എംബാപ്പെയെ വിടാതെ അര്‍ജന്‍റീനന്‍ ആരാധകരും; വിക്‌ടറി പരേഡില്‍ അധിക്ഷേപങ്ങള്‍ മാത്രം; കോലം കത്തിച്ചും ആഘോഷം
ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റേയും ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ആരാധകര്‍ കിലിയന്‍ എംബാപ്പെയുടെ ചിത്രം കത്തിച്ചു
ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍ അര്‍ജന്‍റീനയ്ക്ക് അവസാന നിമിഷം വരെ നെഞ്ചിടിച്ച് നല്‍കിയ താരമാണ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ. പൂര്‍ണ സമയത്തിന്‍റെ അവസാന വേളയിലും എക്‌സ്‌ട്രാ ടൈം തീരാന്‍ രണ്ട് മിനുറ്റ് മാത്രം ബാക്കിനില്‍ക്കേയും സമനില ഗോളുകളുമായി അര്‍ജന്‍റീനയെ വിറപ്പിച്ച എംബാപ്പെ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു. ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്‍റീന ജയിച്ചപ്പോള്‍ ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറില്‍ പരേഡില്‍ എംബാപ്പെയ്ക്ക് എതിരെ അര്‍ജന്‍റീനന്‍ ആരാധകരുടെ രോക്ഷം ഇരമ്പുന്നതാണ് കണ്ടത്.
ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റേയും ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ആരാധകര്‍ കിലിയന്‍ എംബാപ്പെയുടെ ചിത്രം കത്തിച്ചു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ് എന്ന് സ്പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബാപ്പെയുടെ 24-ാം ജന്‍മദിനത്തില്‍ കൂടിയായിരുന്നു അര്‍ജന്‍റീനന്‍ ആരാധകര്‍ എംബാപ്പെയുടെ കോലം കത്തിച്ചത്. ഫൈനലിലെ ഹാട്രിക് അടക്കം ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് എംബാപ്പെ. രണ്ട് മിനുറ്റിനിടെ ഇരട്ട ഗോളുമായി എംബാപ്പെ വിറപ്പിച്ചതോടെയാണ് ഫൈനലില്‍ അര്‍ജന്‍റീന മേധാവിത്തം കൈവിട്ടത്. 80, 118 മിനുറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുറ്റില്‍ സൂപ്പര്‍ വോളിയിലൂടെയും എംബാപ്പെ വല കുലുക്കി.
ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ കിലിയന്‍ എംബാപ്പെയെ അപമാനിക്കുന്ന മറ്റ് സംഭവങ്ങളുമുണ്ടായി. എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് അര്‍ജന്‍റീനന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമര്‍ശനം ഇതിനകം ശക്തമായിക്കഴിഞ്ഞു. അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയന്‍ എംബാപ്പെയെ എമി മാര്‍ട്ടിനസ് കളിയാക്കുന്നത്. അര്‍ജന്‍റീന ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെയും ഗോള്‍ ഗ്ലൗ പുരസ്‌കാരം നേടിയ ശേഷമുള്ള അശ്ലീല ആംഗ്യത്തിലൂടെയും എമി വിവാദത്തിലായിരുന്നു.
എമിയുടെ കലിപ്പ് തീരണില്ല, എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം; രൂക്ഷ വിമര്‍ശനം