സാഫ് കപ്പ്: ഇന്ത്യൻ ഫുട്ബോളിന്‍റെ മിന്നും ജയങ്ങൾക്ക് കടപ്പാട് ആരാധകരോട്- രോമാഞ്ചം വീഡിയോ
ഒന്നര മണിക്കൂറോളം നേരം ശ്രീകണ്ഠീരവ ആവേശാരാരവം മുഴക്കിയ ഇന്ത്യന്‍ കാണികള്‍ക്ക് അതുകൊണ്ട് തന്നെ നന്ദി പറയാന്‍ സുനില്‍ ഛേത്രിയും സംഘവും മറന്നില്ല
ബെംഗളൂരു: ഒരു ശ്വാസത്തിന് പോലും ഊര്‍ജം ചോരാതെ 120 മിനുറ്റുകള്‍ മൈതാനത്ത് പൊരിഞ്ഞ പോരാട്ടം കാഴ്‌ചവെക്കുക, അതിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എതിരാളികളെ പൂര്‍ണമായും മൈതാനത്ത് നിന്ന് അപ്രത്യക്ഷരാക്കി ആധികാരിക ജയം നേടുക. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സാഫ് കപ്പ് ഫുട്ബോള്‍ സെമിയില്‍ 4-2ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലെബനോനെ വീഴ്‌ത്തി ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമടക്കാനായില്ല.
ഒന്നര മണിക്കൂറോളം നേരം ശ്രീകണ്ഠീരവയില്‍ ആവേശാരവം മുഴക്കിയ ഇന്ത്യന്‍ കാണികള്‍ക്ക് അതുകൊണ്ട് തന്നെ നന്ദി പറയാന്‍ സുനില്‍ ഛേത്രിയും സംഘവും മറന്നില്ല. ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ഗോളി ഗുർപ്രീത് സിംഗ് സന്ധുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം കാണികളെ അഭിവാദ്യം ചെയ്ത് വൈക്കിംഗ് ക്ലാപ് ചെയ്‌തു. ഇന്ത്യന്‍ വിജയത്തില്‍ ഇരട്ടിമധുരമായി ഈ കാഴ്‌ച. കാണികളാണ് ഇന്ത്യന്‍ ഫുട്ബോളിന്‍റെ കരുത്ത് എന്ന വിശേഷണങ്ങള്‍ അടിവരയിട്ട് ഉറപ്പിക്കുന്ന കാഴ്‌ച കൂടിയായി ഇത്. നായകന്‍ സുനില്‍ ഛേത്രിയടക്കമുള്ള എല്ലാ താരങ്ങളും വൈക്കിംഗ് ക്ലാപ്പിനുണ്ടായിരുന്നു. കാണികളാണ് കരുത്ത് എന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ടീം വൈക്കിംഗ് ക്ലാപിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോള്‍ സെമിയില്‍ ഇന്ത്യ-ലെബനോന്‍ മത്സരം എക്‌സ്‌ട്രാടൈമിലും ഗോള്‍രഹിതമായി തുടര്‍ന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആവേശ ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീമിനായി നായകന്‍ സുനില്‍ ഛേത്രിയും അന്‍വര്‍ അലിയും മഹേഷ് സിംഗും ഉദാന്ത സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ലെബനോനായി ഹസ്സന്‍ മാതൂക്, ഖലീല്‍ ബാദര്‍ എന്നിവരെടുത്ത കിക്കുകള്‍ പാഴായി. മുഹമ്മദ് സാദേക്, വാലിദ് ഷോര്‍ എന്നിവരുടെ കിക്കുകള്‍ മാത്രമാണ് വലയിലെത്തിയത്. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം 4-2ന്‍റെ ജയത്തോടെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ബെംഗളൂരുവില്‍ ജൂലൈ നാലിന് നടക്കുന്ന ഫൈനലില്‍ കുവൈത്താണ് ഇന്ത്യക്ക് എതിരാളികള്‍.
Read more: സാഫ് കപ്പ് ഫുട്ബോള്‍: ലെബനോനെ വീഴ്‌ത്തി ഇന്ത്യ ഫൈനലില്‍, ബെംഗളൂരു നീലക്കടല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം