മെസിയുടേത് എടുത്തുചാടിയുള്ള തീരുമാനം! ട്വിറ്ററില്‍ കൂട്ടകരച്ചില്‍; സന്തോഷത്തോടെ ഇരിക്കട്ടെയെന്ന് മറ്റുചിലര്‍
ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നുവെന്ന് മെസി മയാമിയിലേക്ക് പോവാനുള്ള തീരുമാനത്തിന് പിന്നാലെ അറിയിച്ചു.
ബാഴ്‌സലോണ: ഇന്റര്‍ മയാമിയിലേക്ക് പോവാനുള്ള ലിയോണല്‍ മെസിയുടെ തീരുമാനത്തിന് പിന്നാലെ ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം. യൂറോപ്പില്‍ കളിക്കാന്‍ ഇനിയും ബാല്യം ബാക്കിയുണ്ടെന്നിരിക്കെയാണ് മെസി മയാമിയിലേക്ക് പോകുന്നത്. ഇതുതന്നെയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചത്. ബാഴ്‌സലോണയില്‍ തിരിച്ചെത്തുമെന്ന തോന്നലുണ്ടാക്കിയാണ് മെസി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന് കൂടി ഉടമസ്ഥാവകാശമുള്ള മയാമിയിലേക്ക് പോകുന്നത്.
ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നുവെന്ന് മെസി മയാമിയിലേക്ക് പോവാനുള്ള തീരുമാനത്തിന് പിന്നാലെ അറിയിച്ചു. പക്ഷേ, അത് സംഭവിക്കുമെന്ന് തനിക്ക് ഒരിക്കലും ഉറപ്പുമുണ്ടായിരുന്നില്ല. കാരണം രണ്ട് വര്‍ഷം മുമ്പ് 2021 ഓഗസ്റ്റിലെ സംഭവിച്ച കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് മെസി പറഞ്ഞു. ഒരുഘട്ടത്തിലും പണം തനിക്കൊരു പ്രശ്‌നമായിരുന്നില്ല. ബാഴ്സലോണയുമായി കരാര്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും മെസി കൂട്ടിചേര്‍ത്തു.
അല്‍ ഹിലാലിന്റെ ഓഫറിനെ കുറിച്ചും മെസി സംസാരിച്ചിരുന്നു. ആവശ്യം പണത്തോടായിരുന്നുവെങ്കില്‍ തനിക്ക് സൗദി അറേബ്യയില്‍ പോവാമായിരുന്നുവെന്നാണ് മെസി പറയുന്നത്. ''ബാഴ്‌സയിലേക്കുള്ള മടങ്ങിവരവിന് ലാ ലിഗ പച്ചക്കൊടി കാട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴും നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളതാണ് സത്യം.'' മെസി പ്രസ്താവനയില്‍ അറിയിച്ചു.
ബാഴ്‌സ ഒരു നിര്‍ദേശം മുന്നില്‍ വച്ചിരുന്നുവെന്നും അതൊരിക്കലും രേഖാമൂലം ഒപ്പിട്ട നിര്‍ദ്ദേശമായിരുന്നില്ല എന്നും മെസി കൂട്ടിച്ചേര്‍ത്തു. ഞാന്‍ ബാഴ്‌സയില്‍ എത്തണമെങ്കില്‍ അവര്‍ക്ക് മറ്റുതാരങ്ങളെ ഒഴിവാക്കുകയും അവരുടെ ശമ്പളം വെട്ടികുറയ്ക്കുകയും വേണ്ടി വരും. അതുപോലൊരു തിരിച്ചുവരവല്ല ഞാന്‍ ആഗ്രഹിക്കുന്നത്. അത്തരം കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' മെസി വ്യക്തമാക്കി.
യൂറോപ്പിലെ ടീം ഓഫ് ദി സീസണ്‍: ആദ്യ ഇലവനില്‍ മെസിയും സ്ഥാനമുറപ്പിച്ചു! ഹാലന്‍ഡ് പുറത്ത്
എന്നാല്‍ കടുത്ത നിരാശയാണ് ട്വിറ്ററില്‍ ആരാധകര്‍ രേഖപ്പെടുത്തിയത്. സമയം ഒരുപാട് ഉണ്ടായിട്ടും എടുത്തുചാടി ഒരു തീരുമാനം എടുക്കണ്ടായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ ഫുട്‌ബോളിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മെസിക്ക് ഇനി ഒന്നും തെളിയിക്കാനില്ലെന്നും എവിടെ പോയാലും സന്തോഷവാനായിരിക്കട്ടെയെന്ന് മറ്റുചില ആരാധകരും പറയുന്നു.