മെസിയെ തുറന്ന് വിട്ട് അര്‍ജന്‍റീനയെ പൂട്ടി; മൂന്നേ മൂന്ന് സൂത്രങ്ങള്‍, ഫ്രഞ്ച് 'തല' അപാരമെന്ന് ആരാധകര്‍

മെസിപ്പടയെ വീഴ്ത്താനായി തന്‍റെ സംഘത്തിന് കൃത്യമായ പാഠങ്ങള്‍ നല്‍കിയാണ് ഹെര്‍വെ റെനാര്‍ഡ് കളത്തിലിറക്കിയത്. അര്‍ജന്‍റീനയുടെ താരക്കൂമ്പാര സമവാക്യങ്ങളെ സൗദി പ്രായോഗികമായി നേരിട്ടത് മൂന്ന് സൂത്രം കൊണ്ടാണ്.

saudi coach herve Renard tactics against argentina

ദോഹ: ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് അര്‍ജന്‍റീന അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടി. പക്ഷേ, അതില്‍ ഒട്ടും അമ്പരപ്പ് ഉണ്ടാവാതിരുന്നത് ഒരാള്‍ക്ക് മാത്രമാണ്, ഹെര്‍വെ റെനാര്‍ഡ് എന്ന ഫ്രഞ്ചുകാരന്. അത് മറ്റാരുമല്ല, കൂട്ടിയും കിഴിച്ചും സൗദിക്കായി തന്ത്രങ്ങള്‍ മെനഞ്ഞ അവരുടെ പരിശീലകന്‍ തന്നെ. 

ഹെര്‍വെ റെനാര്‍ഡിന്‍റെ തന്ത്രങ്ങളാണ് സൗദി അറേബ്യക്ക് ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ അട്ടിമറി വിജയങ്ങളിൽ ഒന്ന് സമ്മാനിച്ചത്. മെസിപ്പടയെ വീഴ്ത്താനായി തന്‍റെ സംഘത്തിന് കൃത്യമായ പാഠങ്ങള്‍ നല്‍കിയാണ് ഹെര്‍വെ റെനാര്‍ഡ് കളത്തിലിറക്കിയത്. അര്‍ജന്‍റീനയുടെ താരക്കൂമ്പാര സമവാക്യങ്ങളെ സൗദി പ്രായോഗികമായി നേരിട്ടത് മൂന്ന് സൂത്രം കൊണ്ടാണ്.

1. മധ്യനിരയിൽ കളി മെനഞ്ഞ് സ്ട്രൈക്കറെ തേടിയെത്തുന്ന ഉന്നംപിഴയ്ക്കാത്ത പാസുകളാണ് അർജന്‍റൈന്‍
ആക്രമണത്തിന്റെ കാതൽ. ഇതിന് തടയിടാന്‍ ഹെര്‍വെ റൊനാര്‍ഡ് കണ്ടെത്തിയ വഴി കൗതുകകരവും ഹൈ റിസ്ക്ക് ഉള്ളതുമാണ്. മെസിക്കും മരിയക്കും മാർട്ടിനസിനും ഗോൾമുഖത്ത് ആവശ്യത്തിന് സ്വാതന്ത്ര്യം നൽകുന്ന തരത്തില്‍ പ്രതിരോധത്തെ ഡിസൈന്‍ ചെയ്തു. 

2. മധ്യനിരയിൽ നിന്ന് പന്ത് വരുന്ന വഴി പണിപ്പെട്ടായാലും കെട്ടിയടച്ചു. 

3. ഒപ്പം ഓഫ്സൈഡ് കെണിയിട്ട് പൂട്ട് മുറുക്കി. ഈ കെണിയിൽ മെസിയുടേത് ഉള്‍പ്പെടെ അര്‍ജന്‍റീനയ്ക്ക് നഷ്ടമായത് മൂന്ന് ഗോളുകളാണ്. 

സ്വന്തം കാലിൽ പന്തു കിട്ടിയപ്പോഴാകാട്ടെ സൗദി താരങ്ങൾ ഒരു നിമിഷം പോലും പാഴാക്കാതെ എതിർ ഗോമുഖത്തേക്ക് കുതിച്ചു. ഇതു അർജന്‍റൈന്‍ പ്രതിരോധക്കോട്ടയിൽ വിള്ളലുകളുണ്ടാക്കി. സൗദി ആവനാഴിയിൽ ഊതിക്കാച്ചിയ ആയുധങ്ങളുടെ മൂർച്ച ഇത്രയുണ്ടാവുമെന്ന് അർജന്‍റീന സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഇതാവട്ടെ അവരുടെ കഥ കഴിക്കുകയും ചെയ്തു.

അര്‍ജന്‍റീനയ്ക്ക് എട്ടിന്‍റെ പണി കൊടുത്ത ഹെര്‍വെ റെനാര്‍ഡ് നിസാരക്കാരനല്ല. 2012ൽ സാംബിയക്കും 2015ൽ ഐവറി കോസ്റ്റിനും ആഫ്രിക്ക നേഷൻസ് കപ്പ് നേടിക്കൊടുത്ത സൂത്രധാരൻ കൂടിയാണ്. ഖത്തറിലെത്തിയത് ഉല്ലാസ യാത്രക്കല്ലെന്നും സൗദി ആരാധകരുടെ അഭിമാന ബോധം ഉള്‍ക്കൊണ്ട് കളിക്കാനാണെന്ന് നേരത്തെ പ്രഖ്യാപിച്ച കോച്ചിന്‍റെ മനസ്സിലിരിപ്പ് ആര്‍ക്കും പിടികിട്ടിയില്ല എന്നതാണ് സത്യം. 

ഐതിഹാസിക വിജയത്തിന് പിന്നാലെ കണ്ണീരോടെ സൗദി ആരാധകര്‍; അല്‍ സഹ്‍റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ

Latest Videos
Follow Us:
Download App:
  • android
  • ios