വനിതാ ലോകകപ്പ് നേട്ടത്തിന് പിന്നാലെ സ്പാനിഷ് താരത്തിന്‍റെ ചുണ്ടില്‍ ബലമായി ചുംബിച്ച ഫുട്ബോൾ മേധാവി പുറത്തേക്ക്

കിരീടം നേടിയശേഷം ജേതാക്കള്‍ക്കുള്ള മെഡല്‍ വാങ്ങാനായി വേദിയിലെത്തിയ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയുടെ ചുണ്ടുകളില്‍ റുബൈലസ് ബലമായി പിടിച്ചു നിര്‍ത്തി ചുംബിച്ചതാണ് വിവാദമായത്.

Spanish FA chief Luis Rubiales to resign over kiss controversy gkc

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ലൂയിസ് റുബൈലസ് രാജിവെക്കാനൊരുങ്ങുന്നു. വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി സ്പെയിന്‍ കിരീടം നേടിയശേഷം വിജയികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വാങ്ങാനായിസ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോ വേദിയിലേക്ക് എത്തിയപ്പോള്‍ അവരെ ചുണ്ടില്‍ ബലമായി ചുംബിച്ച് സ്വീകരിച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് റുബൈലസ് രാജിക്ക് സന്നദ്ധത അറിയിച്ചത്. സംഭവത്തില്‍ ലൂയിസ് റുബൈലസിനെിരെ ഫിഫ അച്ചടക്ക സമിതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. സ്പാനിഷ് ടീമിലെ മറ്റ് വനിതാ താരങ്ങളും റുബൈലസിന്‍റെ അപ്രതീക്ഷിത നടപടിയില്‍ അതൃപ്തി അറിയിച്ചിരുന്നു.

കിരീടം നേടിയശേഷം ജേതാക്കള്‍ക്കുള്ള മെഡല്‍ വാങ്ങാനായി വേദിയിലെത്തിയ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയുടെ ചുണ്ടുകളില്‍ റുബൈലസ് ബലമായി പിടിച്ചു നിര്‍ത്തി ചുംബിച്ചതാണ് വിവാദമായത്. സംഭവത്തില്‍ സ്പെയിനിലും പ്രതിഷേധം ശക്തമായിരുന്നു. ആരാധകരും സ്പാനിഷ് സര്‍ക്കാരിലെ മന്ത്രിമാരുമെല്ലാം റുബൈലസിനെതിരെ ശക്തമായി രംഗത്തെത്തി. ഇത്തരം നടപടികള്‍ ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ജെന്നിഫര്‍ ഹെര്‍മോസോ തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചതോടെ ഫിഫ അച്ചടക്ക സമിതി റുബൈലസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെയാണ് റുബൈലസ് രാജി സന്നദ്ധത അറിയിച്ചത്. നേരത്തെ വീഡിയോ സന്ദേശത്തിലൂടെ റുബൈലസ് മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധം തണുപ്പിക്കാനായിരുന്നില്ല. 2018ലാണ് റുബൈലസ് ദ് റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ മേധാവിയായി ചുമതലയേറ്റത്.

ലോകകപ്പ് നേടിയശേഷം സ്പാനിഷ് ഫുട്ബോള്‍ തലവന്‍റെ അപ്രതീക്ഷിത ചുംബനം, പ്രതികരിച്ച് സ്പെയിന്‍ വനിതാ താരം-വീഡിയോ

ആ നിമിഷം താന്‍ ഒരിക്കലും ആസ്വദിച്ചില്ലെങ്കിലും വിജയാവേശത്തില്‍ പരസ്പര ബഹുമാനത്തോടെ ചെയ്തതാണെന്നായിരുന്നു  വിവാദ ചുംബനത്തിനുശേഷം ജെന്നിഫര്‍ ഹെര്‍മോസോയുടെ ആദ്യ പ്രതികരണം. സ്പെയിനിന്‍റെ കന്നി കിരീടനേട്ടത്തിന്‍റെ ശോഭ കെടുത്തുന്നതായി ഫെഡറേഷന്‍ പ്രസിഡന്‍റിന്‍റെ നടപടിയെന്ന വിമര്‍ശനങ്ങള്‍ ശക്തമായതോടെ ജെന്നിഫര്‍ തന്നെ കടുത്ത നിലപാടുമായി ഇന്നലെ രംഗത്തെത്തി. പിന്നാലെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെയാണ് റുബൈലസിന്‍റെ രാജി അനിവാര്യമായത്. ഫൈനല്‍ ജയിച്ചശേഷം സ്വര്‍ണ മെഡല്‍ വാങ്ങാനായി സ്പാനിഷ് താരങ്ങള്‍ ഓരോരുത്തരായി വേദിയിലെത്തിയപ്പോഴാണ് ജെന്നിഫറെ റുബൈലാസ് കെട്ടിപ്പിടിച്ച് ചുംബിച്ചത്. റുബൈലാസിന്‍റെ അപ്രതീക്ഷിത നടപടി സ്ഫാനിഷ് ടീം അംഗങ്ങളെപ്പോലും ഞെട്ടിച്ചിരുന്നു.

ജെന്നിഫറെ മാത്രമല്ല വിജയാഘോഷത്തിനിടെ സ്പാനിഷ് ടീമിലെ മറ്റ് വനിതാ താരങ്ങളെയും റുബൈലസ് ചുംബിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതും വ്യാപക വിമര്‍ശനത്തിന് കാരണമായി. റുബൈലസിന്‍റെ നടപടിക്കെതിരെ സ്പാനിഷ് മാധ്യമങ്ങളും രംഗത്തുവന്നെങ്കിലും തന്‍റെ ചെയ്തികളെ ന്യായീകരിക്കാനാണ് റുബൈലസ് ആദ്യം ശ്രമിച്ചത്. തന്നെ വിമര്‍ശിക്കുന്നവര്‍ വിഡ്ഢികളാണെന്നും ആ നിമിഷത്തെ സ്നേഹത്തിലും സന്തോഷത്തിലും ചെയ്ത കാര്യത്തിന് അത്ര പ്രാധാന്യമെ ഉള്ളൂവെന്നുമായിരുന്നു റുബൈലസ് ആദ്യം പ്രതികരിച്ചത്. വനിതാ ലോകകപ്പ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ തകര്‍ത്താണ് സ്പെയിന്‍ ആദ്യ കിരീടം നേടിയത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios