ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കി പാഞ്ഞു, ടാലിസ്കയ്ക്ക് ഇരട്ട ഗോള്‍; ഗോള്‍മഴ പെയ്യിച്ച് അൽ നസ്ർ, ജയം

16 റൗണ്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ 37 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് അൽ നസ്ര്‍

Saudi Pro League Al Nassr vs Al Riyadh 4 1 Highlights watch Cristiano Ronaldo goal and assist

റിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന് ജയം. ഒന്നിനെതിരെ നാല് ഗോളിന് അൽ റിയാദിനെ തോൽപ്പിച്ചു. 31-ാം മിനിറ്റിൽ റൊണാൾഡോയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു അസിസ്റ്റും മത്സരത്തില്‍ സിആർ7 സ്വന്തമാക്കി. ടാലിസ്ക ഇരട്ട ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ഒക്ടോവിയോയുടെ വകയായിരുന്നു. 16 റൗണ്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ 37 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് അൽ നസ്ര്‍. 44 പോയിന്‍റുള്ള അൽ ഹിലാലാണ് സൗദി പ്രോ ലീഗിൽ ഒന്നാമത്.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നവംബര്‍ മാസത്തെ മികച്ച താരമായി മാഞ്ചസ്റ്റര്‍ യുണൈറ്റ‍ിന്‍റെ ഹാരി മഗ്വെയര്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസത്തെ മൂന്ന് മത്സരങ്ങൾ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ പ്രകടനമാണ് യുണൈറ്റ‍ഡ് ‍ഡിഫൻഡറെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മോശം പ്രകടനങ്ങളുടെ പേരിൽ ക്യാപ്റ്റൻ സ്ഥാനവും പ്ലെയിംഗ് ഇലവനിലെ സ്ഥാനവും നഷ്ടമായ മഗ്വെയറുടെ ശക്തമായ തിരിച്ചുവരാണ് അടുത്തിടെ കണ്ടത്. മുഖ്യതാരങ്ങളുടെ പരിക്കിനിടെ മഗ്വെയറുടെ മിന്നും ഫോം യുണൈറ്റഡിനും തുണയായി.

സ്പാനിഷ് ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. എവേ മത്സരത്തിൽ റിയൽ ബെറ്റിസാണ് എതിരാളികൾ. രാത്രി 8.45നാണ് മത്സരം തുടങ്ങുക. 15 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി റയലാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമത്. 25 പോയിന്റുള്ള റിയൽ ബെറ്റിസ് ഏഴാം സ്ഥാനത്താണ്. നാളെയാണ് ബാഴ്സലോണ-ജിറോണ മത്സരം. അതേസമയം ജര്‍മ്മൻ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബയേണ്‍ മ്യൂനിക്ക് ഇന്നിറങ്ങും. രാത്രി എട്ടിന് നടക്കുന്ന ഐൻട്രാക്ട് ഫ്രാങ്ക്‍ഫര്‍ട്ടാണ് എതിരാളി. ഐൻട്രാക്ടിന്റെ മൈതാനത്താണ് മത്സരം. 12 മത്സരങ്ങളിൽ 32 പോയിന്റുമായി നിലവിൽ രണ്ടാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍. 13 കളിയിൽ നിന്ന് 35 പോയിന്റുള്ള ലെവര്‍ക്യൂസനാണ് ഒന്നാമത്. 

Read more: വനിത പ്രീമിയര്‍ ലീഗ് താരലേലം ഇന്ന്; പ്രതീക്ഷയോടെ നാല് മലയാളികള്‍, തല്‍സമയം കാണാനുള്ള വഴികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios