വേണ്ടിവന്നാല്‍ ചങ്ക് പറിച്ചുകൊടുക്കും; റൊണാള്‍ഡോയുടെ ഗോളിന് നാനിയുടെ ആഘോഷം വൈറല്‍, കൂട്ടിന് ഐഷോസ്‌പീഡും
റോണോയുടെ ആദ്യ പെനാല്‍റ്റി ഗോളില്‍ ഗ്യാലറിയെ ത്രസിപ്പിച്ച ആഘോഷം മുന്‍ സഹതാരം നാനിയുടേയും അമേരിക്കന്‍ കൗമാര യൂട്യൂബര്‍ ഐഷോസ്‌പീഡിന്‍റേതുമായിരുന്നു
ലിസ്‌ബണ്‍: ആവനാഴിയിലെ വെടിമരുന്ന് തീർന്നിട്ടില്ല, പ്രായമായെന്ന വിമര്‍ശനങ്ങളെയും എതിരാളികളേയും ഇരട്ട ഗോളില്‍ നിശബ്ദമാക്കി ഫുട്ബോള്‍ ലോകത്ത് തന്‍റെ കസേരയുടെ മതിപ്പ് വീണ്ടും അടിവരയിട്ടിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലിസ്‌ബണില്‍ തന്‍റെ ആദ്യ മൈതാനമായ സ്പോര്‍ട്ടിംഗിന്‍റെ തട്ടകത്തില്‍ ലീച്ചെൻസ്റ്റൈനെതിരെ യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ തന്‍റെ കുഞ്ഞ് പാദമുദ്രകള്‍ പതിഞ്ഞ മൈതാനം കാല്‍ക്കലാക്കിയപ്പോള്‍ ആഘോഷമേളമായിരുന്നു ഗ്യാലറിയില്‍.
റോണോയുടെ ആദ്യ പെനാല്‍റ്റി ഗോളില്‍ ഗ്യാലറിയെ ത്രസിപ്പിച്ച ആഘോഷം മുന്‍ സഹതാരം നാനിയുടേയും അമേരിക്കന്‍ കൗമാര യൂട്യൂബര്‍ ഐഷോസ്‌പീഡിന്‍റേതുമായിരുന്നു. ഇരുവരുടേയും മതിമറന്ന ഗോളാഘോഷം വൈറലായിരിക്കുകയാണ് ഇതിനകം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ഏറെക്കാലം കളിച്ചിട്ടുള്ള താരമാണ് നാനിയെങ്കില്‍ സിആര്‍7ന്‍റെ കടുത്ത ആരാധകനാണ് ഇന്‍റര്‍നെറ്റ് സെന്‍സേഷനായ ഐഷോസ്‌പീഡ്. റൊണാള്‍ഡോയുടെ മത്സരം കാണാനായി മാത്രം യൂറോപ്പിലേക്ക് വിമാനം കയറിയതായിരുന്നു ഐഷോസ്‌പീഡ്. പോര്‍ച്ചുഗലിന്‍റെ മത്സരം കാണാന്‍ അമേരിക്കയില്‍ നിന്നെത്തിയ ഐഷോസ്‌പീഡിന് ഗംഭീര സ്വീകരണമാണ് മൈതാനത്ത് ലഭിച്ചത്. റൊണാള്‍ഡോയുടെ ആദ്യ ക്ലബായ സ്‌പോര്‍ട്ടിംഗിന്‍റെ പ്രത്യേക ജേഴ്‌സി മത്സരത്തിന് മുമ്പ് ഐഷോസ്‌പീഡിന് സമ്മാനിച്ചു. 112 മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി കളത്തിലിറങ്ങിയ താരമായ നാനിയുടെ ത്രില്‍ പ്രത്യേകം പറയേണ്ടല്ലോ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറഞ്ഞാടിയ യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ലീച്ചെൻസ്റ്റൈനെതിരെ പോർച്ചുഗൽ 4-0ന് വിജയിച്ചു. എട്ടാം മിനുറ്റില്‍ ജോ കാന്‍സലോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചപ്പോള്‍ 47-ാം മിനുറ്റില്‍ ബെര്‍ണാഡോ സില്‍വ ലീഡ് രണ്ടായി ഉയര്‍ത്തി. ഇതിന് ശേഷമായിരുന്നു സിആര്‍7ന്‍റെ ഇരട്ട ഗോള്‍. 51-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ അനായാസം വല ചലിപ്പിച്ച ഇതിഹാസ താരം 63-ാം മിനുറ്റിലെ ഫ്രീകിക്കിലൂടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചു. ഇതോടെ 4-0ന്‍റെ സമ്പൂര്‍ണ ജയം സ്വന്തമാക്കുകയായിരുന്നു പറങ്കിപ്പട. ഇരട്ട ഗോള്‍ നേട്ടത്തോടെ ദേശീയ കുപ്പായത്തില്‍ സിആര്‍7ന്‍റെ ഗോള്‍ നേട്ടം 120ലെത്തി. ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പുരുഷ ഫുട്ബോളര്‍(197 മത്സരങ്ങള്‍) എന്ന നേട്ടവും മത്സരത്തില്‍ റൊണാള്‍ഡോ സ്വന്തമാക്കി.