ഇന്ത്യയുടെ ഒറ്റയാള്‍പ്പട്ടാളം ബൂട്ടഴിക്കുമ്പോള്‍! ലോക ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ മൂന്നാമന്റെ കഥ

നീണ്ട 20 വര്‍ഷങ്ങളോളം വേഗവും കൗശലവും പ്രതികരണ ശേഷിയും മെയ് വഴക്കവും ശാരീരിക മികവും അത്യാവശ്യമായ  മുന്നേറ്റനിരയില്‍ എതിരാളികളെ കബളിപ്പിച്ച് തന്റെ കാലുകളെ കളിയുടെ ഗതിവിഗതികള്‍ക്കനുസരിച്ച് കൊണ്ടു പോകുകയെന്ന അസാധ്യമായ കാര്യമാണ് ഛേത്രി സാധിച്ചെടുത്തത്.

Sunil Chhetri last dance special article on indian legend

മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുക. മാറുന്ന ലോകത്തിനനുസരിച്ച് തന്റെ മനസ്സും  ശരീരവും പാകപ്പെടുത്തുക. പിന്നോട്ട് പോകാതെ തന്റെ മേഖലയിലെ മികവ് നിലനിര്‍ത്തുക. ഏത് മേഖലയിലായാലും വിജയിക്കുന്ന ആളുകളുടെ പൊതു പ്രത്യേകതയും മറ്റുള്ളവര്‍ക്ക് പെട്ടെന്ന് അനുകരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ കാര്യവും മറ്റേതുമല്ല. എന്നാല്‍ ഫുട്‌ബോള്‍ പോലൊരു ഗെയിമില്‍ 20 വര്‍ഷത്തോളം അന്താരാഷ്ട്ര രംഗത്ത് തന്നോടൊപ്പമുള്ള മറ്റാരേക്കാളും മുന്‍പന്തിയില്‍ നിലനില്‍ക്കുന്നതിനോളം ബുദ്ധിമുട്ട് വേറെന്തുണ്ട്?

സുനില്‍ ഛേത്രിയെന്ന 39 കാരന്‍ ഇക്കാര്യത്തില്‍ ഏറ്റവും മികച്ചവനെന്ന് പറയേണ്ടി വരും. നീണ്ട 20 വര്‍ഷങ്ങളോളം വേഗവും കൗശലവും പ്രതികരണ ശേഷിയും മെയ് വഴക്കവും ശാരീരിക മികവും അത്യാവശ്യമായ  മുന്നേറ്റനിരയില്‍ എതിരാളികളെ കബളിപ്പിച്ച് തന്റെ കാലുകളെ കളിയുടെ ഗതിവിഗതികള്‍ക്കനുസരിച്ച് കൊണ്ടു പോകുകയെന്ന അസാധ്യമായ കാര്യമാണ് ഛേത്രി സാധിച്ചെടുത്തത്. ഛേത്രിയുടെ കരിയറില്‍ എത്രയോ പരിശീലകരെ ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ടു. അവര്‍ കൊണ്ടു വന്ന വ്യത്യസ്തമായ എത്രയോ ശൈലികള്‍ കണ്ടു. മുന്നേറ്റനിരയില്‍ ഛേത്രിക്കൊപ്പം എത്രയോ സ്‌ട്രൈക്കര്‍മാര്‍ മാറി മാറി വന്നു. ഛേത്രി അപ്പോഴും ഒരു ഒറ്റയാള്‍പ്പട്ടാളമായി നില നിന്നു. ചുറ്റുമുള്ള അന്തരീക്ഷത്തില്‍ വന്ന വ്യത്യാസങ്ങളൊന്നും അയാളിലെ കേളിശൈലിയെ ബാധിക്കാത്ത വിധം കരുത്തനായി.

Sunil Chhetri last dance special article on indian legend

മൂന്നു പതിറ്റാണ്ടുകളിലും രാജ്യാന്തര ഫുട്‌ബോളില്‍ ഗോള്‍ നേടാന്‍ പറ്റിയെന്നത് തന്നെ അയാളിലെ പരിണാമ സിദ്ധാന്തത്തിന്റെ തെളിവായിരുന്നു. മികച്ചവരില്‍ മികച്ച വര്‍ മാത്രം നിലനില്‍ക്കുമെന്ന ലോകസത്യത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നായി ഛേത്രിയെയും ചൂണ്ടിക്കാട്ടാം. ലോക ഫുട്‌ബോളില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത ഒരു അപൂര്‍വ നേട്ടത്തിന് കൂടി ഉടമയാണ് സുനില്‍ ഛേത്രി. കളിച്ച 1, 10, 25, 50, 75,100, 125, 150 എന്നീ മാച്ചുകളിലെല്ലാം ഗോള്‍ നേടിയ അപൂര്‍വത മറ്റാര്‍ക്ക് അവകാശപ്പെടാനാകാം? നിര്‍ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ കളിക്കാന്‍ പറ്റുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഇതിനെ കണക്കാക്കാം. ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തിലും ഛേത്രി ഗോള്‍സ്‌കോര്‍ ചെയ്‌തേക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതിനോളം കൗതുകകരമായ മറ്റൊരു കാര്യമില്ലെന്ന് പറയേണ്ടി വരും.

ഇത്തിരി കുഞ്ഞന്മാരുടെ വിജയം! ടി20 ലോകകപ്പില്‍ ചരിത്രം സൃഷ്ടിച്ച് ഉഗാണ്ട; പാപുവ ന്യൂ ഗിനിക്കെതിരെ ആദ്യ ജയം

ലോകഫുട്‌ബോളില്‍ ഇന്ത്യയുടെ സ്ഥാനവും ഇന്ത്യന്‍ ഫുട്‌ബോളര്‍മാരുടെ നിലവാരവും കണക്കിലെടുമ്പോള്‍ ഛേത്രി കാതങ്ങള്‍ മുന്നിലാണ്. 2022 ല്‍  'Captain Fantastic' എന്ന പേരില്‍ മൂന്ന് ഭാഗങ്ങള്‍ വരുന്ന ഒരു പരമ്പര പുറത്തിറക്കാന്‍ ഫിഫയെ പ്രേരിപ്പിച്ചതും ലോകകപ്പ് യോഗ്യത പോലും ഒരു സ്വപ്നം മാത്രമായ രാജ്യത്ത് നിന്നും ലോകോത്തര ഫുട്‌ബോളര്‍മാരുടെ പേരിനൊപ്പം നില്‍ക്കാന്‍ പറ്റുന്ന ഒരു അതികായന്‍ ആണെന്ന പരിപൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. നിലവില്‍ ലോകഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ മൂന്നാമന്റെ കഥയാണിതെന്നായിരുന്നു ഫിഫ പറഞ്ഞത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ താഴേക്ക് പോക്ക് കാരണം വ്യക്തിപരമായ നഷ്ടങ്ങള്‍ കൂടി ഛേത്രിക്ക് സംഭവിച്ചിട്ടുണ്ട്. 2009 ല്‍ ഇംഗ്ലീഷ് ലീഗ് ചാംപ്യന്‍ഷിപ്പ് ക്‌ളബ്ബ് ക്യൂന്‍സ് പാര്‍ക്ക് റെഞ്ചേഴ്‌സിന് വേണ്ടി മൂന്നു വര്‍ഷക്കരാറില്‍ ഒപ്പിട്ടിട്ടും ഫിഫയുടെ ആദ്യ 70 റാങ്കില്‍ പെടാത്തത് കൊണ്ട് മാത്രം വര്‍ക്ക് പെര്‍മിറ്റ് കിട്ടാതെ പോയ നിര്‍ഭാഗ്യം ഛേത്രിയ്ക്ക് സംഭവിച്ചിട്ടുണ്ട്. എങ്കിലും 2012 ല്‍ പോര്‍ച്ചുഗല്‍ സ്‌പോര്‍ട്ടിംഗ് സി പി ബി ടീമിന്റെ ഭാഗമാകാന്‍ ഛേത്രിക്ക് സാധിച്ചു.

Sunil Chhetri last dance special article on indian legend

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 128 ഉം ലയണല്‍ മെസ്സി 106 ഉം ഗോളുകളുമായി മുന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ ഛേത്രി പിന്നിലാക്കുന്നത് എത്രയോ ഇതിഹാസങ്ങളെയാണ്. പെലെയും മറഡോണയും പുഷ്‌കാസും അടക്കമുള്ള ഇതിഹാസങ്ങള്‍ കണക്കുകളിലെങ്കിലും ഛേത്രിക്ക് പിന്നിലാണെന്നത് ഒരു പക്ഷെ സ്വപ്നങ്ങള്‍ക്ക് നിരക്കാത്ത യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുകയാണ്. പൊതുവെ ലോക റാങ്കിങ്ങില്‍ പിന്നില്‍ നില്‍ക്കുന്ന ടീമുകള്‍ക്കെതിരെയാണ് ഛേത്രിയുടെ ഗോള്‍ നേട്ടങ്ങള്‍ എന്ന ന്യായീകരണം നിരത്താമെങ്കിലും ബോക്‌സില്‍ ഒരു ഗോളിനായി പന്തുകള്‍ എത്തിക്കുവാന്‍ പാടുപെടുന്ന ഇന്ത്യന്‍ ഫുട്‌ബോളില്‍ ഛേത്രിയുടെ നേട്ടം കണക്കുകള്‍ക്കപ്പുറത്ത് തന്നെയാണ് സമ്മതിക്കേണ്ടി വരും. ഐ.എം.വിജയനും ബൈച്ചുങ് ബൂട്ടിയയും അടക്കമുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടേയും ഈയടുത്ത കാലത്ത് കളിച്ചവരുടേയും കണക്കുകളെടുക്കുമ്പോള്‍ ഛേത്രി ബഹുദൂരം മുന്നിലാണ്.

ടി20 ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷ സഞ്ജുവിന് ഇനിയും വേണോ? പാകിസ്ഥാനെതിരെ കളിപ്പിക്കണമെന്നും വേണ്ടെന്നും വാദം

ലോകഫുട്‌ബോളില്‍ ഗോള്‍ നേട്ടത്തില്‍ മുന്നിലാകുമ്പോഴും ആ നേട്ടത്തിന്റെ  പരിമിതികള്‍ ഛേത്രിയ്ക്ക് തന്നെ പൂര്‍ണമായും ബോധ്യമുണ്ട്. ഒരു വേള ലയണല്‍ മെസ്സിയെ ഗോള്‍ വേട്ടയില്‍ മറികടന്ന സമയത്ത് ഒരു ഇന്ത്യക്കാരന്റെ പേര് മെസ്സിയുടെ പേരിനൊപ്പം പറയുന്നതില്‍ വേണമെങ്കില്‍ അഞ്ച് സെക്കന്റുകള്‍ മാത്രം സന്തോഷിക്കാം എന്നായിരുന്നു ഛേത്രി അഭിപ്രായപ്പെട്ടത്. കഴിവുകളെക്കാള്‍ കുറവുകള്‍ ഏറെയുണ്ടെന്ന് തോന്നിപ്പിക്കുന്നവനാണ് ഛേത്രി. അഞ്ചടി ഏഴിഞ്ച് ഉയരത്തില്‍ തുടങ്ങുന്നു ഛേത്രിയുടെ ഫുട്‌ബോള്‍ കളിക്കാരനിലെ പരിമിതികള്‍. വലിയ താരങ്ങളുടെ ശാരീരിക മികവോ, വേഗതയോ, അസാമാന്യ ഡ്രിബ്‌ളിങ് പാടവമോ അവകാശപ്പെടാന്‍ പറ്റാത്ത ഒരാള്‍ പക്ഷെ ഇരുകാലുകളും കൊണ്ട്  അനുസ്യൂതം ഗോളുകള്‍ അടിച്ചു കൂട്ടുന്നു. തന്റെ കുറിയ ശരീരത്തെ മറന്നു കൊണ്ടു ഹെഡ്ഡറുകളിലൂടെ ഗോള്‍ നേട്ടം ഉയര്‍ത്തുന്നു. കരിയറില്‍ പരിക്കുകള്‍ അധികം അലട്ടാതെ മുന്‍പോട്ടു പോകുന്നതിനൊപ്പം തൊണ്ണൂറു മിനുട്ടുകളും അതിനപ്പുറത്തു വരുന്ന അധിക സമയത്തും കളിക്കാന്‍ സജ്ജനാകുന്ന കാഴ്ചയും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അപരിചിതമല്ല.

Sunil Chhetri last dance special article on indian legend

ഫുട്‌ബോള്‍ എന്നത് ജീവിതത്തിന്റെ എല്ലാമായത് കൊണ്ട് തന്നെ പന്ത്രണ്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തി പൂര്‍ണമായും ഫുട്‌ബോളിലേക്ക് തിരിഞ്ഞ ഛേത്രിയ്ക്ക് 2004 ലെ സന്തോഷ് ട്രോഫിയില്‍ നടത്തിയ പ്രകടനത്തിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്ന് ഡല്‍ഹിയ്ക്ക് വേണ്ടി ഗുജറാത്തിനെതിരെ നേടിയ ഹാട്രിക്കടക്കം ആറ് ഗോളുകള്‍ നേടി ഒടുവില്‍ ക്വാര്‍ട്ടറില്‍ കേരളത്തിനോട് തോറ്റാണ് ഛേത്രിയുടെ ടീം മടങ്ങിയത്. അതേ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍-20 ടീമിലെത്തിയ ഛേത്രി തൊട്ടടുത്ത വര്‍ഷം തന്നെ സീനിയര്‍ ടീമിലുമെത്തി. ബൈച്ചുങ് ബൂട്ടിയയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന്  ബൂട്ടിയ അരങ്ങൊഴിഞ്ഞ 2011 ല്‍ തന്നെ 13 ഗോളുകള്‍ നേടി ഛേത്രി ഉത്തരം നല്‍കിയത് യാദൃശ്ചികമാകാം. കഴിഞ്ഞ വര്‍ഷം 14 മാച്ചുകളില്‍ 9 ഗോള്‍ നേടിയ ഛേത്രിയുടെ അരങ്ങേറ്റം മുതലിങ്ങോട്ട് നോക്കിയാല്‍ സ്ഥിരതയുടെ പര്യായമെന്ന് വിശേഷിപ്പിക്കാം. ഛേത്രിക്കൊപ്പം അരങ്ങേറിയവരുടെയും  നിലവില്‍ കളിക്കുന്നവരുടെയും കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഛേത്രിയുടെ മൂല്യം മനസ്സിലാകും. ശരാശരിക്കും താഴെയുള്ള ഒരു ടീമിന്റെ ഭാഗമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നൂറിനടുത്ത് ഗോളുകള്‍ സ്വന്തമാക്കുകയെന്നത് ചിന്തകള്‍ക്ക് നിരക്കാവുന്നതിനപ്പുറത്താകാം.

Sunil Chhetri last dance special article on indian legend

2005 ജൂണ്‍ 12 ന് പാകിസ്ഥാനെതിരെ ക്വറ്റയില്‍ പകരക്കാരനായി ഇറങ്ങി 65 ആം മിനുട്ടില്‍ ഗോളടിച്ച് അരങ്ങേറി അതേ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ മനുഷ്യന്‍ ഏഴ് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ടീമിന്റെ നായകനായതു മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരേയൊരു പേരായി മാറുകയായിരുന്നു. ഒരു സ്‌ട്രൈക്കര്‍ക്ക് വേണ്ട ശാരീരിക മികവോ ഉയരമോ ഒന്നുമില്ലാതിരുന്നതു കൊണ്ടു തന്നെ രാജ്യത്തിനു വേണ്ടി കളിക്കുമെന്ന് ഛേത്രി  ഒരിക്കലും  കരുതിയിരുന്നില്ല. ഒടുവില്‍ 150 അന്താരാഷ്ട്ര മത്സരങ്ങള്‍,94 ഗോളുകള്‍, ഇടം കാലു കൊണ്ടും  വലം കാലു കൊണ്ടും ഒരു പോലെ മികച്ചു  നില്‍ക്കുക, ബോക്‌സിനുള്ളില്‍ കിട്ടുന്ന അവസരങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുക, എതിര്‍ ടീമിനെ കബളിപ്പിച്ച് സ്‌കോര്‍ ചെയ്യാനുള്ള കഴിവ്, പൊതുവെ ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് അന്യമായ ഫെഡ്ഢര്‍ ഗോളുകള്‍ നേടുക.

ഏഴ് തവണ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള AIFF പുരസ്‌കാരം ഛേത്രി സ്വന്തമാക്കിയപ്പോള്‍ ഐ.എം.വിജയന് മുന്നും ജോപോള്‍ അഞ്ചേരിക്കും ബൈച്ചുങ് ബൂട്ടിയയ്ക്കും രണ്ടു തവണയും മാത്രമാണ് നേടാന്‍ പറ്റിയത്. ഛേത്രിയെ കൂടാതെ മറ്റൊരാള്‍ക്കും ഈ പുരസ്‌കാരം മൂന്നില്‍ കൂടുതല്‍ നേടാന്‍ പറ്റിയിട്ടില്ല. നാല് സാഫ് ചാംപ്യന്‍ഷിപ്പുകള്‍, മൂന്ന് നെഹ്‌റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്. അര്‍ജുന അവാര്‍ഡ്,പത്മശ്രീ, ഖേല്‍രത്‌ന അവാര്‍ഡുകള്‍.ചരിത്രങ്ങളില്ലാത്ത ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ പുതുചരിത്രങ്ങള്‍ എഴുതാന്‍ ഛേത്രിയെപ്പോലെ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ലെന്നത് നിസ്സംശയം പറയാം. ഇന്ത്യന്‍ ആര്‍മിയില്‍ ഫുട്‌ബോള്‍ ടീം അംഗമായ പിതാവിന്റെയും നേപ്പാള്‍ വനിതാ ടീമംഗമായ മാതാവും അവരുടെ സഹോദരിയും ചുമലിലേറ്റിയ ഫുട്‌ബോള്‍ പാരമ്പര്യത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ഛേത്രിയുടെ ജീവിതപങ്കാളി ഇന്ത്യയുടെയും മോഹന്‍ബഗാന്റെയും മുന്‍ താരമായ സുബ്രതോ ഭട്ടാചാര്യയുടെ മകളായ സോനം ഭട്ടാചാര്യയാണ്.

Sunil Chhetri last dance special article on indian legend

കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ കലിംഗ സ്റ്റേഡിയത്തില്‍ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഫൈനല്‍ സ്ഥാനം ഉറപ്പിച്ച വിജയഗോള്‍ നേടിയ ശേഷം പന്തെടുത്ത് ജേഴ്‌സിക്കുള്ളിലേക്ക് വെച്ച് തന്റെ കുഞ്ഞിന്റെ   വരവ്   പ്രഖ്യാപിച്ച ഛേത്രി പക്ഷെ കളിക്കളത്തില്‍ വികാരപ്രകടനങ്ങളേക്കാള്‍ പക്വത നിറഞ്ഞ പെരുമാറ്റങ്ങള്‍  കൊണ്ടാണ് ടീമംഗങ്ങള്‍ക്ക് പ്രിയപ്പെട്ടവനാകുന്നത്. കഴിഞ്ഞ വര്‍ഷം സാഫ് കപ്പില്‍ കുവൈറ്റിനെതിരായ മത്സരത്തില്‍ ഛേത്രിയുടെ ഗോളില്‍ മുന്നിട്ടു നിന്ന് ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ കുവൈറ്റ് താരത്തിന്റെ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം പിഴച്ച  അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളില്‍ സമനില വഴങ്ങേണ്ടി വന്നപ്പോള്‍ പൂര്‍ണമായും പിന്തുണച്ച ഇന്ത്യന്‍ നായകന്‍ പറഞ്ഞത് 'അന്‍വര്‍ അല്ല, ആ ഗോള്‍ വഴങ്ങിയത് ഇന്ത്യയാണ്'  എന്നായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും യുവതാരങ്ങള്‍ക്ക്  ഛേത്രിയുടെ പിറകില്‍ മാത്രമേ നില്‍ക്കാന്‍ പറ്റുന്നുള്ളൂ. 2015 ല്‍ മുംബൈ സിറ്റിക്കായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഹാട്രിക് നേടുമ്പോള്‍ അത് ഐ.എസ്.എല്‍ മത്സരങ്ങളിലെ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക്കായിരുന്നു. ഛേത്രിയെ കൂടാതെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 50 ഗോളുകള്‍  എന്ന നേട്ടം കൈവരിക്കാന്‍ പറ്റിയത് ഒഗ്‌ബെച്ചെയ്ക്ക് മാത്രമാണ്. ഇന്ത്യന്‍ കുപ്പായം അഴിച്ചു വെച്ചാലും ഛേത്രിയെ ഐ.എസ്.എല്‍ മത്സരങ്ങളില്‍ കാണാമെന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമായിരിക്കും. തന്റെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയായ വിരാട് കോലിയോട് കൂടി ആലോചിച്ച് ജൂണ്‍ 6 ന് കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം വിരമിക്കല്‍ മാച്ചായി പ്രഖ്യാപിച്ച ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളോട് വിട പറയുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് അവരുടെ ഫുട്‌ബോള്‍ മേല്‍വിലാസമാണ്. അവശേഷിപ്പിക്കുന്നത് ഒരു ശൂന്യതയാണ്. ഇന്ത്യക്ക് വേണ്ടി ഇനി ഗോളടിക്കാന്‍ ഇനിയാര് എന്ന ആശങ്കയാണ്. 

Sunil Chhetri last dance special article on indian legend

ക്രിക്കറ്റില്‍ സച്ചിനും ടെന്നീസില്‍ ലിയാണ്ടര്‍ പേസും ചെസ്സില്‍ വിശ്വനാഥന്‍ ആനന്ദും ചെയ്ത അതേ അടയാളപ്പെടുത്തലുകളാണ് ഛേത്രിയും പതിപ്പിക്കുന്നത്. സത്യത്തില്‍ ഇനിയും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഛേത്രിക്ക് ബാല്യങ്ങള്‍ ബാക്കിയുണ്ട്. ആറ് ഗോളുകള്‍ കൂടി സ്വന്തമാക്കി 100 അന്താരാഷ്ട്ര ഗോളുകള്‍ എന്ന സമാനതകളില്ലാത്ത നേട്ടം അയാള്‍ക്ക് സ്വന്തമാക്കാന്‍ അവസരം ബാക്കിയുണ്ട്. എങ്കിലും അയാള്‍ തന്റെ ബൂട്ടുകള്‍ അഴിക്കുകയാണ്.ഛേത്രി എന്ന നായകനില്ലാത്ത, ഛേത്രി എന്ന മുന്നേറ്റനിരക്കാരനില്ലാത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ എന്തായിരിക്കുമെന്ന് ഇന്നലെ വരെ ചിന്തിച്ചിട്ടില്ലാത്ത കായിക ലോകത്തിന് ഛേത്രിയുടെ വിരമിക്കല്‍ സമ്മാനിക്കുന്ന ആശങ്കള്‍ ചില്ലറയായിരിക്കില്ല.

എല്ലാ നിര്‍ണായക മത്സരങ്ങളിലും ഗോള്‍ നേടുന്ന ശീലം  ഛേത്രി  അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മത്സരത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

Latest Videos
Follow Us:
Download App:
  • android
  • ios