ഗോളില്ലാ പാസുകളില്‍ രൂക്ഷ വിമര്‍ശനം; പരിശീലകന്‍ ലൂയിസ് എന്‍‌റിക്വയെ പുറത്താക്കി സ്‌പെയിന്‍

നാളിതുവരെ ടീമിന് നല്‍കിയ സംഭാവനകള്‍ക്ക് ലൂയിസ് എന്‍‌റിക്വയ്‌ക്ക് സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ നന്ദി അറിയിച്ചു

Spanish Football Federation sacked Luis Enrique after FIFA World Cup 2022 exit

ദോഹ: ഫിഫ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയ്ക്ക് എതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ലൂയിസ് എന്‍‌റിക്വയെ പുറത്താക്കി സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍. കോസ്റ്റാറിക്കയ്ക്ക് എതിരെ 7-0ന്‍റെ വിജയവുമായി ഖത്തര്‍ ലോകകപ്പ് തുടങ്ങിയ സ്‌പാനിഷ് സംഘം പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയ്ക്ക് എതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്താവുകയായിരുന്നു. ആയിരത്തിലേറെ പാസുകളുമായി കളിച്ചിട്ടും ഗോളടിക്കാന്‍ കഴിയാത്തതും ഷൂട്ടൗട്ടിലെ ദയനീയ പ്രകടനവും ലൂയിസ് എന്‍‌റിക്വയെ കനത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിയിരുന്നു. 

നാളിതുവരെ ടീമിന് നല്‍കിയ സംഭാവനകള്‍ക്ക് ലൂയിസ് എന്‍‌റിക്വയ്‌ക്ക് സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ നന്ദി അറിയിച്ചു. ഈ വര്‍ഷം അവസാനം വരെയായിരുന്നു ലൂയിസ് എന്‍‌റിക്വയ്ക്ക് കരാറുണ്ടായിരുന്നത്. എന്നാല്‍ നോക്കൗട്ട് റൗണ്ടില്‍ ടീം പുറത്തായതോടെ കരാര്‍ നീട്ടണ്ട എന്ന് ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു. അണ്ടര്‍ 21 ടീമിന്‍റെ പരിശീലകനായ ലൂയിസ് ഡി ലാ ഫോന്‍റേ സീനിയര്‍ ടീമിന്‍റെ പരിശീലകനായി തിങ്കളാഴ്‌ച ചുമതലയേല്‍ക്കും. 

ഖത്തർ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറില്‍ ആവേശം 120 ഉം മിനുറ്റ് കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ സ്പെയിന് മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു ആഫ്രിക്കന്‍ ടീമായ മൊറോക്കോ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് മാർച്ച് പാസ്റ്റ് ചെയ്തത്. സ്പെയിന്‍റെ കുറിയ പാസുകള്‍ക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി കൊടുത്തതോടെ മത്സരം എക്സ്ട്രാടൈമും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും സ്പെയിന് വലയിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മൊറോക്കോന്‍ ഗോളി ബോനോ മിന്നും താരമായി. മത്സരത്തില്‍ 1019 പാസുകളാണ് സ്‌പാനിഷ് ടീമിന്‍റെ ഭാഗത്തുനിന്നുണ്ടായത്. പക്ഷേ, ഗോളൊന്നും പിറന്നില്ല. 

മൊറോക്കോയുടെ 'ഷൂട്ട് ഔട്ട്'; ടിക്കി ടാക്ക പൊട്ടി സ്പെയിന്‍ വീട്ടിലേക്ക്
 

Latest Videos
Follow Us:
Download App:
  • android
  • ios