യഥാർത്ഥ സിംഹങ്ങൾ മരിക്കുന്നില്ല; കുലിബാലിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍
2002ന് ശേഷം ഇതാദ്യമായാണ് സെനഗൽ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്നത്. അന്ന് ടൂർണമെന്‍റിലെ ആദ്യമത്സരത്തിൽ ഫ്രാൻസിനെ ഞെട്ടിച്ച ഗോളടിച്ച പാപ ബൂബ ദിയോപ് ധരിച്ച ജഴ്സിയുടെ നമ്പർ 19.
ദോഹ: നെതർലൻഡ്സും സെനഗലും പ്രീക്വാർട്ടറിലെത്തി. മൂന്നാമത്തെ മത്സരത്തിലും ഗാക്പോ ടീമിന് വേണ്ടി ഗോളടിച്ചു. മൂന്നാമത്തെ മത്സരത്തിലും നിർണായകമായ പാസും നീക്കങ്ങളുമായി ഡേവി ക്ലാസൻ ടീമിന്‍റെ നെടുംതൂണായി. 26-ാം മിനിറ്റിൽ ഗാക്പോയുടെ ഗോളിന് വഴിയൊരുക്കിയത് ക്ലാസൻ. രണ്ടാമത്തെ ഗോളിനും വഴി തുറന്നത് ക്ലാസന്റെ2 പാസ്. പന്ത് സ്വീകരിച്ച ഡീപേയുടെ ഷോട്ട് ഖത്തർ ഗോളി തട്ടിയകറ്റി. റീബൗണ്ടിന് അവസരം കിട്ടിയ ഡിയോങ് അത് വലിയ മെനക്കേടില്ലാതെ തന്നെ ഗോളുമാക്കി. ആദ്യപകുതിയിൽ മാത്രം ഗോൾപോസ്റ്റിലേക്ക് പത്തിലധികം ഷോട്ട് പായിച്ച നെതർലൻഡ്സിന് തുടക്കം മുതൽ തന്നെ ആധിപത്യമുണ്ടായിരുന്നു. നല്ല ആതിഥേയരായി പേരു കേട്ടെങ്കിലും മൈതാനത്ത് ഒരു ജയം പോലും സ്വന്തമാക്കാതെ ഖത്തർ പുറത്തേക്ക്.
അവസാന പതിനാറിലെത്താൻ സമനില മതിയായിരുന്ന ഇക്വഡോറിനെ 2-1ന് തോൽപിച്ചാണ് ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി സെനഗൽ പ്രീക്വാർട്ടറിലെത്തിയത്. ഇസ്മയില സർ തെറ്റില്ലാതെ ഉറപ്പിച്ചടിച്ച പെനാൽറ്റിയിലൂടെ മുന്നിലെത്തിയ സെനഗലിന്‍റെ ഒപ്പെത്തി അറുപത്തിയേഴാം മിനിറ്റിൽ ഇക്വഡോർ. ഗോളടിച്ചത് കസെയ്ഡോ. മൂന്നേ മൂന്ന് മിനിറ്റ്. നായകൻ കാലിഡു കുലിബാലി സെനഗലിനെ മുന്നിലെത്തിച്ചു. 2002ന് ശേഷം ആദ്യമായി പ്രീക്വാർട്ടറിലും. എതിരാളികളായി എത്തുന്നത് ഇംഗ്ലണ്ട്.
ഇറാന് എതിരെ ആദ്യത്തെ മത്സരത്തിൽ 6-2ന്‍റെ ഉഗ്രൻ വിജയം. പിന്നെ സമനിലയിൽ പിടിച്ച് അമേരിക്ക നൽകിയ ഞെട്ടൽ. എന്തായാലും പാഠമുൾക്കൊണ്ടാണ് ഇംഗ്ലണ്ട് മൂന്നാംമത്സരത്തിന് ഇറങ്ങിയത്. വെയ്ൽസിന് എതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെു ഉഗ്രൻ ജയം. മാർക്കസ് റാഷ്ഫോഡ് വക ഇരട്ടഗോൾ.മൂന്നാം ഗോളിന്‍റെ ക്രെഡിറ്റ് ഫോഡന്. മൂന്ന് ഗോളും രണ്ടാംപകുതിയിൽ. ആദ്യത്തെ രണ്ട് ഗോളിനുമിടയിൽ കഷ്ടി രണ്ട് മിനിറ്റ് വ്യത്യാസം.
പ്രീ ക്വാർട്ടറിൽ പേരും പെരുമയും പരിചയവും കൂടുതലുള്ള നെതർലൻഡ്സിനെ നേരിടാനുള്ള അവസരം അമേരിക്ക നേടിയത് ഇറാനെ തോൽപിച്ച്. എതിരില്ലാത്ത ഒരു ഗോളിന്. മുപ്പത്തിയെട്ടാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച്. തിരിച്ചടിക്കാൻ വെമ്പിയ ഇറാനെ അമേരിക്ക ഉരുക്കിനെക്കാളും ബലമുള്ള പ്രതിരോധക്കോട്ട കെട്ടി പൂട്ടി. പിന്നെയും അമേരിക്ക ആക്രമിച്ച് കളിച്ചെങ്കിലും ഇറാൻ ഗോളി അലിരെസ ബെയ്റാൻവാൻഡിന്റെട ചില നല്ല സേവുകൾ അത് വെറുതെയാക്കി.
വിമർശനങ്ങളുടെ ക്ഷീണം മാറ്റി, ഫോം തിരിച്ചുപിടിച്ച് ഉഷാറായി ഇരട്ടഗോളടിച്ച റാഷ്ഫർഡ്, കളിച്ച മൂന്ന് മത്സരത്തിലും ടീമിന്‍റെ ആദ്യഗോളടിച്ച ഗാക്പോ, ടീമിന്‍റെ രണ്ട് ഗോളിനും വഴിയൊരുക്കിയ ക്ലാസൻ, മൈതാനം നിറഞ്ഞു കളിച്ച ടൈലർ ആഡംസ്, ടീമിനെ വിജയിപ്പിച്ച ഗോളുകളടിച്ച കുലിബാലി, പുലിസിച്ച്, ആരാകണം ഇന്നത്തെ താരം?
2002ന് ശേഷം ഇതാദ്യമായാണ് സെനഗൽ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്നത്. അന്ന് ടൂർണമെന്‍റിലെ ആദ്യമത്സരത്തിൽ ഫ്രാൻസിനെ ഞെട്ടിച്ച ഗോളടിച്ച പാപ ബൂബ ദിയോപ് ധരിച്ച ജഴ്സിയുടെ നമ്പർ 19 . ഇന്ന് , 20 വർഷത്തിനിപ്പുറം ടീമിനെ പ്രീക്വാർട്ടറിലേക്ക് നയിച്ച വിജയഗോളടിച്ച നായകൻ കുലിബാലി കളിക്കാനിറങ്ങിയത് തന്‍റെ ക്യാപറ്റ്ൻ ആംബാൻഡിനൊപ്പം 19 എന്ന നമ്പർ എഴുതിച്ചേർത്തിട്ടാണ്. കളിയിലെ കേമൻ എന്ന നിലക്ക് കിട്ടിയ പുരസ്കാരം പാപ ബൂബ ദിയോപിന്‍റെ കുടുംബത്തിനെന്നും കുലിബാലി പ്രഖ്യാപിച്ചു.
യഥാർത്ഥ സിംഹങ്ങൾ മരിക്കുന്നില്ലെന്ന ബാനറുയർത്തി ടീമും രണ്ടാം ചരമവാർഷികദിനത്തിൽ ദിയൂപിനെ അനുസ്മരിച്ചു. മുമ്പേ നടന്നവരെ ഓർത്ത തലപ്പൊക്കമുള്ള സാദിയോ മാനെ ഇല്ലാത്ത കേടറിയാക്കാതെ ടീമിനെ ഒത്തിണക്കത്തോടെ നയിച്ച കുലിബാലിക്കാണ് ഇന്നത്തെ കുതിരപ്പവൻ.