ചാംപ്യന്‍സ് ലീഗ്: ലിയോണല്‍ മെസിയുടെ ഇരട്ട ഗോളില്‍ പിഎസ്ജിക്ക് ജയം; അത്‌ലറ്റികോയെ ലിവര്‍പൂള്‍ തകര്‍ത്തു
ഇരുപത്തിയെട്ടാം മിനുറ്റില്‍ ആന്ദ്ര സില്‍വയിലൂടെ ലെപ്‌സിഗ് സമനില ഗോള്‍ നേടി. നിരന്തരം പിഎസ്ജിക്ക് ഗോള്‍മുഖത്ത് അപകടം വിതച്ച ജര്‍മന്‍ ക്ലബ് 57ആം മിനുറ്റില്‍ നോര്‍ഡി മുകിയെലയിലൂടെ മുന്നിലെത്തി.
മാഡ്രിഡ്: ലിയോണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ ചാംപ്യന്‍സ് ലീഗില്‍ ലെപ്‌സിഗിന് എതിരെ പിഎസ്ജിക്ക് ജയം. കളിയുടെ ഒമ്പതാം മിനിറ്റില്‍ കെയ്‌ലിയന്‍ എംബപ്പെയിലൂടെ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തിയെട്ടാം മിനുറ്റില്‍ ആന്ദ്ര സില്‍വയിലൂടെ ലെപ്‌സിഗ് സമനില ഗോള്‍ നേടി. നിരന്തരം പിഎസ്ജിക്ക് ഗോള്‍മുഖത്ത് അപകടം വിതച്ച ജര്‍മന്‍ ക്ലബ് 57ആം മിനുറ്റില്‍ നോര്‍ഡി മുകിയെലയിലൂടെ മുന്നിലെത്തി.
പിന്നാലെയാണ് മെസിയുടെ രണ്ടു ഗോളും പിറന്നത്. 67ആം മിനുറ്റില്‍ ഗോള്‍ നേടിയതിന് പിന്നാലെ 74ആം മിനുറ്റില്‍ പെനാല്‍റ്റിയും മെസി വലയിലെത്തിച്ചു. ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവില്‍ പിഎസ്ജി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം നേടി. ക്ലബ് ബ്രൂഗയെ ഒന്നിനെതിരെ 5 ഗോളുകള്‍ക്കാണ് സിറ്റി തോല്‍പിച്ചത്.
30 ആം മിനുറ്റില്‍ കാന്‍സലോയിലൂടെയാണ് സിറ്റി ഗോള്‍വേട്ട തുടങ്ങിയത്. റിയാദ് മെഹ്‌റസ് ഇരട്ടഗോള്‍ നേടി. ജാവോ കാന്‍സലോ, കെയ്ല്‍ വാല്‍ക്കര്‍, കൊലേ പാമര്‍ എന്നിവര്‍ സിറ്റിക്കായി മറ്റു ഗോളുകള്‍ നേടി. റയല്‍ മാഡ്രിഡ് വിനീഷ്യസിന്റെ ഇരട്ടഗോള്‍ മികവില്‍ റയല്‍ ഷാക്തറിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു. 37ആം മിനുറ്റില്‍ സെള്‍ഫ് ഗോളിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. ബാക്കി എല്ലാ ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. റോഡ്രിഗോ, കരീം ബെന്‍സേമ എന്നിവരും റയലിനായി ലക്ഷ്യം കണ്ടു.
അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ലിവര്‍പൂളിന് ജയം. അഞ്ച് ഗോള്‍ പിറന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ ജയം 3-2ന്. മുഹമ്മദ് സലായും ഗ്രീസ്മാനും ഇരട്ട ഗോളുകള്‍ നേടിയ മത്സരമായിരുന്നു ഇന്നത്തേത്. എട്ടാം മിനുറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂളാണ് മുന്നിലെത്തിയത്. ലിവര്‍പൂളിന് വേണ്ടി തുടര്‍ച്ചയായ ഒന്‍പത് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മുഹമ്മദ് സലാ. പതിമൂന്നാം മിനുറ്റില്‍ നാബി കേറ്റ ലീഡ് ഉയര്‍ത്തി.
എന്നാല്‍, 20, 34 മിനുറ്റുകളില്‍ ഗ്രീന്‍സ്മാന്‍ ലക്ഷ്യം കണ്ടതോടെ, അത്‌ലറ്റിക്കോ ഒപ്പമെത്തി. 52ആം മിനുറ്റില്‍ ഫിര്‍മിനോയെ ഫള്‍ ചെയ്തതിന് ഗ്രീസ്മാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇത് മത്സരത്തില്‍ നിര്‍ണായകമായി. 78ആം മിനുറ്റില്‍ കിട്ടിയ പെനാള്‍റ്റി വലയിലെത്തിച്ച് സലാ ലിവര്‍പൂളിന്റെ വിജയം ഉറപ്പാക്കി.
മറ്റ് മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ അയാക്‌സ് എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. ഇന്‍ര്‍ മിലാന്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഷെരിഫിനെ തോല്‍പ്പിച്ചപ്പോള്‍ എസി മിലാനെതിരെ എഫ്‌സി പോര്‍ട്ടോ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു.