ഇത് കേരളമാണ്, സിഎഎ അനുവദിക്കില്ല! കേരള ബ്ലാസ്‌റ്റേഴ്‌സ്-ബഗാന്‍ മത്സരത്തിനിടെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രതിഷേധം
ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു പ്രതിരോധം ഇന്ന് കേരളത്തിലും നടന്നു. കൊച്ചി, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അവസാനിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് - മോഹന്‍ ബഗാന്‍ മത്സരത്തിനിടെയാണ് പ്രതിഷേധ ബാനറുകള്‍ ഉയര്‍ന്നത്.
കൊച്ചി: പൗരത്വനിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാചര്യമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം പ്രതിഷേധത്തില്‍ പങ്കാളികളാകുന്നുണ്ട്. വിജ്ഞാപനത്തിനെതിരെ നിയമപരമായി നീങ്ങുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളടക്കം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അസമില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. കേരളത്തില്‍ യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളും സഖ്യകക്ഷികളുമെല്ലാം പ്രതിഷേധത്തിലുണ്ട്. ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടത്താനാണ് മുന്നണികളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയുമെല്ലാം തീരുമാനം. ഇതിനിടെ ആരും പൗരത്വത്തിന് അപേക്ഷിക്കരുതെന്ന് ബംഗാളില്‍ മമത ബാനര്‍ജി ആവര്‍ത്തിച്ചു. പൗരത്വനിയമ ഭേദഗതിയെ ചെറുക്കണമെന്നും മമത ആവശ്യപ്പെട്ടു.
ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു പ്രതിരോധം ഇന്ന് കേരളത്തിലും നടന്നു. കൊച്ചി, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അവസാനിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് - മോഹന്‍ ബഗാന്‍ മത്സരത്തിനിടെയാണ് പ്രതിഷേധ ബാനറുകള്‍ ഉയര്‍ന്നത്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് ഗ്യാലറിയില്‍ ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു. സിഎഎ നടപ്പിലാക്കാന്‍ അനുവദിക്കില്ല..! ഇത് കേരളമാണെന്ന് ഡിവൈഎഫ്‌ഐ ഉയര്‍ത്തിയ ബാനറില്‍ പറയുന്നു. സിഎഎക്കെതിരെ ഐക്യത്തോടെ നിലകൊള്ളുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.
മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബഗാന്‍ ജയിച്ചിരുന്നു. അര്‍മാന്‍ഡോ സാദികുവിന്റെ ഇരട്ട ഗോളാണ് ബഗാന് ജയമൊരുക്കിയത്. ദീപക് തംഗ്രി, ജേസണ്‍ കമ്മിന്‍സ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ദിമിത്രിയോസ് ഡയമന്റാകോസ് രണ്ട് ഗോള്‍ നേടി. വിപിന്‍ മോഹന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍. 18 മത്സരങ്ങളില്‍ 29 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇത്രയും മത്സരങ്ങളില്‍ 39 പോയിന്റുള്ള ബഗാന്‍ രണ്ടാമത്. ഒരു മത്സരം കൂടുതല്‍ കളിച്ച മുംബൈ സിറ്റി 39 പോയിന്റോടെ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.