സന്തോഷ് ട്രോഫി: ഇഞ്ചുറി ടൈം ഗോളില്‍ കേരളം വീണു, ബംഗാളിന് 33-ാം കിരീടം
ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജു എടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ കേരളം തലകുനിച്ചു.
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തെ വീഴ്ത്തി ബംഗാളിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്‍റെ കിരീടനേട്ടം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്‍റെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജു എടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ പുതുവര്‍ഷത്തില്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ സന്തോഷത്തില്‍ ആറാടിക്കാനുള്ള അവസരം കേരളം നഷ്ടമാക്കി.
ആദ്യപകുതിയിലും രണ്ടാം പകുതിയില്‍ ആക്രമണത്തില്‍ മുന്നിട്ടു നിന്ന കേരളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. കേരളം ആക്രമിച്ചു കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനായിരുന്നു ബംഗാളിന്‍റെ ശ്രമം. ആദ്യമിനിറ്റുകളില്‍ ആക്രമണം തുടങ്ങിവെച്ചത് ബംഗാളായിരുന്നു. തുടര്‍ച്ചയായി രണ്ട് ഫ്രീ കിക്കുകള്‍ ലഭിച്ചെങ്കിലും ഗോളവസരമൊന്നും സൃഷ്ടിക്കാന്‍ ബംഗാളിനായില്ല. പിന്നീട് കൗണ്ടര്‍ അറ്റാക്കിലൂടെ പലതവണ ബംഗാള്‍ കേരളത്തിന്‍റെ ഗോള്‍മുഖത്തെത്തിയെങ്കിലും കേരള ഗോള്‍ കീപ്പര്‍ എസ് ഹജ്മലിന്‍റെ മികവില്‍ അതൊക്കെ കേരളം അതിജീവിച്ചു.
ഒടുവില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കേരള ബോക്സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്‍കിയ പന്ത് കാലിലൊതുക്കി ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ പോയന്‍റ് ബ്ലാങ്കില്‍ നിന്ന് ഒമ്പതാം നമ്പര്‍ താരം റോബി ഹാന്‍സ്‍ഡ ബംഗാളിന്‍റെ വിജയഗോള്‍ നേടി. ഇതോടെ 12 ഗോളുകളുമായി റോബി ഹാന്‍സ്‌ഡ ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി.
2022ല്‍ മഞ്ചേരിയില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ചാമ്പ്യൻമാരായ കേരളത്തോടുള്ള മധുരപ്രതികാരം കൂടിയായി ബംഗാളിന്‍റെ വിജയം. സന്തോഷ് ട്രോഫിയില്‍ 47-ാം ഫൈനല്‍ കളിച്ച ബംഗാളിന്‍റെ 33-ാം കിരീട നേട്ടമാണിത്. പതിനാറാം ഫൈനൽ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ കാലിടറി വീഴുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക