ഛേത്രിയുടെ ഏറ്റവും ഭാഗ്യംചെയ്‌ത ആരാധകന്‍; അമൂല്യം സമ്മാനം
ഛേത്രി എന്ന നാമം ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ സ്റ്റേഡിയം നീലത്തിരയാല്‍ നിറഞ്ഞു
ഇന്ത്യൻ ഫുട്‌ബോളിന്‍റെ ഹൃദയവും ആത്മാവുമാണ് സുനിൽ ഛേത്രി. രാജ്യത്തെ എണ്ണമറ്റ യുവ അത്‌ലറ്റുകളെ പ്രചോദിപ്പിച്ച് കായികരംഗത്ത് തന്‍റെ പേര് അവിസ്‌മരണീയമായി എഴുതിച്ചേര്‍ത്ത താരം. മുംബൈയിൽ നടന്ന 2018ലെ ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പാണ് ഛേത്രിയുടെ കരിയറിലെ ഒരു അവിസ്മരണീയ നിമിഷം. മത്സരത്തില്‍ ഇന്ത്യ നേരിട്ടത് കെനിയയെ. പന്തിന്‍മേലുള്ള തന്‍റെ സമർത്ഥമായ സ്പർശനങ്ങളിലൂടെയും തന്ത്രപരമായ നീക്കങ്ങളിലൂടെയും ഛേത്രി ഇന്ത്യയെ 3-0ന്‍റെ ഉജ്ജ്വല വിജയത്തിലേക്ക് അന്ന് നയിച്ചു. ഛേത്രി എന്ന നാമം ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ സ്റ്റേഡിയം നീലത്തിരയാല്‍ നിറഞ്ഞു- ഛേത്രിയെ കുറിച്ച് ഷിബു നമ്പ്യാര്‍ എഴുതുന്നു.
2022 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്നുള്ളതാണ് സുനില്‍ ഛേത്രിയുടെ കരിയറിലെ മറ്റൊരു ഓർമ്മപ്പെടുത്തൽ. ഇന്ത്യക്ക് ആ മത്സരത്തില്‍ എതിരാളികള്‍ ബംഗ്ലാദേശായിരുന്നു. അയല്‍ക്കാരോടുള്ള കളിയില്‍ നീലപ്പടയ്ക്ക് സമ്മർദം വളരെ വലുതായിരുന്നു. മത്സരത്തിന്‍റെ 79-ാം മിനിറ്റിൽ ഛേത്രി തകർപ്പൻ ഹെഡറിലൂടെ സമനിലപ്പൂട്ട് പൊളിച്ചു. 90 മിനുറ്റ് പിന്നിട്ടുള്ള ഇഞ്ചുറിടൈമില്‍ ഗംഭീരമായ ലോംഗ് റേഞ്ച് ഷോട്ടിലൂടെ ഛേത്രി 2-0ന് ഇന്ത്യക്ക് വിജയം ഉറപ്പിച്ചു. ബംഗ്ലാ കടുവകള്‍ക്കെതിരെ കൈകള്‍ നീട്ടിയുള്ള അദേഹത്തിന്‍റെ ഗോളാഘോഷം ആരാധകര്‍ക്ക് ആവേശകരമായിരുന്നു.
ഒരു മനോഹരമായ കഥ: ക്യാപ്റ്റനും അവന്‍റെ സ്വപ്നങ്ങളും
സെക്കന്തരാബാദിലെ ഒരു ചെറിയ ഗ്രാമത്തിലിരുന്ന് സുനിൽ ഛേത്രി എന്ന ചെറുപ്പക്കാരൻ ലോക വേദിയിൽ താനൊരിക്കല്‍ ഫുട്ബോൾ കളിക്കുന്നത് സ്വപ്നം കണ്ടു. ഒരു സൈനിക ഉദ്യോഗസ്ഥനായ പിതാവിനും ഒരു ഫുട്ബോൾ കളിക്കാരിയായ അമ്മയ്ക്കും ജനിച്ച ഛേത്രിയുടെ കളിയോടുള്ള സ്നേഹം സഹജമായിരുന്നു. ഛേത്രിയുടെ മാതാപിതാക്കൾ അയാളുടെ ഫുട്ബോള്‍ അഭിനിവേശത്തെ പിന്തുണച്ചു, പലപ്പോഴും അവൻ അവരുടെ അയൽപക്കത്തെ ഇടുങ്ങിയ വഴികളിലൂടെ പന്ത് ഡ്രിബിൾ ചെയ്യുന്നത് അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. അവൻ വളർന്നപ്പോൾ കഴിവുകളും അഭിലാഷങ്ങളും വർധിച്ചു. ഏറെ സാമ്പത്തിക പരിമിതികളെ നേരിട്ടെങ്കിലും ഛേത്രിയുടെ നിശ്ചയദാർഢ്യം അസ്തമിച്ചില്ല. 17-ാം വയസ്സിൽ മോഹൻ ബഗാന് വേണ്ടി കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതാണ് ഛേത്രിയുടെ കരിയറില്‍ വഴിത്തിരിവായത്. ബഗാനിലെ അദേഹത്തിന്‍റെ പ്രകടനം ദേശീയ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. താമസിയാതെ സുനില്‍ ഛേത്രി ഇന്ത്യയുടെ നീല ജേഴ്‌സി അണിഞ്ഞു.
ഫുട്ബോളിനോടുള്ള സുനില്‍ ഛേത്രിയുടെ സമർപ്പണം അദേഹത്തെ ഇന്ത്യൻ ഫുട്ബോളിന്‍റെ ഒരു വിളക്കുമാടമാക്കി മാറ്റി. ഛേത്രി എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ തകർത്തു. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകള്‍, ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ഗോൾ സ്‌കോറർമാരിൽ ഒരാള്‍... എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഏറ്റുവാങ്ങി. എന്നാൽ ഈ വിവരക്കണക്കുകൾക്കപ്പുറം ഛേത്രിയുടെ നേതൃത്വവും വിനയവും ആരാധകരുമായുള്ള ബന്ധവും അദേഹത്തെ ഇതിഹാസങ്ങളിലെ ഇതിഹാസമാക്കി മാറ്റി.
2019ൽ തായ്‌ലൻഡിൽ നടന്ന എവേ മത്സരത്തിനിടെ ഒരു ഇന്ത്യൻ കുട്ടി ഓട്ടോഗ്രാഫിനായി സുനില്‍ ഛേത്രിയെ സമീപിച്ച സംഭവമുണ്ട്. ആവേശം അടക്കാനാവാതെ കുട്ടി, ഛേത്രി കാരണമാണ് താൻ ഫുട്ബോൾ കളിക്കുന്നതെന്ന് പറഞ്ഞു. ആ കുട്ടി ആരാധകന് മുന്നില്‍ മുട്ടുകുത്തി തന്‍റെ ഒപ്പിട്ട വിഖ്യാതമായ ജേഴ്‌സി ഛേത്രി സമ്മാനമായി നൽകി. പ്രോത്സാഹജനകമായ കുറച്ച് വാക്കുകൾ അവനുമായി പങ്കിട്ടു. ഈ ലളിതമായ പ്രവൃത്തി ഛേത്രിയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. തലമുറകളെ പ്രചോദിപ്പിക്കുന്ന സൂപ്പർ താരമായി ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രി വളര്‍ന്നുകഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം.
Read more: ഇന്ത്യന്‍ ഫുട്ബോളിലെ മധുരപ്പതിനൊന്നുകാരന്‍; ആദ്യ ഗോള്‍ പാകിസ്ഥാനെതിരെ, പിന്നീട് നടന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം