ഒരിക്കലും തകര്‍ക്കാനാകാത്ത സുവര്‍ണ ഗോള്‍ നേട്ടത്തിന്റെ ഓര്‍മ; ലോകകപ്പിലെ ആദ്യ ഗോളിനെ കുറിച്ച്

ഫ്രാന്‍സിനു വേണ്ടി  ലോകകപ്പില്‍ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം ആകെ നേടിയത് ഒരേയൊരു ലോകകപ്പ് ഗോള്‍ മാത്രമാണ്. എന്നാല്‍ അയാളെ മറന്ന് ഒരു ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രം പറയാനുമാകില്ല.

story of Lucien Laurent who got first goal in fifa world cup

ചില അവസരങ്ങളില്‍ മൈതാനത്ത് കളിക്കുന്ന താരങ്ങളേക്കാള്‍ ശ്രദ്ധേയരാകുന്ന ചിലരെ കാണാം. 1998 ല്‍ ഫ്രാന്‍സ് ആതിഥേയരായി  സ്വന്തം മണ്ണില്‍ ഫ്രഞ്ചുകാര്‍ ഒരു ലോകകപ്പ് വിജയിക്കുമ്പോള്‍ സിനദിന്‍ സിദാന്‍ അടക്കമുള്ള കളിക്കാരൊടൊപ്പം തലയുടെപ്പോടെ കളത്തിന് പുറത്ത് ഒരു ഫ്രാന്‍സുകാരന്‍ ഉണ്ടായിരുന്നു. വയസ്സ് 90 !

ഫ്രാന്‍സിനു വേണ്ടി  ലോകകപ്പില്‍ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം ആകെ നേടിയത് ഒരേയൊരു ലോകകപ്പ് ഗോള്‍ മാത്രമാണ്. എന്നാല്‍ അയാളെ മറന്ന് ഒരു ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രം പറയാനുമാകില്ല. ലൂസിയന്‍ ലോറന്റ് എന്ന ഫ്രഞ്ചുകാരന്‍ 1930ലെ ആദ്യ ലോകകപ്പിലെ ആദ്യ ഗോളിന്റെ ഉടമയാണ്. 68 വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സ് ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് വിജയിക്കുമ്പോള്‍ അത് കണ്‍കുളിര്‍ക്കെ കാണാനുള്ള ഭാഗ്യം ഉണ്ടായത് ആദ്യ ലോകകപ്പ് കളിച്ച ഫ്രഞ്ച് ടീമിലെ ജീവിച്ചിരുന്ന ഒരേ ഒരു വ്യക്തിയായിരുന്ന ലൂസിയന്‍ ലോറന്റ്  മാത്രമായിരുന്നു.

1930ലെ പ്രഥമ ലോകകപ്പില്‍  ജൂലൈ 13 ന് ആദ്യമാച്ചില്‍ ഫ്രാന്‍സും മെക്‌സിക്കോയും പന്ത് തട്ടുമ്പോള്‍ കാണികളായി ആയിരം പേര്‍ മാത്രമാണുണ്ടായിരുന്നത്. കളിയുടെ 19 ആം മിനിറ്റില്‍ വിങ്ങര്‍ ഏണസ്റ്റ് ലിബറ്റേറിയുടെ ക്രോസില്‍ പെനാല്‍റ്റി ഏരിയയ്ക്ക്  പുറത്തുനിന്നും ഒരു വോളിയിലൂടെ മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഓസ്‌കര്‍ ബോണ്‍ഫിഗിലോ കാത്ത വല കുലുക്കിയപ്പോള്‍ ലോറന്റ്  സ്‌കോര്‍ ചെയ്തത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. ഫ്രാന്‍സ് അന്ന്  4-1 ന്   വിജയിച്ചെങ്കിലും പിന്നീടുള്ള 2 മത്സരങ്ങളില്‍ അര്‍ജന്റീനയോടും ചിലിയോടും  പരാജയപ്പെട്ടതോടെ നാട്ടിലേക്ക് കയറേണ്ടിവന്നു .

അര്‍ജന്റീനക്കെതിരായ മാച്ചില്‍  ലൂയിസ് മോണ്ടിയുടെ കടുത്ത ഫൗള്‍ കാരണം പരിക്കേറ്റ  ലോറന്റിന്  ചിലിക്കെതിരെ  കളിക്കാനുമായില്ല. പരിക്ക് തുടര്‍ച്ചയായി അലട്ടിയതോടെ  ഇറ്റലിയില്‍ നടന്ന 1934 ലെ  രണ്ടാം ലോകകപ്പില്‍ ലോറന്റിന് കളത്തിന്  പുറത്തിരുന്ന് കളി കാണേണ്ടി വന്നു. ഫ്രാന്‍സിന് വേണ്ടി ആകെ 10 മാച്ചുകള്‍  മാത്രം കളിച്ച ലോറന്റ് കരിയറിലെ  തന്റെ  രണ്ടാം ഗോള്‍ നേടിയത് 1931 ല്‍ ഇംഗ്‌ളണ്ടിനെ ഫ്രാന്‍സ് 5 - 2 ന്  തറപറ്റിച്ച മത്സരത്തിലായിരുന്നു .

ആദ്യ ലോകകപ്പിനായി രണ്ടാഴ്ചത്തെ കപ്പല്‍ യാത്രക്ക് ശേഷം ഉറുഗ്വെയിലെത്തിയ ഫ്രഞ്ച് ടീമില്‍ ലൂസിയന്‍ ലോറന്റിനൊപ്പം മൂത്ത സഹോദരന്‍ ജീന്‍ ലോറന്റും  ഉണ്ടായിരുന്നു. പക്ഷേ ഒരു മത്സരം പോലും കളിക്കാന്‍ സഹോദരന് അവസരം കിട്ടിയില്ല. 1946 ല്‍ കരിയറില്‍ നിന്ന് വിരമിച്ച ലോറന്റ് പക്ഷെ  തന്റെ  86 വയസ്സുവരെയും ചെറിയ രീതിയിലെങ്കിലും ഫുട്‌ബോള്‍ തട്ടാറുണ്ടായിരുന്നു.1930 ലെ ആദ്യ ലോകകപ്പില്‍ കളിച്ച ഒരാള്‍ക്ക് 68 വര്‍ഷത്തിനു ശേഷം തന്റെ  89 ആം വയസ്സില്‍ ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും പ്രതാപികളായ ബ്രസീലിനെ സ്വന്തം ടീം 3 -0 ന്  തകര്‍ത്ത് കിരീടം നേടുന്ന  കാഴ്ച കാണാന്‍ പറ്റിയതിനേക്കാള്‍ ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ മറ്റെന്ത് ഭാഗ്യമാണ് വേണ്ടത്??

Latest Videos
Follow Us:
Download App:
  • android
  • ios