ബയേണിനെ ഇനി വിന്‍സന്റ് കോംപനി പരിശീലിപ്പിക്കും! കരാര്‍ മൂന്ന് വര്‍ഷത്തേക്ക്
മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ നായകനായിരുന്ന വിന്‍സന്റ് കോംപനി നാകയനെന്ന നിലയിലും പ്രതിരോധ താരമെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു.
മ്യൂണിക്ക്: ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് പുതിയ കോച്ചിനെ കണ്ടെത്തി. ബേണ്‍ലിയുടെ കോച്ചും മുന്‍ ബെല്‍ജിയം സൂപ്പര്‍ താരവുമായ വിന്‍സന്റ് കോംപനിയാണ് വരും സീസണില്‍ ടീമിനെ പരിശീലിപ്പിക്കുക. മൂന്ന് വര്‍ഷത്തെ കരാറിലാണ് 38 കാരനായ ബെല്‍ജിയം താരം ഒപ്പുവെച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് വിവരങ്ങള്‍ പങ്കുവെച്ചത്. ഏതാണ്ട് 101 കോടി രൂപയോളം നഷ്ടപരിഹാരം ബേണ്‍ലിക്ക് നല്‍കിയാണ് കോംപനിയെ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തോമസ് ടുഷേല്‍ പടിയിറങ്ങിയതിന് പിന്നാലെ നിരവധി പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ നായകനായിരുന്ന വിന്‍സന്റ് കോംപനി നാകയനെന്ന നിലയിലും പ്രതിരോധ താരമെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു. 11 വര്‍ഷം സിറ്റിക്ക് വേണ്ടി പന്തു തട്ടി. ബെല്‍ജിയം ക്ലബായ ആന്റര്‍ലെറ്റിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെ 2020ലാണ് ഫുട്‌ബോള്‍ മാനേജറായി അരങ്ങേറ്റം. പിന്നീട് കോംപനി 2022ല്‍ ബേണ്‍ലിയുടെ കോച്ചായി ചുമതലയേറ്റെടുത്തു. ബുണ്ടസ് ലീഗയില്‍ കിരീടം നഷ്ടമായ ബയേണ്‍ മ്യൂണിക്കിനെ പ്രതാപ കാലത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ട ഭാരിച്ച ചുമതലയാണ് വിന്‍സന്റ് കോംപനിക്ക് മുന്നിലുള്ളത്.