ക്രിസ്റ്റ്യാനോയുടേത് ഹാട്രിക്ക്? കാന്‍സലോയുടെ ഗോളിന്റെ അവകാശം താരത്തിന്- വിഡീയോയില്‍ എല്ലാം വ്യക്തം
ക്രിസ്റ്റിയാനോ ഹാട്രിക് നേടിയെന്നുള്ളതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. കാന്‍സലോയുടെ ഗോളിന്റെ അവകാശി ക്രിസ്റ്റിയാനോയാണെന്ന് വാദമുണ്ട്. എട്ടാം മിനിറ്റിലായിരുന്നു കാന്‍സലോയുടെ ഗോള്‍.
ലിസ്ബണ്‍: യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ലീച്ചെന്‍സ്‌റ്റൈനെതിരെ പോര്‍ച്ചുഗല്‍ ജയിക്കുമ്പോള്‍ ഹീറോയായത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു. രണ്ട് ഗോളായിരുന്നു താരം നേടിയിരുന്നത്. ഒരു പെനാല്‍റ്റിയും മറ്റൊന്ന് ഫ്രീകിക്കിലൂടേയും. ഇതോടെ ദേശീയ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം 120 ആയി. ജാവോ കാന്‍സലോ, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിന്റെ മറ്റ് സ്‌കോറര്‍മാര്‍.
എന്നാല്‍, ക്രിസ്റ്റിയാനോ ഹാട്രിക് നേടിയെന്നുള്ളതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. കാന്‍സലോയുടെ ഗോളിന്റെ അവകാശി ക്രിസ്റ്റിയാനോയാണെന്ന് വാദമുണ്ട്. എട്ടാം മിനിറ്റിലായിരുന്നു കാന്‍സലോയുടെ ഗോള്‍. ബോക്‌സിന് പുറത്തുനിന്ന് ബയേണ്‍ മ്യൂണിച്ച് താരം തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ മറികടന്ന് ഗോള്‍വര കടന്നിരന്നു. പന്ത് വലയിലെത്തും മുമ്പ് ലീച്ചെന്‍സ്‌റ്റൈന്‍ പ്രതിരോധ താരത്തിന്റെ ക്രിസ്റ്റ്യാനോയുടെ കാലിലും തട്ടിയെന്നുള്ളത് വീഡിയ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വീഡിയോ കാണാം...
ലീച്ചെന്‍സ്‌റ്റൈനെതിരായ പോരാട്ടത്തോടെ പുരുഷ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടത്തിലെത്തി സാക്ഷാല്‍ സിആര്‍7. 38കാരനായ റൊണാള്‍ഡോയുടെ 197-ാം മത്സരമായിരുന്നു ഇത്. 196 മത്സരങ്ങള്‍ കളിച്ച കുവൈത്തിന്റെ ബാദര്‍ അല്‍ മുത്താവയുടെ റെക്കോര്‍ഡ് റൊണാള്‍ഡോ തകര്‍ത്തു. കാന്‍സലോയുടെ ഗോളിന് ശേഷം, 47-ാം മിനുറ്റില്‍ ബെര്‍ണാഡോ സില്‍വ ലീഡ് രണ്ടായി ഉയര്‍ത്തി. ഇതിന് ശേഷമായിരുന്നു ക്രിസ്റ്റിയാനോയുടെ ഇരട്ട ഗോള്‍.
51-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ അനായാസം വല ചലിപ്പിച്ച ഇതിഹാസ താരം 63-ാം മിനുറ്റിലെ ഫ്രീകിക്കിലൂടെ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചു. ഇതോടെ 4-0ന്റെ സമ്പൂര്‍ണ ജയം സ്വന്തമാക്കുകയായിരുന്നു പറങ്കിപ്പട. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടുന്നത്. കഴിഞ്ഞ മത്സരത്തില്‍ സൗദി ക്ലബ് അല്‍ നസ്റിനായി റോണോ ഫ്രീകിക്ക് ഗോള്‍ നേടിയിരുന്നു.
ഖത്തര്‍ ലോകകപ്പിലെ വിവാദ ബഞ്ചിലിരിപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്. ക്യാപ്റ്റന്റെ ആം ബാന്‍ഡും ടീമിലെ സീനിയര്‍ താരത്തിന്റെ കൈകളിലെത്തി.
മുഖത്തടിയൊക്കെ എന്നേ മറന്നു; ഒന്നിച്ചിരുന്ന് ഐപിഎല്‍ കമന്‍ററി പറയാന്‍ ശ്രീശാന്തും ഹര്‍ഭജനും