യൂറോയില്‍ ഇന്ന് കളി കാര്യമാകും; ബെല്‍ജിയം-പോർച്ചുഗല്‍ സൂപ്പർപോരാട്ടം രാത്രി, കണ്ണുകള്‍ റോണോയില്‍
ടൂർണമെന്‍റിലെ സൂപ്പർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ നേരിടും
സെവിയ്യ: യൂറോ കപ്പ് ക്വാർട്ടറിൽ ഇറ്റലിയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. ടൂർണമെന്‍റിലെ സൂപ്പർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ നേരിടും. രാത്രി 12.30നാണ് പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൊമേലു ലുക്കാക്കുവും നേർക്കുനേർ വരുന്ന മത്സരമാണിത്.
റെക്കോർഡ് കാത്ത് റോണോ
ചരിത്രം തിരുത്തുന്ന മത്സരമാണ് ബെൽജിയത്തിന്‍റെയും പോർച്ചുഗലിന്‍റേയും ആരാധകർ ഒരേസമയം കാത്തിരിക്കുന്നത്. ബെൽജിയം ജയിച്ചാൽ 32 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാവുക. പോർച്ചുഗലിനെതിരെ മൂന്ന് പതിറ്റാണ്ട് കാത്തിരുന്ന് നേടുന്ന ജയം. പോർച്ചുഗൽ ആരാധകർ ജയത്തിനൊപ്പം ആഗ്രഹിക്കുന്നത് റൊണാൾഡോയുടെ ഒരു ഗോൾ കൂടിയാണ്. അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ ഒറ്റയ്ക്ക് മുന്നിലെത്താൻ റോണോയ്ക്ക് ഒരു ഗോൾ കൂടി വേണം.
യൂറോയ്ക്ക് മുൻപൊരു സൗഹൃദ മത്സരത്തിലാണ് ഇരുടീമും അവസാനം നേർക്കുനേർ വന്നത്. ഗോളടിക്കാൻ മറന്ന് പോയൊരു സമനിലയായിരുന്നു ഫലം. 2020ലെ യുവേഫ നേഷൻസ് കപ്പ് മത്സരത്തിൽ ഇംഗണ്ടിനോട് തോറ്റതിൽ പിന്നെ അപരാജിത കുതിപ്പാണ് ബെൽജിയം നടത്തുന്നത്. തോൽവിയറിയാതെ 12 മത്സരങ്ങൾ. അതിൽ പത്തിലും ജയം. യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റലിയെയും നെതർലന്‍ഡിനെയും പോലെ എല്ലാ മത്സരവും ജയിച്ച് കയറി.
അതേസമയം മരണഗ്രൂപ്പിൽ ഫ്രാൻസിനോട് സമനില പിടിച്ചതോടെ അടുത്ത റൗണ്ടിലേക്ക് ജീവൻ നീട്ടിയെടുക്കുകയായിരുന്നു പോർച്ചുഗൽ. സ്ഥിരതയില്ലായ്മ പ്രശ്നമാണ്. അവസാന അഞ്ച് കളികളിൽ രണ്ടിൽ മാത്രമാണ് പോർച്ചുഗലിന് ജയിക്കാനായത്.
പോരാട്ടം കരുത്തർ തമ്മില്‍
റഷ്യയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ബെൽജിയം ഫുൾ ബാക്ക് തിമോത്തി കാസ്റ്റിഗ്നേ ഇന്നും കളിക്കില്ല. കെവിന്‍ ഡിബ്രുയിനും റൊമേലു ലുക്കാക്കുവിനുമൊപ്പം ഏഡന്‍ ഹസാർഡിനെയും റോബർട്ടോ മാർട്ടിനസ് ആദ്യ ഇലവനിൽ ഇറക്കിയേക്കും.
മറുവശത്ത് അവസരം മുതലാക്കാനാകാതെ പോയ ജാവോ മൂട്ടിനോയ്ക്ക് പകരം ബ്രൂണോ ഫെർണാണ്ടസിനെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് തിരികെ കൊണ്ടുവരാനാണ് സാധ്യത. കായികക്ഷമത വീണ്ടെടുത്താൽ ലെഫ്റ്റ് ബാക് നൂനോ മെൻഡിസിനെയും പോർച്ചുഗീസ് നിരയിൽ കാണാം.
യൂറോയിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിന് ചെക്ക് റിപ്പബ്ലിക് ആണ് എതിരാളികൾ. രാത്രി 9.30നാണ് മത്സരം.
കൂടുതല്‍ യൂറോ വാർത്തകള്‍...
എറിക്സണ് സ്നേഹം തുന്നിയൊരു സമ്മാനം, ആദരം; മനം കീഴടക്കി ബെയ്‌ലും വെയ്ല്‍സും
യൂറോ: വെംബ്ലി ജ്വലിച്ചു! ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍
യൂറോ: വെയ്ല്‍സ് നാണംകെട്ടു, ഡൈനമേറ്റ് പോലെ ഡെന്‍മാർക്ക് ക്വാർട്ടറില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona