കരഞ്ഞ് കളംവിട്ട് റൊണാൾഡോ, കിംഗ്‌സ് കപ്പും പോയി അൽ നസര്‍; കിരീടം ഉയര്‍ത്തി അൽ ഹിലാല്‍- വീഡിയോ

റോണോ മൈതാനത്ത് കിടന്ന് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു

Watch Cristiano Ronaldo in tears as Al Nassr lose Kings Cup final to Al Hilal

ജിദ്ദ: സൗദി കിംഗ്‌സ് കപ്പ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ച് അൽ ഹിലാലിന് കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അൽ ഹിലാലിന്‍റെ കിരീട നേട്ടം. കളിയുടെ 90 മിനുട്ടും ഇരു ടീമുകളും ഓരോ ഗോൾ അടിച്ചു മത്സരം സമനിലയിൽ നിന്നു. പിന്നിടുള്ള എക്‌സ്‌ട്രാടൈമിലും ഇതിന് മാറ്റമുണ്ടായില്ല. ഇതോടെയാണ് ഫൈനൽ പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

5-4 എന്ന സ്കോറിനാണ് പെനാൽറ്റിയിൽ അൽ ഹിലാലിന്‍റെ ജയം. ലീഗ് കപ്പ് നേടിയതിന് പിന്നാലെ അൽ ഹിലാലിന്‍റെ മറ്റൊരു കിരീട നേട്ടമാണിത്. നേരത്തെ ഏഴാം മിനുറ്റില്‍ അലക്സാണ്ടര്‍ മിട്രോവിച്ച് അല്‍ ഹിലാലിനെ മുന്നിലെത്തിച്ചപ്പോള്‍ ഐമന്‍ യഹ്‌യയിലൂടെ 88-ാം മിനുറ്റിലാണ് അല്‍ നസര്‍ സമനില പിടിച്ചത്. ഇതോടെയാണ് കലാശപ്പോര് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഗോളി ബോണോയുടെ മികവിലാണ് അല്‍ ഹിലാല്‍ വിജയത്തേരിലേറിയത്. 

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നസറിനായി കിംഗ്‌സ് കപ്പ് ഫൈനലിന്‍റെ രണ്ട് പാദങ്ങളിലും ഗോളുകൾ കണ്ടെത്താനായില്ല. റൊണാൾഡോയുടെ ഒരു ബൈസിക്കിൾ കിക്ക് പോസ്റ്റിൽ തട്ടി തെറിക്കുന്നതും മത്സരത്തിൽ കാണാനായി. കിരീടം നഷ്ടപ്പെട്ടതോടെ ഏറെ വൈകാരികമായാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. റോണോ മൈതാനത്ത് കിടന്ന് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സീസണില്‍ കിരീടമേതും ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനുമില്ല. 

സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിനോട് പോയിന്‍റ് പട്ടികയിലെ വലിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ഫിനിഷ് ചെയ്‌തത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലാവട്ടെ ക്വാര്‍ട്ടര്‍ഫൈനലില്‍ തോറ്റു. അശ്ലീല ആംഗ്യം കാണിച്ചു എന്ന ആരോപണത്തില്‍ ഇതിനിടെ സൂപ്പര്‍ താരം സസ്‌പെന്‍ഡ് ചെയ്യപ്പെടുകയുമുണ്ടായി. ഗോളുകളുടെ എണ്ണത്തിലെ വ്യക്തിഗത റെക്കോര്‍ഡ് മാത്രമാണ് സീസണില്‍ റൊണാള്‍ഡോയ്‌ക്ക് ആശ്വസിക്കാനുള്ളത്. 

Read more: ബംഗ്ലാദേശിനെതിരെ സഞ്ജു കളിച്ചേക്കും! വിരാട് കോലി പുറത്തിരുന്നേക്കും; സന്നാഹത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios