മെസിയുടെ വീടിന് മുന്നില്‍ ആരാധകപ്രളയം; പണിപ്പെട്ട് പൊലീസ്- വീഡിയോ
ബ്യൂണസ് അയേഴ്സിന്‍റെ തെരുവുകളില്‍ ദശലക്ഷക്കണത്തിന് ആരാധകർ മോഹക്കിരിടാം ഒരുനോക്ക് കാണാനും ടീമിനെ അഭിനന്ദിക്കാനും തടിച്ചുകൂടിയത്
ബ്യൂണസ് അയേഴ്സ്: അർജന്‍റീന ലോകകപ്പ് ഫുട്ബോള്‍ കിരീടം ഉയർത്തിയതിന്‍റെ ആഹ്ളാദത്തിരകളിലാണ് ലാറ്റിനമേരിക്കന്‍ രാജ്യം. ലോകകപ്പുമായി പറന്നിറങ്ങിയ മെസിക്കും സംഘത്തിനും ലക്ഷക്കണക്കിന് ആരാധകരാണ് വരവേല്‍പ് നല്‍കാനെത്തിയത്.
ബ്യൂണസ് അയേഴ്സിന്‍റെ തെരുവുകളില്‍ ദശലക്ഷക്കണത്തിന് ആരാധകർ മോഹക്കിരീടാം ഒരുനോക്ക് കാണാനും ടീമിനെ അഭിനന്ദിക്കാനും തടിച്ചുകൂടി എന്നാണ് റിപ്പോർട്ട്. ഇതിനിടെ മെസിയുടെ വീട്ടിലേക്കും ആരാധകരുടെ ഒഴുക്കുണ്ടായി എന്നാണ് റിപ്പോർട്ട്. കാറില്‍ മെസി വീട്ടിലേക്ക് വരവേ ആരാധകർ ഒഴുകിയെത്തുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതിന്‍റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെടുന്നത് വീഡിയോയില്‍ കാണാം. കാറില്‍ വന്നിറങ്ങുന്ന മെസിക്കൊപ്പം സെല്‍ഫികളെടുക്കാനും ചിത്രങ്ങളെടുക്കാനും ആരാധകരുടെ തിരക്കായിരുന്നു. ഒടുവില്‍ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകരെ നിയന്ത്രിച്ചത്.
ഫുട്ബോള്‍ ലോകകപ്പ് കിരീടവുമായി ലിയോണല്‍ മെസിയും സംഘവും കഴിഞ്ഞ ദിവസം അർജന്‍റീനയിലെത്തിയിരുന്നു. ബ്യൂണസ് അയേഴ്സ് വിമാനത്താവളത്തിൽ നിന്ന് തുറന്ന ബസിലാണ് ടീം ഫുട്ബോൾ അസോസിയേഷൻ ആസ്ഥാനത്തേക്ക് പോയത്. ലക്ഷക്കണക്കിന് പേര്‍ മെസിയെയും സംഘത്തെയും വരവേൽക്കാൻ എത്തി. ആരാധകരെ കൊണ്ട് ബ്യൂണസ് അയേഴ്സ് നഗരം നിറഞ്ഞു.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടത് നിര്‍ണായകമായി. ചൗമെനിയുടെ ഷോട്ട് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പോവുകയും ചെയ്തു എക്‌സ്ട്രാ ടൈമിന്‍റെ അവസാന നിമിഷം വമ്പന്‍ സേവുമായും എമി തിളങ്ങി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം ഇതോടെയാണ് 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയത്.