സുനില്‍ ഛേത്രി വിരമിക്കല്‍ തീരുമാനം എടുത്തത് വിരാട് കോലിയെ വിളിച്ച ശേഷം!
അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ മൂന്നാമത്തെ സജീവ താരമാണ് സുനില്‍ ഛേത്രി
ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ തീരുമാനം എടുത്തത് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം ആരാഞ്ഞ ശേഷം. ഛേത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സുഹൃത്തുക്കളാണ് വിരാട് കോലിയും സുനില്‍ ഛേത്രിയും.
'വിരമിക്കല്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് വിരാട് കോലിയുമായി സംസാരിച്ചിരുന്നു. അദേഹം എന്‍റെ വളരെ അടുത്ത സുഹൃത്തുമാണ്. എന്‍റെ വൈകാരികത വ്യക്തമായി മനസിലാവുകയും എന്താണ് ചെയ്യേണ്ടത് എന്ന് അറിയുമെന്നതിനാലുമാണ് കോലിയുടെ അഭിപ്രായം തേടിയത്. കായിക ജീവിതത്തിലെ ഉയര്‍ച്ചതാഴ്‌ചകള്‍, വിരമിക്കല്‍ തീരുമാനം എന്നിവയെ കുറിച്ചെല്ലാം ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇത്രയും വര്‍ഷത്തെ ആത്മബന്ധം കൊണ്ട് മനസിലാക്കാന്‍ കഴിയും' എന്നും ഛേത്രി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ക്യാംപിനൊപ്പം ഭുവനേശ്വറിലാണ് സുനില്‍ ഛേത്രിയുള്ളത്.
കരിയറില്‍ 150 മത്സരങ്ങളില്‍ 94 ഗോളുകളുമായി അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ മൂന്നാമത്തെ സജീവ താരമാണ് സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ സുനില്‍ ഛേത്രിയുടെ അവസാന മത്സരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് 39കാരനായ ഛേത്രി വിരമിക്കല്‍ തീരുമാനം ഇന്ത്യന്‍ കായികരംഗത്തെ അറിയിച്ചത്. 2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച ഛേത്രി തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഛേത്രിക്കുണ്ട്.
അന്താരാഷ്ട്ര വേദിയില്‍ 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളില്‍ സുനില്‍ ഛേത്രിയുടെ പാദസ്‌പര്‍ശമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം