മായിക ചടങ്ങ്, 70000ത്തോളം കാണികള്‍; നെയ്‌മര്‍ ജൂനിയറെ അവതരിപ്പിച്ച് സൗദി ക്ലബ് അൽ ഹിലാൽ- വീഡിയോ
ബ്രസീലിയൻ സൂപ്പര്‍ താരത്തെ വരവേൽക്കാൻ റിയാദ് കിങ് ഫഹദ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ എത്തിലെത്തിയത് അറുപത്തിയെണ്ണായിരത്തിലധികം ആരാധകര്‍
റിയാദ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ജൂനിയറെ ആരാധകര്‍ക്ക് മുന്നിൽ അവതരിപ്പിച്ച് സൗദി ക്ലബ് അൽ ഹിലാൽ. മൊറോക്കൻ ഗോൾകീപ്പര്‍ യാസിൻ ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി.
നെയ്‌മര്‍ ജൂനിയര്‍ക്ക് സൗദി മണ്ണിൽ ആവേശ്വോജ്ജല സ്വീകരണമാണ് ലഭിച്ചത്. ബ്രസീലിയൻ സൂപ്പര്‍ താരത്തെ വരവേൽക്കാൻ റിയാദ് കിങ് ഫഹദ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ എത്തിലെത്തിയത് അറുപത്തിയെണ്ണായിരത്തിലധികം ആരാധകരാണ്. കരിയറിലെ പുതിയൊരു അധ്യായം തുറക്കുന്നതിൽ സന്തോഷമെന്നും അൽ ഹിലാലിനായി സാധ്യമായ കിരീടങ്ങളെല്ലാം നേടിക്കൊടുക്കുമെന്നും നെയ്‌മര്‍ ആരാധകര്‍ക്ക് വാക്ക് നൽകി. 1450 കോടി പ്രതിവര്‍ഷ കരാറിലാണ് നെയ്‌മര്‍ പിഎസ്‌ജി വിട്ട് അൽ ഹിലാലിലെത്തിയത്. പിഎസ്ജിക്ക് 817 കോടി രൂപ ട്രാൻസ്ഫർ തുക നൽകി. അടുത്ത വ്യാഴാഴ്ച അൽ റയീദിനെതിരാണ് നെയ്‌മറിന്‍റെ അരങ്ങേറ്റ മത്സരം.
മൊറോക്കോയുടെ ലോകകപ്പ് ഹീറോ യാസിൻ ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി. സെവിയയിൽ നിന്നാണ് സൂപ്പര്‍ ഗോൾകീപ്പറെ അൽ ഹിലാൽ ടീമിലെത്തിച്ചത്.
യൂറോപ്യന്‍ ലീഗ് വിട്ട് സൗദി പ്രോ ലീഗിലേക്ക് വരാൻ കാരണം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് നെയ്മർ ജൂനിയർ വ്യക്തമാക്കിയിരുന്നു. ജനുവരിയിൽ അൽ നസ്റുമായി റൊണാൾഡോ കരാറിൽ എത്തിയപ്പോൾ ഭ്രാന്തൻ തീരുമാനം എന്നായിരുന്നു വിമർശനം. പിഎസ് ജിയിൽ നിന്ന് രണ്ട് വർഷ കരാറിലാണ് ബ്രസീലിയൻ താരം അൽ ഹിലാലിൽ എത്തിയത്. ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചാണ് നെയ്‌മർ മുപ്പത്തിയൊന്നാം വയസിൽ യൂറോപ്യന്‍ ഫുട്ബോളിന്‍റെ പളപളപ്പ് വിട്ട് സൗദി ക്ലബായ അൽ ഹിലാലിൽ എത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കോ പഴയ ക്ലബായ ബാഴ്സലോണയിലേക്കോ കൂടുമാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം അപ്രതീക്ഷിതമായി സൗദിയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം