യൂറോ കപ്പ് യോഗ്യതാ റൗണ്ട്: ഇറ്റലിയോട് കണക്കുതീര്‍ക്കാന്‍ ഇംഗ്ലണ്ട്, റോണോയുടെ പോര്‍ച്ചുഗലും കളത്തില്‍
ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ഇറ്റലി യൂറോ കപ്പിന്‍റെ അവസാന പതിപ്പിൽ ചാമ്പ്യൻമാരായത്
നാപ്പൊളി: യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിൽ പ്രമുഖ ടീമുകൾ ഇന്നിറങ്ങും. കരുത്തരുടെ പോരിൽ ഇംഗ്ലണ്ടും ഇറ്റലിയും നേര്‍ക്കുനേര്‍ വരും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോര്‍ച്ചുഗലിനും ഇന്ന് മത്സരമുണ്ട്.
കണക്കുവീട്ടാന്‍ ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ഇറ്റലി യൂറോ കപ്പിന്‍റെ അവസാന പതിപ്പിൽ ചാമ്പ്യൻമാരായത്. അടുത്ത വർഷത്തെ യൂറോ കപ്പിൽ സ്ഥാനമുറപ്പിക്കാൻ ഇതേ ടീമുകൾ യോഗ്യതാ റൗണ്ടിലെ ആദ്യ പോരിൽ നേർക്കുനേർ വരികയാണ്. യൂറോ കപ്പ് ഫൈനലിലെ തോൽവിക്ക് കണക്കുതീർക്കാൻ ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ ഖത്തർ ലോകകപ്പ് യോഗ്യത നഷ്ടമായതിന്‍റെ മുറിവുണക്കുകയാണ് ഇറ്റലിയുടെ ലക്ഷ്യം. പരിക്കേറ്റ സിറോ ഇമ്മോബൈൽ, ഫെഡറിക്കോ കിയേസ എന്നിവരുടെ അഭാവം റോബട്ടോ മാൻചീനിയുടെ ഇറ്റലിക്ക് തിരിച്ചടിയാവും.
റെക്കോര്‍ഡിന് അരികെ കെയ്‌ന്‍
മേസൻ മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗോളടിച്ച് കൂട്ടുന്ന മാർക്കസ് റാഷ്ഫോർഡും, റഹീം സ്റ്റെർലിംഗും ട്രെന്‍റ് അലക്സാണ്ടർ ആർനോൾഡും ഇല്ലെങ്കിലും ഗാരെത് സൗത്ഗേറ്റിന്‍റെ ഇംഗ്ലീഷ് സംഘം കരുത്തരാണ്. ക്യാപ്റ്റൻ ഹാരി കെയ്നും ജാക് ഗ്രീലിഷും ബുക്കായോ സാക്കയും ജൂഡ് ബെല്ലിംഗ്ഹാമുമെല്ലാം ഫോമിൽ. ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാവാൻ ഹാരി കെയ്‌ന് ഒറ്റ ഗോൾ കൂടി മതി. 53 ഗോളുമായി വെയ്ൻ റൂണിയുടെ റെക്കോർഡിന് ഒപ്പമാണിപ്പോൾ ഇംഗ്ലണ്ട് നായകൻ. ഇരു ടീമും ഏറ്റുമുട്ടുന്ന മുപ്പത്തിയൊന്നാമത്തെ മത്സരമാണിത്. 13 കളിയിൽ ജയിച്ച ഇറ്റലിയാണ് കണക്കിൽ മുന്നിൽ. ഇംഗ്ലണ്ട് എട്ടിൽ ജയിച്ചപ്പോൾ ഒൻപത് കളി സമനിലയിൽ അവസാനിച്ചു.
ശ്രദ്ധാകേന്ദ്രം റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ലീച്ചെൻസ്റ്റൈനാണ് എതിരാളികൾ. പുതിയ കോച്ച് റോബർട്ടോ മാർട്ടിനസിന് കീഴിൽ പോർച്ചുഗൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ മുപ്പത്തിയെട്ടുകാരനായ റൊണാൾഡോ തന്നെയാണ് ശ്രദ്ധാ കേന്ദ്രം. 118 അന്താരാഷ്ട്ര ഗോളുകൾ സ്വന്തം പേരിനൊപ്പമുള്ള റൊണാൾഡോ ആദ്യ ഇലവനിൽ എത്തുമോ എന്നതിലാണ് ആകാംക്ഷ. പരിക്കേറ്റ പെപെ അവസാന നിമിഷം പിൻമാറിയെങ്കിലും യാവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയോ, ബെർണാർഡോ സിൽവ, റൂബെൻ നെവാസ് തുടങ്ങിയവർ ഉൾപ്പെട്ട പോർച്ചുഗലിനെ തടുത്തുനിർത്തുക ലീച്ചെൻസ്റ്റൈന് ഒട്ടും എളുപ്പമായിരിക്കില്ല. മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക്, ഫിൻലൻഡിനെ നേരിടും. എല്ലാ കളികളും ഇന്ത്യന്‍ സമയം രാത്രി ഒന്നേകാലിനാണ് തുടങ്ങുക.
ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്ന് കൈഫ്