ബാരെറ്റോക്കും ചെഞ്ചോക്കും പിന്നാലെ രണ്ട് താരങ്ങള്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു
വരും സീസണിലും ഗില്‍ തന്നെയാകും ബ്ലാസ്റ്റേഴ്സിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍.28 കാരനായ ആൽബിനോ 2020ൽ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
കൊച്ചി: ഐഎസ്എല്‍(ISL) അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്(Kerala Blasters) പുതിയമുഖമായിരിക്കുമെന്ന സൂചന നല്‍കി രണ്ട് താരങ്ങള്‍ കൂടി ടീം വിട്ടു. ചെഞ്ചോയുമായുള്ള കരാര്‍ പൂര്‍ത്തിയായി താരം ക്ലബ്ബ് വിട്ടതിന് പിന്നാലെ ഇന്ന് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസും(Albino Gomes) സെതിയാന്‍ സിങ്ങുമാണ്(Seityasen Singh) ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായം അഴിച്ചത്.
കരാര്‍ അവസാനിച്ചതോടെയാണ് ഇരുവരുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. ബ്ലാസ്റ്റേഴ്സിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്നു ആല്‍ബിനോ. എന്നാല്‍ കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ പരിക്കേറ്റതോടെ പ്രഭ്ശുമാന്‍ ഗില്ലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വല കാത്തത്. ഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പിച്ചതോടെ ഗോമസിന് തിരിച്ചുവരവിനുള്ള വഴിയടഞ്ഞു.
വരും സീസണിലും ഗില്‍ തന്നെയാകും ബ്ലാസ്റ്റേഴ്സിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍.28 കാരനായ ആൽബിനോ 2020ൽ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കർ, മുംബൈ സിറ്റി ഐസ്വാൾ എഫ്‌സി എന്നിവർക്കായും കളിച്ചിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിനായി 26 മത്സരങ്ങളില്‍ കളിച്ച ആല്‍ബിനോക്ക് ആറ് ക്ലീന്‍ ഷീറ്റുകളുണ്ട്. കഴിഞ്ഞ സീസമില്‍ നാലു മത്സരങ്ങളില്‍ മാത്രമാണ് ആല്‍ബിനോ ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. ഇതില്‍ രണ്ട് ക്ലീന്‍ ഷീറ്റുകളും ആല്‍ബിനോ നേടി.
വാസ്ക്വസിനും ബാരെറ്റോക്കും പിന്നാല ഭൂട്ടാനീസ് റൊണാള്‍ഡോ ചെഞ്ചോയും ബ്ലാസ്റ്റേഴ്സ് വിട്ടു
ഡല്‍ഹി ഡൈനാമോസ് വിങ്ങറായിരുന്ന സെത്യാസെന്‍ സിങ് 2018ലാണ് ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങിയത്. നോര്‍ത്ത് ഈസ്റ്റിനുവേണ്ടിയും ഐഎസ്എല്ലില്‍ കളിച്ചിട്ടുള്ള സെത്യാസെന്‍ സിങ് ഇന്ത്യന്‍ ടീമിലും കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനായി 27 മത്സരങ്ങളില്‍ കളിച്ച സെത്യാസെന്‍ സിങ് ഒരു ഗോളടിക്കുകയും മൂന്ന് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമെ സെത്യാസെന്‍ സിങ് ബ്ലാസ്റ്റേഴ്സിനായി കളിച്ചുള്ളു.