ഇങ്ങനെയൊരു മഴയിലാണ് അന്ന് ഛേത്രി കൂടെക്കൂടിയത്; ഇന്ത്യക്ക് അഞ്ച് ഗോള്‍ ജയം, ഛേത്രിക്ക് ഹാട്രിക്
ഇന്ത്യ ആ കളി അഞ്ച് ഗോളിന് ജയിച്ചു അതിൽ മൂന്ന് ഗോളും സുനിൽ നേടിയതായിരുന്നു.
ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസവും ക്യാപ്റ്റനുമായ സുനില്‍ ഛേത്രി ബൂട്ടഴിക്കുകയാണ്. ഫിഫ ലോകകപ്പില്‍ നീലപ്പട ഒരുനാള്‍ കളിക്കുമെന്ന സ്വപ്‌നം ഇന്ത്യന്‍ ആരാധകരെ കാണാന്‍ ഏറ്റവും കൂടുതല്‍ പഠിപ്പിച്ചയാളാണ് ഛേത്രി- അക്ഷയ് സുനിൽ, കൊല്ലം എഴുതുന്നു
സുനിൽ ഛേത്രി എന്ന മനുഷ്യൻ എന്‍റെ ജീവിതത്തിൽ ഒരു ഭാഗം ആകുന്നത് ഏഴെട്ട് വർഷം മുമ്പാണ്. ഒരു മഴ ദിവസം ഞാൻ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ മുന്നിലൂടെ ഒരു ട്രാൻസ്പോർട്ട് ബസ് പോയി. അതിൽ ഞാൻ ഒരു പരസ്യം കണ്ടു, ഒരു ഫുട്ബോൾ താരത്തിന്റെ ചിത്രം താഴെയായി "സുനിൽ ഛേത്രി-ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ". അന്നുമുതൽ ഒരു കൗതുകത്തോടെ അദ്ദേഹത്തെക്കുറിച്ച് കൂടുതലായി അറിയാൻ ശ്രമിച്ചു. പലതും കണ്ടും കേട്ടും അദ്ദേഹത്തോട് ആരാധന തുടങ്ങി.
'അങ്ങനെ മാസങ്ങൾ മുന്നോട്ടുപോയി. ആദ്യത്തെ ഇന്റർകോണ്ടിനെന്റൽ നടക്കുന്ന മാസം. ആദ്യ മാച്ച് ദിവസം നല്ല മഴയാണ് നമ്മളുടെ കേരളത്തിൽ. ഇൻറർനെറ്റ് ഒന്നും നല്ലപോലെ കിട്ടുന്നുണ്ടായിരുന്നില്ല'.
പക്ഷെ ഞാൻ എങ്ങനെയോ മഴയുള്ള ദിവസം ഫോണിൽ റേഞ്ച് ഉള്ള സ്ഥലം നോക്കി നോക്കി അവസാനം ഞാൻ കട്ടിലിന്റെ മുകളിൽ കയറി നിന്ന് ഫുൾ മാച്ച് കണ്ടു. ആ 90 മിനിറ്റും ഞാൻ ഫോൺ മുകളിലോട്ട് പൊക്കിപ്പിടിച്ച് കണ്ടുതീർത്തു. ഇന്ത്യ ആ കളി അഞ്ച് ഗോളിന് ജയിച്ചു അതിൽ മൂന്ന് ഗോളും സുനിൽ നേടിയതായിരുന്നു. അന്നുമുതൽ സുനിൽ ഛേത്രി എന്ന ഇതിഹാസവും ഇന്ത്യൻ ഫുട്ബോൾ എന്ന ലോകവും എൻറെ ജീവിതത്തിൽ സ്ഥാനം ഉറപ്പിച്ചു. രണ്ടു വാക്കുകൾ കൊണ്ട് ആരാധകരെ സ്റ്റേഡിയത്തിൽ കൊണ്ടുവരുന്ന ആ മാന്ത്രികനായ അഞ്ചടി ഏഴിഞ്ചുകാരൻ പിന്നീടുള്ള വർഷങ്ങൾ നിരാശപ്പെടുത്തിയിട്ടില്ല. കുറേ ജീവിതപാഠങ്ങൾ ഫുട്ബോളിന് ഉപരി അദ്ദേഹത്തിൽ നിന്നും കിട്ടി.
വാക്കുകളോ പാരഗ്രാഫുകളിലോ ഒതുങ്ങുന്ന അല്ല സുനിൽ ഛേത്രി എന്ന ഇതിഹാസം. എല്ലാവരും യൂറോപ്പിലെയും അമേരിക്കയിലെയും ഫുട്ബോൾ കാണുമ്പോൾ ഇന്ത്യൻ ഫുട്ബോളിലെ മത്സരങ്ങൾ കാണാനും ലോകകപ്പ് കളിക്കുക എന്നത് സ്വപ്നം കാണാനും നമ്മെ പഠിപ്പിച്ചത് സുനിൽ ഛേത്രിയാണ്. രണ്ടു ദശകത്തിന് ശേഷം അദ്ദേഹം കളിക്കളം വിടുമ്പോഴും കുറെ നല്ല ഓർമ്മകൾ തന്നിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്‍റെ അഭാവം ആഴത്തിൽ അനുഭവപ്പെടുമെങ്കിലും, അദ്ദേഹം ഉണ്ടാക്കിയ ആഘാതം വരുംവർഷങ്ങളിൽ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.
''സുനിൽ ഭായ്, നിങ്ങളുടെ സംഭാവനകൾ വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യും. ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചതിനു നന്ദി''.
Read more: ബൂട്ടഴിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിലെ ധോണി! ഛേത്രി മറയുമ്പോള്‍ ഇന്ത്യക്ക് നഷ്ടമാക്കുന്നത് പ്രതീക്ഷ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം