15ാം വയസിലാരംഭിച്ച ഗോള്‍ വേട്ട; പേപ്പര്‍ ചുരുട്ടി പന്ത് തട്ടിയ കാലത്ത് നിന്ന് ഫുട്ബോള്‍ ചക്രവര്‍ത്തിയിലേക്ക്

പഴയ ദിനപത്രങ്ങളോ സോക്സോ ചുരുട്ടി പന്തുതട്ടേണ്ടിവന്ന ബാല്യമായിരുന്നു പെലെയുടേത്. ദാരിദ്ര്യം കൊടികുത്താതെ തന്നെ വാണ കുടുംബാന്തരീക്ഷം. ആ ദരിദ്രബാലനാണ് ഫുട്ബോളിന്‍റെ ചക്രവർത്തിയായി മാറിയത് എന്നതിൽ കാവ്യനീതിയുണ്ട്.

tribute to football legend pele

ഫുട്ബോളിന്‍റെ ആദ്യത്തെ പര്യായപദമാണ് പെലെ. ഒരുപക്ഷേ, ഫുട്ബോൾ എന്നു കേട്ടിട്ടില്ലാത്തവർ പോലും പെലെ എന്ന് കേട്ടിട്ടുണ്ടാകും. മഹാഭാരതം വായിക്കാത്തവർ പോലും അർജുനൻ എന്നും കർണ്ണൻ എന്നും കേട്ടിട്ടുള്ളതുപോലെ. അതെ, പെലെ ഒരു ഇതിഹാസപുരുഷനാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഫുട്ബോൾ കളിക്കാരായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിറക്കുന്ന വേളയിൽ, ഫിഫ തെരഞ്ഞെടുത്തത് രണ്ടുപേരെ. പെലെ, മറഡോണ. ഫിഫയുടെ ജൂറിയും ഫിഫ മാസികയും തെരഞ്ഞെടുത്തത് പെലെയെ. ഫിഫ ഇന്‍റർനെറ്റ് വോട്ടിംഗിൽ മറഡോണ. ഇന്‍റർനാഷണൽ ഒളിംപിക് കമ്മിറ്റി ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരനെ തെരഞ്ഞെടുത്തപ്പോൾ അവർക്കുമുമ്പിൽ ഒരൊറ്റ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ, പെലെ.

പെലെയോ മറഡോണയോ? ആരാണ് ഫുട്ബോൾ കളിക്കളത്തിലെ കേമൻ? ഫുട്ബോൾ ലോകം ഇനിയും തർക്കിച്ചു തീർന്നിട്ടില്ല. ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിൽ മൂന്ന് ലോകകപ്പ് കിരീടം ചൂടിയ ഒരൊറ്റ കളിക്കാരനേയുള്ളൂ, പെലെ. ഗോൾവേട്ടയിലും മറ്റൊരു കളിക്കാരനും അടുത്തെങ്ങുമെത്തില്ല. 1367 മത്സരങ്ങളിൽ നിന്നായി 1283 ഗോളുകൾ. ബ്രസീലിനായി നേടിയത് 92 മത്സരങ്ങളിൽ 77 ഗോളുകൾ. 1958 മുതൽ 70 വരെയുള്ള നാലു ലോകകപ്പ് മത്സരങ്ങളിൽ, പതിനാലു കളികളിൽ 12 ഗോളുകൾ.

tribute to football legend peletribute to football legend pele

പെലയുടെ അച്ഛൻ ഡൊൺഡീഞ്ഞോ പറഞ്ഞത്രേ, സെലെസ്റ്റേയുമായി ചേർന്ന് ഞാൻ ഗംഭീരമായ ഒരു അഥവാ രണ്ട് ഗോൾ അടിച്ചു. ആ ഗോളിന് എഡ്സൺ അരാന്തെ ദു നാസിമെന്‍റോ അഥവാ പെലെ എന്നു പേരിട്ടു. പഴയ ദിനപത്രങ്ങളോ സോക്സോ ചുരുട്ടി പന്തുതട്ടേണ്ടിവന്ന ബാല്യമായിരുന്നു പെലെയുടേത്. ദാരിദ്ര്യം കൊടികുത്താതെ തന്നെ വാണ കുടുംബാന്തരീക്ഷം. ആ ദരിദ്രബാലനാണ് ഫുട്ബോളിന്‍റെ ചക്രവർത്തിയായി മാറിയത് എന്നതിൽ കാവ്യനീതിയുണ്ട്.

ബ്രസീലിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ സാന്‍റോസിൽ, ഫുട്ബോളിലെ ഭാവി വാഗ്ദാനം എന്ന വാഴ്ത്തോടെ, പെല പ്രവേശിക്കുമ്പോൾ വയസ് പതിനഞ്ച്. കൊറിന്ത്യൻസിനെതിരെ നേടിയ എണ്ണം പറഞ്ഞ ഗോളോടെ പതിനഞ്ചാം വയസ്സിൽ ആരംഭിച്ച ഗോൾവേട്ട അവസാനിച്ചത് മുപ്പത്തിയേഴാം വയസ്സിൽ 1283 –ാമത്തെ ഗോളിൽ.

1958-ൽ സ്വീഡനിലാണ് പെലെയുടെ ലോകകപ്പ് അരങ്ങേറ്റം. അന്നുവരെയുള്ള ലോകകപ്പ് ചരിത്രത്തിൽ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. അന്നത്തെ സോവിയറ്റ് യൂണിയനുമായി ആയിരുന്നു പെലെയുടെ ആദ്യ മത്സരം. വാവയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിക്കൊണ്ട് ഗംഭീരമായ തുടക്കം. വെയിൽസിനെതിരെയുള്ള മത്സരത്തിൽ പെലെയുടെ ആദ്യ ലോകകപ്പ് ഗോൾ. സെമി ഫൈനലിൽ ഫോണ്ടയിനിന്‍റെ ഫ്രാൻസിനെതിരെ ഹാട്രിക്. ഫൈനലിൽ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തളച്ച് ബ്രസീലിന് കിരീടം. സ്വീഡനെതിരെയുള്ള പെലെയുടെ ആദ്യ ഗോൾ ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ തന്നെ ഒരു വിസ്മയ ഗോളായാണ് കണക്കാക്കപ്പെടുന്നത്.

1958-ലെ ലോകകപ്പിലാണ് പെലെ പത്താം നമ്പർ ജെഴ്സി അണിയുന്നത്. 1977-ൽ കോസ്മോസിനുവേണ്ടി കളിച്ച് ബൂട്ടഴിക്കുന്നതുവരെ പെലെ നമ്പർ ടെൻ ആയിരുന്നു. 1962-ലെ ചിലി ലോകകപ്പിൽ ഇറങ്ങുമ്പോൾ പെലെയായിരുന്നു ലോകത്ത് ഏറ്റവും അറിയപ്പെടുന്ന, ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരം. പെലെയെ അനങ്ങാൻ വിടാതിരിക്കുക എന്നതായി എതിരാളികളുടെ ലക്ഷ്യം. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ആദ്യഗോളിനു വഴിയൊരുക്കി പെലെ ബ്രസീലിനെ മുന്നിലെത്തിച്ചു. രണ്ടാമത്തെ ഗോൾ പെലെയുടേതായിരുന്നു. ആറ് ഡിഫൻഡർമാരെ വെട്ടിച്ച് മിന്നൽ വേഗത്തിൽ നേടിയ അസാധാരണമായ ഗോൾ.

ചെക്കോസ്ലോവാക്കിയയുമായുള്ള അടുത്ത മത്സരത്തിൽ പെലെയ്ക്കു പരിക്കുപറ്റി. തുടർന്നുള്ള മത്സരങ്ങളിൽ കാണിയായി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. പെലെയുടെ അഭാവത്തിൽ ഗാരിഞ്ച തിളങ്ങി. ചെക്കോസ്ലോവാക്കിയയെ തോൽപ്പിച്ച്, ബ്രസീലിന് കിരീടം, തുടർച്ചയായി രണ്ടാം തവണ.

1966 ഇംഗ്ലണ്ട് ലോകകപ്പും പെലെയെ സംബന്ധിച്ചിടത്തോളം തിളക്കം കുറഞ്ഞതായിരുന്നു. ബൾഗേറിയക്കെതിരെയുള്ള ആദ്യമത്സരത്തിൽ കിട്ടിയ ഫ്രീ കിക്ക് ഗോളാക്കി മാറ്റിയെങ്കിലും, തുടരെത്തുടരെയുള്ള ഫൗളുകൾ പെലെയെ വീണ്ടും പരിക്കിന്‍റെ പിടിയിലാക്കി. പെലെയില്ലാത്ത ബ്രസീൽ ഹങ്കറിയോട് തോറ്റു. പോർച്ചുഗലുമായുള്ള നിർണ്ണായക മത്സരത്തിൽ കളത്തിലിറക്കിയെങ്കിലും പെലെയെ പോർച്ചുഗൽ വളഞ്ഞുപിടിച്ചു. പോർച്ചുഗൽ പ്രതിരോധനിരയിലെ ഷുവോ മോരായിസ് പെലെയെ ഫൗൾ ചെയ്തു വീഴ്ത്തിയെങ്കിലും റഫറി അത് കണക്കിലെടുത്തില്ല. ഇനിയൊരിക്കലും ലോകകപ്പ് കളിക്കില്ലെന്ന് പെലെ തീരുമാനമെടുത്തു.

1970 ലോകകപ്പ്. യോഗ്യതാ മത്സരങ്ങൾ തുടങ്ങാനിരിക്കെത്തന്നെ കളിക്കാനില്ലെന്ന് പെലെ ശാഠ്യം പിടിച്ചിരുന്നു. ബ്രസീൽ ഇളകി, ബ്രസീൽ കെഞ്ചി. പെലെ തീരുമാനം മാറ്റി. 1970ലെ ബ്രസീൽ ടീം ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ടീമായി കണക്കാക്കപ്പെടുന്നു. പെലെ, റിവലിനോ, ജെർസിഞ്ഞോ, ഗെർ‍സൻ, കാർലോസ് ആൽബർട്ടോ, ടൊസ്റ്റാവോ... അങ്ങനെ മഹാരഥൻമാർ. അക്ഷരാർത്ഥത്തിൽ പെലെയുടെ ലോകകപ്പായിരുന്നു അത്.

tribute to football legend peletribute to football legend pele

ഇറ്റലിക്കെതിരായ മത്സരത്തിൽ ഇറ്റാലിയൻ പ്രതിരോധനിരയിലെ ബുർഗ്‍നിക്കിനെ വെട്ടിച്ചുകൊണ്ടുള്ള ഹെഡ്ഡറിലൂടെ പെലെ തുടങ്ങിവച്ചത്, ഗെർസൻ, ജെർസിഞ്ഞോ, കാർലോസ് ആൽബെർട്ടോ എന്നിവർ പൂർത്തീകരിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ ജേതാക്കളായി. പെലെയുടെ പാസിൽ നിന്നുള്ള കാർലോസ് ആൽബെർട്ടോയുടെ ഗോൾ ലോകകപ്പിലെ ചരിത്രം കുറിച്ച ഗോളാണ്. പെലെയെ മാർക്ക് ചെയ്യാൻ നിയോഗിച്ച ബുർഗ്‍നിക് പിന്നീട് പറഞ്ഞു. “നമ്മൾ എല്ലാവരേയും പോലെ ചോരയും നീരുമുള്ള ഒരു മനുഷ്യൻ മാത്രമാണ് പെലെ എന്ന് കളി തുടങ്ങും മുമ്പ് ഞാൻ സ്വയം സമാധാനിച്ചിരുന്നു. പക്ഷേ എനിക്കു തെറ്റി” ചിത്രകാരനായ ആൻഡി വാർഹോൾ പറഞ്ഞു. പ്രശസ്തി പതിനഞ്ചു മിനുട്ടുമാത്രം നിലനിൽക്കുന്ന സംഗതിയാണെന്നു വിശ്വസിച്ചിരുന്ന ആളാണ് ഞാൻ. പെലെയുടെ കാര്യത്തിൽ എനിക്കു തെറ്റി. പെലെയുടെ പ്രശസ്തി പതിനഞ്ച് നൂറ്റാണ്ടു നിലനിൽക്കും.

അറുപതുകളുടെ അവസാനത്തിൽ കൊടുമ്പിരിക്കൊണ്ട നൈജീരിയ – ബയാഫ്ര യുദ്ധം നാൽപ്പത്തിയെട്ട് മണിക്കൂ‍ർ നേരം വെടിനി‍ർത്തൽ പ്രഖ്യാപിച്ചതിന് കാരണമായത് പെലെ ആയിരുന്നു. പെലെ തന്‍റെ സാന്‍റോസ് ടീമുമായി നൈജീരിയയിലെത്തിയപ്പോള്‍ വെടി നിര്‍ത്തല്‍ അല്ലാതെ എന്ത് ചെയ്യാനാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios