യുവന്‍റസ് താരം റുഗാനിക്ക് കൊവിഡ് 19; ക്രിസ്റ്റ്യാനോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍

റുഗാനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലുമാണെന്ന് യുവന്‍റസ്

Serie A Daniele Rugani has tested positive for Covid 19

ടൂറിന്‍: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ് യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ ഡാനിയേൽ റുഗാനിക്ക് കൊവിഡ് 19 എന്ന് സ്ഥിരീകരണം. റുഗാനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലുമാണെന്ന് യുവന്‍റസ് വ്യക്തമാക്കി. റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. 

കൊവിഡ് 19 പിടിപെട്ടു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിച്ച് ഡാനിയേൽ റുഗാനി രംഗത്തെത്തി. താന്‍ സന്തോഷവാനാണ് എന്നായിരുന്നു റുഗാനിയുടെ ട്വീറ്റ്. കൊവിഡ് 19നെ നേരിടാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ഏവരും സഹകരിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു. ഇറ്റലിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനാല്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലാണ് റോണോ ഉള്ളത് എന്നാണ് സൂചന. 

സീസണില്‍ യുവന്‍റസിനായി ഏഴ് മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിരുന്നു ഡാനിയേൽ റുഗാനി. 2015ല്‍ യുവന്‍റസില്‍ എത്തിയ താരത്തിന് 2023 വരെ ക്ലബില്‍ കരാറുണ്ട്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഇന്‍റര്‍ മിലാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ബഞ്ചിലായിരുന്നു റുഗാനിയുടെ സ്ഥാനം. ഇറ്റലിയെ സാഹചര്യങ്ങള്‍ മോശമായി തുടരുന്നതിനാല്‍ സീരിസ് എ ഏപ്രില്‍ ആദ്യവാരം വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. 
 

Read more: കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios