ഖത്തര്‍ ലോകകപ്പ് റിപ്പോര്‍ട്ടിംഗിനിടെ വിഖ്യാത കായിക ലേഖകന്‍ അന്തരിച്ചു

ലുസൈല്‍ സ്റ്റേഡിയത്തിലെ മത്സരത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ മുറിയില്‍ ഗ്രാന്‍ഡ് വാല്‍ കുഴഞ്ഞുവീഴുകയായിരുന്നു

US sports journalist Grant Wahl dies FIFA World Cup 2022 while reporting

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അമേരിക്കന്‍ ഫുട്ബോള്‍ എഴുത്തുകാരനായ ഗ്രാന്‍ഡ് വാല്‍(48) അന്തരിച്ചു. മത്സരത്തിലെ എക്‌സ്‌ട്രാ ടൈം ആരംഭിക്കുമ്പോള്‍ പ്രസ് ബോക്‌സില്‍ കുഴഞ്ഞുവീണ വാലിന് പ്രഥമ ശുശ്രൂഷ നല്‍കുകയും പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ പ്രമുഖ ഫുട്ബോള്‍ ലേഖകരില്‍ ഒരാളാണ് ഗ്രാന്‍ഡ് വാല്‍. 

ലുസൈല്‍ സ്റ്റേഡിയത്തിലെ മത്സരത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ മുറിയില്‍ ഗ്രാന്‍ഡ് വാല്‍ ഇരിപ്പിടത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തുവച്ചു തന്നെ സഹ മാധ്യമപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ഉടനടി പ്രഥമ ശുശ്രൂഷ നല്‍കി. പിന്നാലെ ഹമാദ് ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റി. എങ്കിലും ഗ്രാന്‍ഡ് വാലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

തന്‍റെ കായിക മാധ്യമപ്രവര്‍ത്തന കരിയറിലെ എട്ടാം ലോകകപ്പിനായാണ് ഗ്രാന്‍ഡ് വാല്‍ ഖത്തറിലെത്തിയത്. ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി തന്‍റെ വെബ്‌സൈറ്റില്‍ ഗ്രാന്‍ഡ് മുമ്പ് എഴുതിയിരുന്നതായാണ് ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖത്തറിലെത്തിയ ശേഷം മെഡിക്കല്‍ സഹായം തേടിയിരുന്നു. 1996 മുതല്‍ കായിക റിപ്പോര്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് വാലിന് സ്വന്തമായി വെബ്‌സൈറ്റുണ്ട്. 2012 മുതല്‍ 2019 വരെ ഫോക്‌സ് സ്പോര്‍ട്‌സിനായി മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഗ്രാന്‍ഡ് വാലിന്‍റെ മരണവാര്‍ത്ത ഹൃദയഭേദകമെന്ന് യുഎസ് സോക്കര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. മരണവാര്‍ത്തയുടെ ഞെട്ടലിലാണെന്നും എല്ലാവരുടേയും സഹായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും വാലിന്‍റെ പങ്കാളി സെലീന്‍ ഗ്രൗണ്ടര്‍ ട്വീറ്റ് ചെയ്തു. മരണത്തിന് ഒരു ദിവസം മുമ്പായിരുന്നു ഗ്രാന്‍ഡ് വാലിന്‍റെ 48-ാം ജന്‍മദിനം. ഫിഫ വാര്‍ഷിക പുരസ്‌കാര ചടങ്ങില്‍ വോട്ടവകാശമുള്ള മാധ്യമപ്രവര്‍ത്തകനാണ് ഗ്രാന്‍ഡ് വാല്‍. എട്ടോ അതിലധികമോ ലോകകപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്‌തവര്‍ക്കുള്ള അംഗീകാരമായി അടുത്തിടെ ഫിഫ ഇദേഹത്തെ ആദരിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios