സൗദി പ്രൊ ലീഗ് രണ്ടും കല്‍പ്പിച്ചുതന്നെ, ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ നീക്കം; യുവേഫ തീരുമാനം നിര്‍ണായകം

ചാമ്പ്യന്‍സ് ലീഗിന്‍റെ നിലവിലെ ഫോര്‍മാറ്റ് പൊളിച്ചെഴുതണമെന്നും ആകെ 36 ടീമുകളെ പങ്കെടുപ്പിച്ച് ലീഗ് നടത്തണമെന്നും പ്രൊ ലീഗ് അധികൃതര്‍ യുവേഫയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Saudi Pro League request UEFA for Champions League entry gkc

റിയാദ്: ലോക ഫുട്ബോളിലെ സൂപ്പര്‍  താരങ്ങളെ എത്തിച്ചതിന് പിന്നാലെ മറ്റൊരു നിര്‍ണായക നീക്കവുമായി സൗദി പ്രൊ ലീഗ്. യൂറോപ്യന്‍ ക്ലബ്ബുകള്‍ മാത്രം മത്സരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രോ ലീഗ് ജേതാക്കള്‍ക്കും കളിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി യുവേഫയെ സമീപിച്ചിരിക്കുകയാണ് സൗദി പ്രൊ ലീഗ് അധികൃതര്‍. 2024-2025 സീസണ്‍ മുതല്‍ സൗദി പ്രൊ ലീഗ് ജേതാക്കള്‍ക്കും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നല്‍കണമെന്നാണ് സൗദി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമമായ കൊറൈറെ ഡെല്ലെ സ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

ചാമ്പ്യന്‍സ് ലീഗിന്‍റെ നിലവിലെ രീതി പൊളിച്ചെഴുതണമെന്നും ആകെ 36 ടീമുകളെ പങ്കെടുപ്പിച്ച് ലീഗ് നടത്തണമെന്നും പ്രൊ ലീഗ് അധികൃതര്‍ യുവേഫയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ എട്ട് മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്ന രീതിയില്‍ മത്സരങ്ങള്‍ ക്രമീകരിച്ചാല്‍ കൂടുതല്‍ മത്സരങ്ങളും ഇതുവഴി കൂടുതല്‍ വരുമാനവും ഉറപ്പുവരുത്താനാവുമെന്നും പ്രൊ ലീഗ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സൂപ്പര്‍ താരങ്ങളുടെ ഒഴുക്ക് നിലക്കുന്നില്ല, നെയ്മര്‍ക്ക് പിന്നാലെ മുഹമ്മദ് സലായും സൗദി പ്രൊ ലീഗിലേക്ക്

പ്രൊ ലീഗ് അധികൃതരുടെ അപേക്ഷ യുവേഫ അംഗീകരിച്ചാല്‍ ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊമാള്‍ഡോ, കരീം ബെന്‍സേമ, നെയ്മര്‍ എന്നിവര്‍ക്ക് വീണ്ടും യൂറോപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കും. അതിനു പുറമെ സൗദി പ്രൊ ലീഗിന് ലോക ഫുട്ബോള്‍ ഭൂപടത്തില്‍ മേല്‍വിലാസമുണ്ടാക്കാനും ഇതുവഴി കഴിയുമെന്നാണ് ലീഗ് അധികൃതരുടെ വിലയിരുത്തല്‍.

യൂറോപ്യൻ ക്ലബുകൾക്ക് ഭീഷണിയാവുന്ന തരത്തിലാണ് സമീപകാലത്ത് സൗദി പ്രോ ലീഗിന്‍റെ വളര്‍ച്ച. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ പി എസ് ജിയില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയതോടെ പണക്കരുത്തിന്‍റെ കാര്യത്തില്‍ സൗദി പ്രൊ ലീഗ് സ്പാനിഷ് ലീഗായ ലാ ലിഗയെ മറികടന്നിരുന്നു. ജനുവരിയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെത്തിയതിന് പിന്നാലെ ലോക ഫുട്ബോളിലെ പ്രധാന താരങ്ങൾ സൗദി ലീഗിലേക്ക് ചേക്കേറുന്നത് തുടരുകയാണ്. ഇതില്‍ ഏറ്റവുമൊടുവിലത്തേത് ആയിരുന്നു നെയ്മർ. എന്നാല്‍ റൊണാള്‍ഡൊ ഒരു തുടക്കമായിരുന്നെങ്കില്‍ നെയ്മർ ഈ നിരയിലെ അവസാന താരമാവില്ലെന്ന് ഉറപ്പാണ്.

നെയ്മറില്‍ ഒതുങ്ങില്ല! പണക്കരുത്തില്‍ ലാ ലിഗയെ വെട്ടി സൗദി ലീഗ്, മുന്നില്‍ യൂറോപ്യന്‍ വമ്പന്മാര്‍ മാത്രം

നെയ്മര്‍ക്ക് മുമ്പെ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് നിലവിലെ ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസേമയും, എൻഗോളെ കാന്‍റെയും റോബ‍ർട്ടോ ഫിർമിനോയും, സാദിയോ മാനേയും ഹകിം സിയെച്ചും റിയാദ് മെഹറസും,കാലിദോ കൂലിബാലിയും ജോർദാൻ ഹെൻഡേഴ്സണുമെല്ലാം സൗദി ക്ലബുകളിൽ എത്തിയിരുന്നു.അഞ്ചുവർഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നാവുകയെന്ന ലക്ഷ്യത്തോടെ സൗദി ഭരണകൂടം കൈയയച്ച് സഹായിച്ചതോടെയാണ് ക്ലബുകൾ അനായാസം വമ്പൻ താരങ്ങളെ സ്വന്തമാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios