ഉറുഗ്വെയുടെ രണ്ടടിയില്‍ ബ്രസീല്‍ വീണു! പോയിന്റ് പട്ടികയില്‍ കാനറികള്‍ക്ക് തിരിച്ചടി, നെയ്മര്‍ക്ക് പരിക്ക്
എവേ മത്സരത്തില്‍ പന്തടക്കത്തില്‍ മാത്രമാണ് ബ്രസീല്‍ മുന്നിലെത്തിയത്. ഷോട്ടുകളുതിര്‍ക്കുന്നതിലും അവസരങ്ങളുണ്ടാക്കുന്നതിലും ഉറുഗ്വെ ഒരു പിടി മുന്നിലായിരുന്നു.
മോണ്ടിവീഡിയോ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രീസിലിന് തോല്‍വി. ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിനമേരിക്കന്‍ വമ്പന്മാരെ തകര്‍ത്തത്. ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരാണ് ഉറുഗ്വെയുടെ ഗോളുകള്‍ നേടിയത്. 22 വര്‍ഷങ്ങള്‍ക്കിടെ ബ്രസീലിനെതിരെ ഉറുഗ്വെയുടെ ആദ്യ വിജയമാണിത്. ജയമില്ലാത്ത ബ്രസീലിന്റെ രണ്ടാം മത്സരം കൂടിയാണിത്. കഴിഞ്ഞ മത്സരത്തില്‍ കാനറികള്‍ വെനെസ്വേലയോട് 1-1ന് സമനില പാലിച്ചിരുന്നു. ഉറുഗ്വെയ്‌ക്കെതിരായ തോല്‍വിയോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് നെയ്മറിനും സംഘത്തിനും. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയും. ഉറുഗ്വെ രണ്ടാം സ്ഥാനത്തേക്ക് കയറി. ഏഴ് പോയിന്റുള്ള അവര്‍ ബ്രസീലിനെ പിന്തള്ളിയത് ഗോള്‍ വ്യത്യാസത്തിലാണ്. രണ്ട് ജയമുണ്ട് അക്കൗണ്ടില്‍. കൂടെ ഓരോ തോല്‍വിയും സമനിലയും.
എവേ മത്സരത്തില്‍ പന്തടക്കത്തില്‍ മാത്രമാണ് ബ്രസീല്‍ മുന്നിലെത്തിയത്. ഷോട്ടുകളുതിര്‍ക്കുന്നതിലും അവസരങ്ങളുണ്ടാക്കുന്നതിലും ഉറുഗ്വെ ഒരു പിടി മുന്നിലായിരുന്നു. ആദ്യ പാതിയില്‍ തന്നെ ഉറുഗ്വെ മുന്നിലെത്തി. 42-ാം മിനിറ്റില്‍ നൂനസിന്റെ ഹെഡ്ഡര്‍ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ മറികടന്ന് വലയില്‍ കയറി. മാക്‌സിമിലിയാനോ അറൗഹോയാണ് ഗോളിന് വഴിയൊരുക്കിയത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ആദ്യപാതി അവസാനിച്ചു. എന്നാല്‍, നെയ്മര്‍ പരിക്കേറ്റ് പുറത്ത് പോയത് ബ്രീസീലിന് തിരിച്ചടിയായി.
രണ്ടാംപാതിയില്‍ ബ്രസീല്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഫലമൊന്നും കണ്ടില്ല. 77-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ഉറുഗ്വെ മുന്നിലെത്തി. ആദ്യ ഗോള്‍ നേടിയ നൂനസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. നിക്കോളാസ് ഡി ലീ ക്രൂസ് മനോഹരമാമായി ഫിനിഷ് ചെയ്തു. മറ്റൊരു മത്സരത്തില്‍ വെനെസ്വേല എതിരില്ലാത്ത മൂന്ന് ഗോളിന് ചിലിയെ തോല്‍പ്പിച്ചു. പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിന് ബൊളീവിയയെ മറികടന്നു. അതേ സമയം ഇക്വഡോര്‍ - കൊളംബിയ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.