത്തുവന്നിരിക്കുന്ന വീഡിയോയിലും വ്യക്തം. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞത് ശ്രദ്ധിക്കാതെ മെസിയുടെ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ലിയോണല്‍ മെസി യാത്ര ചെയ്ത അതേ റോഡിലേക്ക് മറ്റൊരു ദിശയില്‍ നിന്ന് വാഹനങ്ങള്‍ വേഗത്തില്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ മെസിയുടെ കാർ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. മെസിയുടെ വാഹനത്തിന് തൊട്ടുമുന്നിലുണ്ടായിരുന്ന കാറും അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സമയോചിതമായി മറ്റ് കാറുകള്‍ വേഗം കുറച്ചത് വലിയ അപകടം ഒഴിവാക്കി. മെസിയായിരുന്നോ കാർ ഓടിച്ചിരുന്നത് എന്ന് വ്യക്തമല്ല.
പ്രഥമ ലീഗ് കപ്പില്‍ കളിച്ച് ജൂലൈ 21ന് ലിയോണല്‍ മെസി ഇന്‍റർ മയാമിക്കായി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കുന്നത്. മെസിയെ പതിനാറാം തീയതി ടീം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. പോപ് ഗായിക ഷാക്കിറ അടക്കമുള്ളവരുടെ സംഗീത പരിപാടികളോടെ വമ്പന്‍ രീതിയിലായിരിക്കും മെസിയുടെ പ്രസന്‍റേഷന്‍ ചടങ്ങ്. 60 മില്യണ്‍ യൂറോക്കാണ് മെസി ഇന്റര്‍ മയാമിയുമായി ധാരണയിലെത്തിയത്. കുടുംബത്തോടൊപ്പം ഫ്ലോറിഡയില്‍ സ്വകാര്യ ജെറ്റില്‍ ഇറങ്ങിയ മെസിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബാഴ്സ വിട്ട ശേഷം രണ്ട് വര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് ലിയോണല്‍ മെസി പിഎസ്ജി വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം