ഹാരി കെയ്‌ന്‍റെ പെനാല്‍റ്റി ആകാശത്തേക്ക്; പൊട്ടിച്ചിരിയടക്കാനാവാതെ എംബാപ്പെ- വീഡിയോ വൈറല്‍
ഹാരി കെയ്‌ന്‍റെ ഷോട്ട് പാഴായത് കണ്ട് അട്ടഹസിക്കുകയായിരുന്നു ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഫൈനലിന് മുന്നേയുള്ള ഫൈനല്‍ എന്നായിരുന്നു ഫ്രാന്‍സ്-ഇംഗ്ലണ്ട് ക്വാര്‍ട്ടറിനുള്ള വിശേഷണം. ഇരു ടീമിന്‍റെയും ആക്രമണ ഫുട്ബോള്‍ കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ച് ഫ്രാന്‍സ് സെമിയിലേക്ക് ചേക്കേറി. മത്സരത്തില്‍ ഇംഗ്ലണ്ടിനായി പെനാല്‍റ്റി ഗോള്‍ കണ്ടെത്തിയ ഹാരി കെയ്‌ന്‍ മറ്റൊരു പെനാല്‍റ്റി പാഴാക്കി വില്ലനാവുകയും ചെയ്തു. കെയ്‌ന്‍റെ ഷോട്ട് കണ്ട് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് ചിരിയടക്കാനായില്ല.
ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. 17-ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ടിന്‍റെ താരങ്ങളെയെല്ലാം അപ്രത്യക്ഷരാക്കി 25 വാര അകലെ നിന്ന് ചൗമനിയുടെ ലോംഗ് റേഞ്ചര്‍ ഗോള്‍. ഇതിന് 54-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്‌ന്‍ പകരംവീട്ടി. ഫ്രഞ്ച് പ്രതിരോധക്കോട്ടയിലേക്ക് നുഴഞ്ഞുകയറിയ ബുക്കായോ സാക്കയെ പ്രതിരോധിച്ചതില്‍ ചൗമെനിക്ക് പിഴച്ചതോടെ ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെടുകയായിരുന്നു. ഹാരി കെയ്ന്‍റെ ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ ലോറിസിന് മറുപടിയുണ്ടായിരുന്നില്ല. എന്നാല്‍ 78-ാം മിനുറ്റില്‍ ആന്‍റോയിന്‍ ഗ്രീസ്മാന്‍ മനോഹരമായി തൊടുത്ത ക്രോസില്‍ ജിറൂദ് പറന്നുയര്‍ന്ന് ഹെഡ് ചെയ്‌തതോടെ ഫ്രാന്‍സ് 2-1ന് വീണ്ടും ലീഡ് പിടിച്ചു.
പെനാല്‍റ്റി പാഴാക്കി കെയ്‌ന്‍
82-ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ടിന് സമനില പിടിക്കാന്‍ അവസരം ഒരുങ്ങി. മേസന്‍ മൗണ്ടിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. വാര്‍ ദൃശ്യങ്ങളാണ് ഇംഗ്ലീഷ് സംഘത്തിന് തുണയായത്. നിര്‍ണായക സമയത്ത് ലഭിച്ച അവസരം പക്ഷേ സമ്മര്‍ദത്തിലായിരുന്ന നായകന്‍ ഹാരി കെയ്ന് മുതലാക്കാനായില്ല. കെയ്‌ന്‍ എടുത്ത ഷോട്ട് ബാറിന് മുകളിലൂടെ ഗാലറിയിലെത്തി. കെയ്ന്‍റെ ഷോട്ട് ആകാശത്തേക്ക് പറന്നത് ഞെട്ടലോടെയാണ് ഗാലറിയിലെ ആരാധകര്‍ കണ്ടുനിന്നത്. ഹാരി കെയ്‌ന്‍റെ ഷോട്ട് പാഴായത് കണ്ട് അട്ടഹസിക്കുകയായിരുന്നു ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഫ്രാന്‍സിനോടേറ്റ തോല്‍വി; നാണക്കേടിന്‍റെ റെക്കോർഡിലേക്ക് മൂക്കുംകുത്തി വീണ് ഇംഗ്ലണ്ട്