പുതുവര്‍ഷവും അടപടലം! ബ്രസീലിയന്‍ ഫുട്‌ബോളിന് രക്ഷയില്ല; ആഞ്ചലോട്ടിയെ പ്രതീക്ഷിച്ച കാനറികള്‍ക്ക് തിരിച്ചടി
ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതരും ആഞ്ചലോട്ടിയും കരാര്‍ കാര്യത്തില്‍ ധാരണയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതിനിടെയാണിപ്പോള്‍ റയല്‍ മാഡ്രിഡ് ആഞ്ചലോട്ടിയുടെ കരാര്‍ പുതുക്കിയത്.
റിയോ ഡി ജനീറോ: കാര്‍ലോ ആഞ്ചലോട്ടിയെ മുഖ്യ പരിശീലകനാക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ആഞ്ചലോട്ടിയുമായുള്ള കരാര്‍ പുതുക്കി. ഈ സീസണ്‍ അവസാനത്തോടെ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിക്കുന്ന കാര്‍ലോ ആഞ്ചലോട്ടിയെ പുതിയ പരിശീലകനായി നിയമിക്കാനായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ശ്രമം. ഖത്തര്‍ ലോകകപ്പില്‍നിന്ന് പുറത്തായതിന് പിന്നാലെ രാജിവച്ച കോച്ച് ടിറ്റെയ്ക്ക്പകരമൊരു സ്ഥിരം പരിശീലകനെ ബ്രസീല്‍ നിയമിക്കാതിരുന്നതും അറുപത്തിനാലുകാരനായ ആഞ്ചലോട്ടിയെ പ്രതീക്ഷിച്ചായിരുന്നു.
ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതരും ആഞ്ചലോട്ടിയും കരാര്‍ കാര്യത്തില്‍ ധാരണയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതിനിടെയാണിപ്പോള്‍ റയല്‍ മാഡ്രിഡ് ആഞ്ചലോട്ടിയുടെ കരാര്‍ പുതുക്കിയത്. പുതിയ കരാര്‍ അനുസരിച്ച് ആഞ്ചലോട്ടി 2026 ജൂണ്‍ മുപ്പത് വരെ റയല്‍ മാഡ്രിഡില്‍ തുടരും. ഇതോടെ താല്‍ക്കാലിക പരിശീലകനുമായി മുന്നോട്ടു പോകുന്ന ബ്രസീല്‍ കാപ്പ അമേരിക്കയ്ക്ക് മുന്നോടിയായി സ്ഥിരം കോച്ചിനെ നിയമിക്കാന്‍ നിര്‍ബന്ധിതരായി.
അഞ്ചു സീസണില്‍ റയലിനെ പരിശീലിപ്പിച്ച ആഞ്ചലോട്ടി ക്ലബിനെ പത്ത് കിരീടങ്ങളിലേക്ക് യിച്ചിട്ടുണ്ട്. രണ്ട് ചാംപ്യന്‍സ് ലീഗ്, രണ്ട് ക്ലബ് ലോകകപ്പ്, രണ്ട് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, രണ്ട് കോപ്പ ഡെല്‍ റെ ലാ ലിഗയിലും സ്പാനിഷ് കപ്പിലും ഓരോ കിരീടം എന്നിവയാണ് ആഞ്ചലോട്ടിക്ക് കീഴില്‍ റയല്‍ ഷെല്‍ഫില്‍ എത്തിച്ചത്. നേരത്തെ, ആഞ്ചലോട്ട് 2024 ജൂണില്‍ മാഡ്രിഡ് വിടുമെന്നുളള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പിന്നാലെ സ്പാനിഷ് മാധ്യമങ്ങള്‍ റയലിന്റെ മുന്‍താരം സാബി അലോന്‍സോ ആഞ്ചലോട്ടിയുടെ പകരക്കാരനാവുമെന്നുള്ള വാര്‍ത്തളും പുറത്തുവിട്ടു. റയലിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും മുന്‍താരമായിരുന്ന സാബി അലോന്‍സോ ഇപ്പോള്‍ ജര്‍മ്മന്‍ ക്ലബ് ബയര്‍ ലെവര്‍ക്യുസന്റെ പരിശീലകനാണ്. കഴിഞ്ഞ സീസണില്‍ തരം താഴ്ത്തലിന്റെ വക്കിലായിരുന്ന ലെവര്‍ക്യൂസനെ ആറാം സ്ഥാനത്തേക്കുയര്‍ത്തിയാണ് സാബി അലോന്‍സോ പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയനായത്.