ഒരു നിമിഷത്തെ മൗനാചരണം, വാപൂട്ടാന്‍ ആംഗ്യം; ബ്രസീലിനെ പൊട്ടിച്ച് ആനന്ദനൃത്തമാടി അര്‍ജന്‍റീന താരങ്ങള്‍
പരമ്പരാഗത വൈരികള്‍ തമ്മിലുള്ള വീറും വാശിയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് കൂട്ടത്തല്ലായി മാറുന്ന കാഴ്‌ചയാണ് റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ കണ്ടത്
മാറക്കാന: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ ഫുട്ബോള്‍ ടീം സ്വന്തം തട്ടകമായ മാറക്കാനയില്‍ ചരിത്ര തോല്‍വി രുചിച്ചപ്പോള്‍ അര്‍ജന്‍റൈന്‍ താരങ്ങളുടെ വമ്പനാഘോഷം. മാരക്കാനയിലെ ബ്രസീലിയന്‍ ആരാധകരെ നിശബ്‌ദരാക്കി മത്സര ശേഷം ലിയോണല്‍ മെസി അടക്കമുള്ള അര്‍ജന്‍റൈന്‍ താരങ്ങള്‍ വിജയാഘോഷം നടത്തുകയായിരുന്നു. ഒരു നിമിഷം മൗനമാചരിച്ച ശേഷം ബ്രസീലിയന്‍ ആരാധകരോട് വാപൂട്ടാന്‍ ആംഗ്യം കാണിച്ചാണ് അര്‍ജന്‍റീനയുടെ താരങ്ങള്‍ വിജയം മതിമറന്ന് ആഘോഷിച്ചത്. മത്സരത്തിന് മുമ്പ് ആരാധകരെ കൈകാര്യം ചെയ്‌ത ബ്രസീലിയന്‍ പൊലീസിനുള്ള മറുപടിയാണ് ഈ ആഘോഷമെന്നും പറയപ്പെടുന്നു.
പരമ്പരാഗത വൈരികള്‍ തമ്മിലുള്ള വീറും വാശിയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് കൂട്ടത്തല്ലായി മാറുന്ന കാഴ്‌ചയാണ് റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ കണ്ടത്. മാറക്കാന സ്റ്റേഡിയത്തില്‍ മത്സരത്തിന് മുമ്പ് ബ്രസീലിന്‍റെയും അര്‍ജന്‍റീനയുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അര്‍ജന്‍റീനന്‍ ആരാധകരെ ബ്രസീല്‍ പൊലീസ് കൈകാര്യം ചെയ്‌തതായി ആരോപിച്ച് എമി മാര്‍ട്ടിനസ് അടക്കമുള്ളവര്‍ തര്‍ക്കിക്കുന്ന കാഴ്‌ച മൈതാനത്ത് കാണാമായിരുന്നു. അര്‍ജന്‍റീനയുടെ ആരാധകരെ മര്‍ദിക്കാന്‍ പൊലീസ് കൂട്ടുനിന്നതായും ആരോപണമുണ്ട്. സംഘര്‍ഷത്തില്‍ ആരാധകര്‍ക്ക് പരിക്കേറ്റു. ഇരു ആരാധകക്കൂട്ടവും തമ്മിലുള്ള സംഘര്‍ഷവും പൊലീസ് ഇടപെടലും നീണ്ടതോടെ അര മണിക്കൂറോളം വൈകിയാണ് മാറക്കാന സ്റ്റേഡിയത്തില്‍ മത്സരം ആരംഭിച്ചത്. കിക്കോഫ് വൈകിയതോടെ ലിയോണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീന ടീം ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.
മത്സരം കഴിഞ്ഞതും എതിരാളികളുടെ വായടപ്പിക്കുന്ന ആഘോഷം അര്‍ജന്‍റീന ടീം അഴിച്ചുവിട്ടു. ആ ദൃശ്യങ്ങള്‍ കാണാം.
മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയോട് ബ്രസീല്‍ പരാജയം സമ്മതിച്ചു. 63-ാം മിനുറ്റില്‍ ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടിയ നിക്കോളാസ് ഒട്ടാമെന്‍ഡി അര്‍ജന്‍റീനയ്‌ക്ക് ജയമൊരുക്കുകയായിരുന്നു. ഇതോടെ ചരിത്രത്തിലാദ്യമായി ബ്രസീല്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരം തോറ്റു. 81-ാം മിനുറ്റില്‍ ബ്രസീലിന്‍റെ ജോലിന്‍ടണ്‍ ചുവപ്പ് കണ്ട് പുറത്തായി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 6 കളികളില്‍ 15 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് തലപ്പത്ത്. ഇത്രതന്നെ മത്സരങ്ങളില്‍ ഏഴ് പോയിന്‍റ് മാത്രമുള്ള ബ്രസീല്‍ തോല്‍വിയോടെ ആറാം സ്ഥാനത്തായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം