പിഎസ്‌ജിയില്‍ നിന്ന് മെസി പോവുക അര്‍ജന്‍റീനന്‍ ക്ലബിലേക്ക്?
അമേരിക്കൻ ക്ലബ് ഇന്‍റർ മയാമി, സൗദി ക്ലബ് അൽ ഹിലാൽ എന്നിവരും ലിയോണല്‍ മെസിയെ സ്വന്തമാക്കാൻ രംഗത്തുണ്ട്
പാരീസ്: ലിയോണൽ മെസി ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് തിരിച്ചുപോകുമെന്ന് മുൻ താരം സെർജിയോ അഗ്യൂറോ. ഈ സീസൺ അവസാനത്തോടെ പിഎസ്‌ജിയുമായുള്ള മെസിയുടെ കരാർ അവസാനിക്കും. കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമിക്കുന്നുണ്ടെങ്കിലും മെസി തീരുമാനം അറിയിച്ചിട്ടില്ല. ഇതിനിടെയാണ് മെസി അർജന്‍റീനയിലേക്ക് മടങ്ങുന്ന കാര്യം പരിഗണിക്കുന്നുവെന്ന് സൂപ്പർ താരത്തിന്‍റെ ഉറ്റസുഹൃത്ത് കൂടിയായ അഗ്യൂറോയുടെ വെളിപ്പെടുത്തൽ. മെസി അർജന്‍റീനയിലേക്ക് തിരിച്ചെത്താൻ സമയമായെന്ന് മുൻ താരം മാരിയോ കെംപസും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്കൻ ക്ലബ് ഇന്‍റർ മയാമി, സൗദി ക്ലബ് അൽ ഹിലാൽ എന്നിവരും ലിയോണല്‍ മെസിയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ഇതിനിടെ മെസി എഫ്‌സി ബാഴ്‌സലോണയിലേക്ക് മടങ്ങാനിടയുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലിയോയെ ബാഴ്‌സയിലേക്ക് സ്വാഗതം ചെയ്‌ത് പഴയ സഹതാരവും നിലവിലെ ബാഴ്‌സലോണ പരിശീലകനുമായ സാവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാഴ്‌സലോണ മെസിയുടെ സ്വന്തം വീടാണ്, ക്യാംപ്‌നൗവിന്‍റെ വാതിലുകൾ മെസിക്കായി എന്നും തുറന്നിട്ടിട്ടുണ്ടെന്നുമായിരുന്നു സാവിയുടെ വാക്കുകള്‍. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മെസിയാണെന്നും സാവി വ്യക്തമാക്കിയിരുന്നു. ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ബാഴ്‌സലോണ പ്രസിഡന്‍റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന്‍ ജോര്‍ജെ മെസിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതായി സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സാവിയുടെ വാക്കുകള്‍.
ബാഴ്‌സലോമയുമായുള്ള 21 വർഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്‌ജിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് അന്ന് കരാർ റദ്ദായത്. പിഎസ്‌ജിയിലാകട്ടെ വലിയ നേട്ടത്തിലെത്താൻ മെസിക്ക് സാധിച്ചില്ല. മെസിയും നെയ്‌മറും എംബാപ്പെയുമുണ്ടായിട്ടും ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന പാരിസ് ക്ലബിന്‍റെ സ്വപ്‌നങ്ങള്‍ ഇപ്പോഴും മാനത്താണ്. കരാര്‍ നീട്ടുന്നത് സംബന്ധിച്ച് പിഎസ്‌ജിയുമായുള്ള ചര്‍ച്ചകളില്‍ 35കാരനായ മെസി ഇതുവരെ തിരുമാനമൊന്നും എടുത്തിട്ടില്ല.
മെസിക്കായി ക്യാംപ്‌നൗവിന്‍റെ വാതിലുകൾ എന്നും തുറന്നിട്ടിരിക്കുന്നു; ആരാധകരുടെ പ്രതീക്ഷ കൂട്ടി സാവി