ലിവര്‍പൂള്‍ ആരാധകരല്ല കുറ്റക്കാര്‍! അക്കാര്യത്തില്‍ യുവേഫയ്ക്ക് തെറ്റുപറ്റി; പണം തിരിച്ചുനല്‍കാന്‍ തീരുമാനം
പൊലീസ് നടപടിയെത്തുടര്‍ന്ന് 37 മിനുറ്റ് വൈകിയാണ് അന്ന് മത്സരം തുടങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ കിരീടം നേടുകയും ചെയ്തു.
സൂറിച്ച്: കഴിഞ്ഞവര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവത്തില്‍ ലിവര്‍പൂള്‍ ആരാധകര്‍ക്ക് നഷ്ടപരിപാരമായി ടിക്കറ്റ് തുക തിരിച്ചുനല്‍കാന്‍ യുവേഫ തീരുമാനം. പാരീസില്‍ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍ മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ നിരവധി ആരാധകര്‍ക്കാണ് മത്സരം നഷ്ടമായത്. ടിക്കറ്റ് സ്വന്തമാക്കിയ ലിവര്‍പൂള്‍ ആരാധകരായ
19,618 പേര്‍ക്കും പണം തിരികെ നല്‍കാനാണ് തീരുമാനം.
പൊലീസ് നടപടിയെത്തുടര്‍ന്ന് 37 മിനുറ്റ് വൈകിയാണ് അന്ന് മത്സരം തുടങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ കിരീടം നേടുകയും ചെയ്തു. ലിവര്‍പൂള്‍ ആരാധകരാണ് കുറ്റക്കാരെന്ന് യുവേഫ ആദ്യം നിലപാടെടുത്തെങ്കിലും ഫ്രഞ്ച് സെനറ്റ് നടത്തിയ അന്വേഷണത്തില്‍ സുരക്ഷയൊരുക്കാത്തതിന് യുവേഫയാണ് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തവണ തുര്‍ക്കിയിലെ ഇസ്താംബുളിലാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുക.
അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏഴ് ഗോളിന് തകര്‍ത്ത് പ്രീമിയര്‍ ലീഗില്‍ ശക്തമായി തിരിച്ചുവരികയാണ് ലിവര്‍പൂള്‍. മുഹമ്മദ് സലായുടെ കാലുകളിലാണ് ലിവര്‍പൂളിന്റെ കുതിപ്പ്. അവസാന ഒന്‍പത് കളിയില്‍ സലാ ആറ് ഗോളും നാല് അസിസ്റ്റും നേടിയതോടെയാണ് പ്രീമിയര്‍ ലീഗിഷ കിതയ്ക്കുകയായിരുന്ന ലിവര്‍പൂള്‍ കുതിക്കാന്‍ തുടങ്ങിയത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതാരവും സലായാണ്. 130 ഗോള്‍ സ്വന്തംപേരിനൊപ്പം ചേര്‍ത്ത സലാ 128 ഗോള്‍ നേടിയ റോബീ ഫൗളറിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏഴ് ഗോളിന് തകര്‍ത്ത മത്സരത്തില്‍ സലാ ഇരട്ട ഗോള്‍ നേടിയിരുന്നു. ജയത്തോടെ ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ ആന്‍ഫീല്‍ഡില്‍ ആറാടുകയായിരുന്നു ലിവര്‍പൂള്‍. ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ച ചെമ്പട ചിരവൈരികളെ മുന്നില്‍ കിട്ടിയപ്പോള്‍ കലി തീര്‍ത്തു.