ബ്യൂണസ് അയേഴ്സില്‍ തടിച്ചുകൂടി 40 ലക്ഷം പേര്‍! ടീം ബസ് വഴിതിരിച്ചുവിട്ടു, ഒടുവില്‍ രക്ഷക്കെത്തി ഹെലികോപ്റ്റര്‍
36 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഖത്തറിൽ നിന്ന് സ്വന്തമാക്കിയ സ്വർണക്കപ്പ് ലിയോണല്‍ മെസി ആരാധകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയപ്പോൾ ആവേശം അലതല്ലി
ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അർജന്‍റീന ടീമിന് രാജകീയ വരവേൽപ്പ്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതൽ അഭിമാനതാരങ്ങളെ വിടാതെ പിന്തുടർന്ന ആരാധകക്കൂട്ടം ബ്യൂണസ് അയേഴ്സിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി.
36 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഖത്തറിൽ നിന്ന് സ്വന്തമാക്കിയ സ്വർണക്കപ്പ് ലിയോണല്‍ മെസി ആരാധകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയപ്പോൾ ആവേശം അലതല്ലി. തെരുവുകളും റോഡുകളും ആരാധകരാല്‍ നിറഞ്ഞതോടെ ടീമിന്‍റെ വിക്‌ടറി ബസ് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതമായി. മെസിയെയും സംഘത്തേയും സ്വീകരിക്കാന്‍ നാല്‍പത് ലക്ഷം ആരാധകരെങ്കിലും ബ്യൂണസ് അയേഴ്സിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ താരങ്ങളെ ബസില്‍ നിന്ന് ഹെലികോപ്റ്ററിലേക്ക് മാറ്റേണ്ടിവന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. വിശ്രമത്തിന് ശേഷം താരങ്ങൾ വീണ്ടും ക്ലബുകൾക്കൊപ്പം ചേരും.
ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അർജന്റീന പിന്നീട് വൻ കുതിപ്പാണ് നടത്തിയത്. മെക്സിക്കോയെയും പോളണ്ടിനെയും തകർത്ത് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ടീം പ്രീ ക്വാർട്ടറിൽ എത്തി. ഓസ്ട്രേലിയൻ വെല്ലുവിളി പ്രീ ക്വാർട്ടറിലും നെതർലാൻഡ്‌സ് ഭീഷണി ക്വാർട്ടറിലും കടന്നാണ് ടീം സെമിയിലേക്ക് കുതിച്ചത്. അവസാന നാലിൽ ക്രൊയേഷ്യയെ തകർത്ത മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ തകർക്കുകയായിരുന്നു. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മെസിയുടെ വീടിന് മുന്നില്‍ ആരാധകപ്രളയം; പണിപ്പെട്ട് പൊലീസ്- വീഡിയോ